ഗോവയിലും മണിപ്പൂരിലും മാറ്റമില്ല; പ്രമോദ് സാവന്തും ബിരേന്‍ സിങും മുഖ്യമന്ത്രിമാരായി തുടരും
ന്യൂഡല്‍ഹി: ഗോവയിലും മണിപ്പൂരിലും മുഖ്യമന്ത്രിമാരെ ബിജെപി മാറ്റില്ലെന്ന് റിപ്പോര്‍ട്ട്. ഗോവ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് തുടരും. മണിപ്പൂരില്‍ എന്‍ ബിരേന്‍ സിങ് തന്നെ മുഖ്യമന്ത്രിയാകും. ഇരുനേതാക്കളും ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് തീരുമാനമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലമാണ് ഈ മാസം പത്തിന് വന്നത്. ബിജെപി ഭരിച്ചിരുന്ന നാല് സംസ്ഥാനങ്ങളിലും ബിജെപി തന്നെ അധികാരത്തിലത്തി. കോണ്‍ഗ്രസ് ഭരിച്ചിരുന്ന പഞ്ചാബില്‍ ഭരണം എഎപി പിടിച്ചു. ഗോവയില്‍ മുഖ്യമന്ത്രിയെ മാറ്റുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രമോദ് സാവന്തിനെ പ്രാദേശിക പാര്‍ട്ടികള്‍ വിമര്‍ശിക്കുന്നതാണ് ഇതിന് കാരണം. എന്നാല്‍ പ്രാദേശിക കക്ഷികളുടെ സഹായമില്ലാതെ തന്നെ ഭരണം പിടിക്കാന്‍ സാധിക്കുംവിധത്തിലാണ് സീറ്റുകള്‍ കിട്ടിയത്. ഈ സാഹചര്യത്തിലാണ് പ്രമോദ് സാവന്തിനെ മാറ്റേണ്ടെന്ന് ബിജെപി നേതൃത്വം തീരുമാനിച്ചതത്രെ. ആര്‍എസ്എസ് നേതാവ് കൂടിയാണ് പ്രമോദ് സാവന്ത്.
40 അംഗ നിയമസഭയില്‍ 20 സീറ്റ് നേടിയാണ് ഗോവയില്‍ ബിജെപി മൂന്നാം തവണയും അധികാരം പിടിച്ചിരിക്കുന്നത്. മൂന്ന് സ്വതന്ത്ര എംഎല്‍എമാരും പ്രാദേശിക പാര്‍ട്ടിയായ എംജിപിയുടെ രണ്ട് അംഗങ്ങളും ബിജെപിയെ പിന്തുണച്ചിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം സഖ്യം ചേര്‍ന്ന് തിരഞ്ഞെടുപ്പ് നേരിട്ടവരാണ് എംജിപി. ഫലം വന്നപ്പോള്‍ അവര്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. എംജിപിയുടെ പിന്തുണ സ്വീകരിക്കരുതെന്ന് ഒരു വിഭാഗം ബിജെപി നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്. പ്രമോദ് സാവന്തിന് പകരം ബിജെപി എംഎല്‍എ വിശ്വജിത് റാണെ മുഖ്യമന്ത്രിയാകുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. അദ്ദേഹം ഗവര്‍ണറെ കണ്ടതോടെയാണ് അഭ്യൂഹം പരന്നത്.
മണിപ്പൂരില്‍ ആരുടെയും പിന്തുണയില്ലാതെ തന്നെ ബിജെപിക്ക് ഭരിക്കാന്‍ സാധിക്കും. 60 അംഗ നിയമസഭയില്‍ ബിജെപിക്ക് 32 സീറ്റുണ്ട്. ഹോളിക്ക് ശേഷമാകും ഗോവയിലും മണിപ്പൂരിലും ബിജെപി സര്‍ക്കാരുകള്‍ അധികാരമേല്‍ക്കുക എന്നാണ് വിവരം. വെള്ളിയാഴ്ചയാണ് ഹോളി. അതേസമയം, ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥ് തന്നെയാകും മുഖ്യമന്ത്രി. ഇതിനെതിരെ ബിജെപിയില്‍ ആര്‍ക്കും അഭിപ്രായമില്ലാത്തത് കാരണം മറിച്ചുള്ള ചര്‍ച്ചയില്ല. എന്നാല്‍ ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രിയാര് എന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നു എന്നാണ് വിവരം. മുഖ്യമന്ത്രി ധമി നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റതാണ് ബിജെപിക്ക് വെല്ലുവിളിയായത്. ഉത്തരാഖണ്ഡിലും വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ ബിജെപിക്ക് ആശങ്കയ്ക്ക് വകയില്ല. എന്നാല്‍, ആഭ്യന്തര കലഹമുണ്ടാകില്ലെന്ന് ഉറപ്പിക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വം ശ്രമിക്കുന്നത്.












Click it and Unblock the Notifications