കൂട്ട ബലാത്സംഗം കുസൃതി; മന്ത്രി വിവാദത്തില്‍
പനജി: കൂട്ട ബലാത്സംഗം കുട്ടികളുടെ കുസൃതിയാണെന്ന തരത്തില്‍ പരാമര്‍ശം നടത്തിയ ഗോവന്‍ ടൂറിസം മന്ത്രി ദിലീപ് പരുലേക്കര്‍ വിവാദത്തില്‍. ദില്ലിയില്‍ നിന്ന് ഗോവയിലെത്തിയ രണ്ടു പെണ്‍കുട്ടികള്‍ കൂട്ട ബലാത്സംഗത്തിനിരയായ സംഭവം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മന്ത്രി പ്രതികള്‍ നിഷ്‌കളങ്കരാണെന്ന ഭാവത്തില്‍ പ്രതികരിച്ചത്.
ഇത് ചെറിയ സംഭവമാണ്. പ്രതികള്‍ക്കെതിരെ നേരത്തെ ചെറിയ കേസുകള്‍ മാത്രമേ ചുമത്തപ്പെട്ടിട്ടുള്ളൂ. ഗോവ പോലുള്ള ടൂറിസം കേന്ദ്രത്തില്‍ ഇവയൊക്കെ സാധാരണമാണെന്നും മന്ത്രി പറഞ്ഞു. സംഭവം ഗോവയുടെ ടൂറിസത്തിന് ഏതെങ്കിലും തരത്തില്‍ ദോഷം ചെയ്യുമോ എന്ന ചോദ്യത്തിന് പെണ്‍കുട്ടികള്‍ ഗോവയില്‍ നിന്നുള്ളവരല്ല, ദില്ലിയില്‍ നിന്നുളഅളവരാണെന്നായിരുന്നു മന്ത്രിയുടെ മറുപടി.

തിങ്കളാഴ്ച രാത്രിയായിരുന്നു ദില്ലിയില്‍ നിന്നും ഗോവയിലെത്തിയ രണ്ടു പെണ്‍കുട്ടികള്‍ അന്‍ജുന ഗ്രാമത്തില്‍ വെച്ച് കൂട്ട ബലാത്സംഗത്തിനിരയായത്. നാര്‍ക്കോട്ടിക് സെല്ലില്‍ നിന്നെന്ന വ്യാജേന അഞ്ചുപേര്‍ പെണ്‍കുട്ടികള്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു നിര്‍ത്തിയശേഷം അവരെ ഹോട്ടലിലെത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പ്രതികള്‍ അഞ്ചുപേരും പോലീസ് പിടിയിലായിട്ടുണ്ട്.
പ്രതികള്‍ നേരത്തെ വേശ്യാലയം നടത്തിയിരുന്നവരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇവരുടെ നൈറ്റ് ക്ലബ്ബ് അടിച്ചു തകര്‍ത്തിരുന്നു. ഇത്തരത്തില്‍ ഗുരുതരമായ കേസുകളില്‍ പെട്ടവരാണ് കൂട്ടബലാത്സംഗത്തിലെ പ്രതികളായിരിക്കുന്നത്. ഇവരുടെ കുറ്റത്തെ നിസ്സാരമായി കണ്ട മന്ത്രിയുടെ പ്രസ്താവനയെ പ്രതിപക്ഷകക്ഷികള്‍ ഏറ്റെടുത്ത് പ്രതിഷേധം തുടങ്ങിക്കഴിഞ്ഞു.


Click it and Unblock the Notifications