ഗോവയില്‍ തൂക്കുമന്ത്രിസഭയെന്ന് സീ ന്യൂസ്- ഡിസൈന്‍ ബോക്‌സ്ഡ് സര്‍വേ; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും
പനാജി: ജന്‍ കി ബാത് സര്‍വേയില്‍ ഗോവയില്‍ തൂക്കു മന്ത്രിസഭയെന്ന് പ്രവചനം. ബി ജെ പി 13-19 സീറ്റും കോണ്‍ഗ്രസ് 14-19 സീറ്റും നേടുമെന്നാണ് പ്രവചനം. ആം ആദ്മി പാര്‍ട്ടിയ്ക്ക് 3-5 വരെ സീറ്റ് ലഭിക്കും. എം ജി പി ( മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി) 1-2 സീറ്റ് വരെ നേടും. സീ ന്യൂസ്- ഡിസൈന്‍ ബോക്‌സ്ഡ് സര്‍വേ ഫലവും ഗോവയില്‍ തൂക്കുമന്ത്രിസഭ പ്രവചിക്കുന്നു. 33 ശതമാനം വോട്ട് വിഹിതവുമായി കോണ്‍ഗ്രസ് സഖ്യം ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും 31 ശതമാനം വോട്ട് വിഹിതവുമായി ബി ജെ പി രണ്ടാമതായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു.
കോണ്‍ഗ്രസ് സഖ്യം 14-19 സീറ്റ് നേടും. ബി ജെ പി 13-18, എം ജി പി സഖ്യം 2-5, എ എ പി 1-3, മറ്റുള്ളവര്‍ 1-3 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സീറ്റ് നില. ഇന്ത്യ ടുഡെ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രകാരം ഗോവയില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് പറയുന്നത്. കോണ്‍ഗ്രസും ഗോവ ഫോര്‍വേഡ് പാര്‍ട്ടിയും സഖ്യം ചേര്‍ന്നാണ് ഗോവയില്‍ മല്‍സരിച്ചത്. ഇവര്‍ക്ക് 15-20 സീറ്റുകള്‍ ലഭിക്കുമെന്ന് ഫലം പറയുന്നു. തനിച്ച് മല്‍സരിച്ച ബി ജെ പിക്ക് 14 മുതല്‍ 18 സീറ്റ് വരെ കിട്ടുമെന്നാണ് പ്രവചനം.

തൃണമൂല്‍ കോണ്‍ഗ്രസ്-മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി സഖ്യത്തിന് 2-5 സീറ്റുകള്‍ കിട്ടിയേക്കും. അങ്ങനെയെങ്കില്‍ ഇവര്‍ ഗോവയില്‍ നിര്‍ണായക ശക്തിയാകും. ഇവരുടെ പിന്തുണ ലഭിക്കുന്നവര്‍ക്ക് ഭരണം കിട്ടുന്ന തരത്തിലേക്ക് സാഹചര്യം മാറും. 2017ല്‍ ഏറ്റവും വലിയ ഒറ്റ കക്ഷി കോണ്‍ഗ്രസായിരുന്നു. പക്ഷേ, പ്രാദേശിക പാര്‍ട്ടികളെയും സ്വതന്ത്രരെയും ചേര്‍ത്ത് ബി ജെ പി ഭരണം പിടിക്കുകയായിരുന്നു.
സമാന സാഹചര്യമായിരിക്കും ഇത്തവണയും ഉണ്ടാകുക. 40 സീറ്റുകളാണ് ഗോവ നിയമസഭയിലുള്ളത്. 21 സീറ്റ് നേടുന്ന കക്ഷിക്ക് കേവല ഭൂരിപക്ഷത്തോടെ ഭരിക്കാന്‍ സാധിക്കും. ഒരു കക്ഷിക്കും കേവല ഭൂരിപക്ഷമില്ലെങ്കില്‍ സഖ്യ ഭരണം വരും. കോണ്‍ഗ്രസ് 37 സീറ്റിലും ഗോവ ഫോര്‍വേഡ് പാര്‍ട്ടി മൂന്ന് സീറ്റിലുമാണ് മല്‍സരിച്ചത്. ബിജെപി എല്ലാ സീറ്റിലും മല്‍സരിച്ചു.












Click it and Unblock the Notifications