ജയില്‍ ചാടിയ തടവുകാരനെ വധിച്ചു; ശ്രമം ജീവനക്കാരെ ആക്രമിച്ച് രക്ഷപ്പെടാന്‍!!!
പനജി: ജയില്‍ ചാടാന്‍ ശ്രമിച്ച തടവുകാരന്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്ക് പരിക്കേറ്റു. രണ്ട് സുരക്ഷാ ജീവനക്കാര്‍ക്കും ഒമ്പത് തടവുകാര്‍ക്കുമാണ് പരിക്കേറ്റത്. ജയില്‍ ഉദ്യോഗസ്ഥരെ ബന്ധികളാക്കിയ ശേഷം 49ഓളം തടവുകാര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഗോവയിലെ സദ സബ്ജയിലിലായിരുന്നു സംഭവമെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
ഗുണ്ടാത്തലവനായ വിനായക് കോര്‍ബാട്കറാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ജയിലിലെ സുരക്ഷാ ജീവനക്കാരനെ അക്രമിച്ച് കടന്നുകളയാന്‍ ശ്രമിക്കവെ കൊല്ലപ്പെടുകയായിരുന്നു. പുലര്‍ച്ചെ 1.30നായിരുന്നു സംഭവം. സമനില തെറ്റിയ തടവുകാര്‍ ജയിലിനുള്ളിലെ ലൈറ്റുകളെല്ലാം അടിച്ചു തകര്‍ത്തു. പരിക്കേറ്റ ജയില്‍ ജീവനക്കാരെയും തടവുകാരെയും ബാംബോളിമിലെ ഗോവ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ജയില്‍ മാറ്റത്തിന് മുമ്പ്
സദ സബ് ജയിലിലെ 49 തടവുകാരെ ജനുവരി 27ന് നോര്‍ത്ത് ഗോവയിലെ കോള്‍വെയ്ല്‍ സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റാനിരിക്കെയാണ് ജീവനക്കാരെ ആക്രമിച്ച് തടവുകാര്‍ ജയില്‍ ചാടാന്‍ ശ്രമിച്ചത്.

കനത്ത സുരക്ഷാ വലയത്തില്‍
ജയില്‍ ജീവനക്കാരെ ആക്രമിച്ച് തടവ് ചാടാനുള്ള കുറ്റവാളികളുടെ ശ്രമം പരാജയപ്പെടുത്തിയെങ്കിലും കുറ്റനവാളികള്‍ രക്ഷപ്പെടാതിരിക്കാന്‍ 200 ഓളം പൊലീസ് ഉദ്യോഗസ്ഥരെ ജയിലിന് ചുറ്റും വിന്യസിച്ചിട്ടുണ്ട്. ഇവരില്‍ 100 പേര്‍ കര്‍ണ്ണാടക പൊലീസിലെ ഉദ്യോഗസ്ഥരാണ്.

തടവുകാരനെ വധിച്ചു
കോള്‍വെയില്‍ സെന്‍ട്രല്‍ ജയിലില്‍ വച്ച് സഹതടവുകാരനായ അഷഫാഖ് ബെന്‍ഗറെ കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഗുണ്ടാത്തലവനായ വിനായക് കോര്‍ബാട്കറെ സബ് ജയിലിലേയ്ക്ക് മാറ്റിയത്. കഴിഞ്ഞ ജൂലൈയിലായിരുന്നു സംഭവം.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ജയില്‍ തകര്‍ത്ത് രക്ഷപ്പെടാനൊരുങ്ങിയ തടവുകാര്‍ ജയിലിലെ ഫര്‍ണിച്ചറുകളും ജയിലിലെ ഓഫീസും തകര്‍ത്തു. കൊല്ലപ്പെട്ട കോര്‍ബാട്കറിനെ കത്തികൊണ്ടേറ്റ പരിക്കുകളോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പ്രശ്‌നങ്ങളുടെ തുടക്കം
പ്രശ്‌നക്കാരനായ കോര്‍ബാട്കറെ ഗോവ ജയിലില്‍ നിന്ന് ഒറാസ് ജയിലിലേയ്ക്ക് മാറ്റുന്നതിനുള്ള നീക്കത്തോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.

പുനരുദ്ധാരണ പ്രവൃത്തികള്‍
ജയില്‍ തടവുകാരെ പാര്‍പ്പിയ്ക്കാന്‍ സുരക്ഷിതമല്ലാത്തതിനാല്‍ പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നുണ്ട്. സദ സബ്ജയിലിലെ ശേഷിക്കുന്ന തടവുകാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി നിരവധി പൊലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. പുലര്‍ച്ചെ നാലോടെ സ്ഥിതി നിയന്ത്രണ വിധേയമായതായി പൊലീസ് പറയുന്നു. പുനരുദ്ധാരണ പ്രവ്ൃത്തികള്‍ക്ക് വേണ്ടി വനിതാ തടവുകാരെ സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റിയിരുന്നു.

ജയിലുകളുടെ സുരക്ഷ
മധ്യപ്രദേശിലെ സെന്‍ട്രല്‍ ജയിലില്‍ നിന്ന് സിമി തടവുകാര്‍ ജയില്‍ ചാടിയ സംഭവവും പഞ്ചാബിലെ നഭാ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഖലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്‌സ് ഭീകരന്‍ ഹര്‍മീന്ദര്‍ സിംഗ് മിന്റു ഉള്‍പ്പെടെ അഞ്ച് പേര്‍ ജയില്‍ ചാടിയ സംഭവവും ഉണ്ടായതോടെ രാജ്യത്തെ ജയിലുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.












Click it and Unblock the Notifications