ഗോവയിൽ തൂക്കൂസഭ പ്രവചിച്ച് ടൈംസ് നൗ സർവ്വേ; ആം ആദ്മി അക്കൗണ്ട് തുറക്കും
ദില്ലി; ഗോവയിൽ 2017 ആവർത്തിക്കുമെന്ന് ടൈംസ് നൗ സർവ്വേ. ബി ജെ പിക്ക് 16 സീറ്റും കോൺഗ്രസിന് 17 സീറ്റുമാണ് സർവ്വേ പ്രവചിക്കുന്നത്. അതേസമയം ആം ആദ്മി അക്കൗണ്ട് തുറക്കുമെന്നും സർവ്വേ പറയുന്നു. രണ്ട് സീറ്റുകളാണ് പ്രവചിക്കുന്നത്. മറ്റ് പാർട്ടികൾക്ക് 5 സീറ്റ് വരെ സാധ്യത പറയുന്നു.
ഗോവയിൽ ആകെ 40 സീറ്റുകളാണുള്ളത്. വടക്കൻ ഗോവയിൽ 23 സീറ്റുകളും പടിഞ്ഞാറൻ ഗോവയിൽ 17 സീറ്റുകൾ. 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 40 അംഗ നിയമസഭയിൽ 17 സീറ്റുകൾ നേടിയിട്ടും കോൺഗ്രസിന് അധികാരം നേടാൻ സാധിച്ചിരുന്നില്ല. ബി ജെ പിക്ക് അന്ന് ലഭിച്ചത് 13 സീറ്റുകളായിരുന്നു. എന്നാൽ പ്രാദേശിക കക്ഷികളായ ഗോവ ഫോർവേഡ് പാർട്ടിയുമായും മഹാരാഷ്ട്രവാദി ഗോമന്ത് പാർട്ടിയുമായും ബി ജെ പി സഖ്യത്തിലെത്തുകയും കോൺഗ്രസിനെ അധികാരത്തിലേറുന്നത് തടയുകയും ചെയ്തു. ഇത്തവണയും പ്രാദേശിക പാർട്ടികളുടെ നിലപാട് നിർണായകമാകും.

ഇക്കുറി ഗോവ ഫോർവേഡ് പാർട്ടിയും മഹാരാഷ്ട്രവാദി ഗോമന്ത് പാർട്ടിയും ബി ജെ പിയുമായി സഖ്യത്തിൽ അല്ല മത്സരിച്ചത്. എം ജി പി തൃണമൂൽ കോൺഗ്രസിനൊപ്പം ജി എഫ് പി കോൺഗ്രസിനൊപ്പവും സഖ്യത്തിലായിരുന്നു മത്സരം. അതേസമയം തൂക്കു സഭ സാധ്യത മുന്നിൽ കണ്ട് ഇതിനോടകം തന്നെ പാർട്ടികൾ സഖ്യസാധ്യത തേടുന്നുണ്ട്. തൃണമൂൽ സഖ്യത്തിൽ നിന്നും എം ജി പിയെ മറുകണ്ടം ചാടിക്കാനുള്ള സാധ്യതകളാണ് ബി ജെ പി തേടുന്നത്. തിരഞ്ഞെടുപ്പിന് മുൻപ് ആരുമായും സഖ്യമില്ലെന്ന് പ്രഖ്യാപിച്ച കോൺഗ്രസും ഇപ്പോൾ നിലപാട് മാറ്റിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം ആം ആദ്മി പാർട്ടിയുമായും തൃണമൂൽ കോൺഗ്രസുമായും സഖ്യത്തിന് തയ്യാറാണെന്നാണ് ഇന്ന് പാർട്ടിയുടെ സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാവ് ദിനേഷ് ഗുണ്ടു റാവു പറഞ്ഞത്.
അതേസമയം ഇരു പാർട്ടികളും എന്ത് നിലപാട് എടുക്കുമെന്ന് കാത്തിരുന്ന് കാണേണ്ടി വരും. ബി ജെ പിയെ പുറത്താക്കാൻ പ്രതിപക്ഷ കക്ഷികൾ ഒന്നിക്കണമെന്ന വികാരം കോൺഗ്രസിനുള്ളിൽ തന്നെ ശക്തമാണ്. മാന്ത്രിക സംഖ്യ തൊടാനായില്ലേങ്കിൽ 2017 ആവർത്തിക്കാതിരിക്കുമെന്നും വളരെ പെട്ടെന്ന് തന്നെ സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങൾ ആരംഭിക്കുമെന്നുമാണ് കോൺ്രസ് നേതൃത്വം വ്യക്തമാക്കിയത്. മാർച്ച് 10 നാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്.












Click it and Unblock the Notifications