നിര്‍ണായക കടമ്പ കടന്ന് വിജയിയുടെ പാര്‍ട്ടി; അംഗീകാരം നല്‍കി തിരഞ്ഞെടുപ്പ് കമ്മീഷന്‍
ചെന്നൈ: തന്റെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന് (ടിവികെ) തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ചെന്ന് നടനും പാര്‍ട്ടി മേധാവിയുമായ വിജയ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്റെ പാര്‍ട്ടിയെ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യുകയും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കുകയും ചെയ്തതായി വിജയ് പ്രഖ്യാപിച്ചു. തന്റെ എക്‌സ് അക്കൗണ്ടിലാണ് താരത്തിന്റെ പ്രതികരണം.
ഫെബ്രുവരി രണ്ടിനാണ് ടിവികെയെ ഒരു രാഷ്ട്രീയ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്യുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. അപേക്ഷ സമര്‍പ്പിച്ച് ഏഴ് മാസത്തിന് ശേഷമാണ് അംഗീകാരം ലഭിക്കുന്നത്. പാര്‍ട്ടിക്ക് രജിസ്‌ട്രേഷന്‍ ലഭിച്ചതോടെ രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ടിവികെയ്ക്ക് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താം. ഞങ്ങളുടെ ആദ്യ വാതില്‍ തുറന്നിരിക്കുന്നു എന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരത്തെക്കുറിച്ച് വിജയ് പറഞ്ഞത്.

കഴിഞ്ഞ മാസം ചെന്നൈയില്‍ നടന്ന ഒരു പരിപാടിയില്‍ വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പതാക പുറത്തിറക്കിയിരുന്നു. ഈ ചടങ്ങില്‍ പതാക ഗാനവും അവതരിപ്പിച്ചിരുന്നു. മെറൂണും മഞ്ഞയും നിറമുള്ള പതാകയില്‍ രണ്ട് ആനകളും അതിനിടയില്‍ ഒരു പൂവും ആണ് ഉള്ളത്. തമിഴില്‍ വാഗൈ എന്നറിയപ്പെടുന്ന അബ്ലീസിയ ലെബെക്ക് എന്ന പൂവാണ് പതാകയില്‍ ഉള്ളത്. ഇത് വിജയത്തെയാണ് പ്രതീകപ്പെടുത്തുന്നത്.
പാര്‍ട്ടി ഓഫീസില്‍ സത്യപ്രതിജ്ഞ ചെയ്ത ശേഷമാണ് വിജയ് പാര്‍ട്ടി പതാക പുറത്തിറക്കിയത്. രജിസ്‌ട്രേഷന്‍ ലഭിച്ചതോടെ പാര്‍ട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനത്തിലുള്ള ഒരുക്കത്തിലാണ് ഭാരവാഹികള്‍. തങ്ങളുടെ പ്രത്യയശാസ്ത്രവും നിലപാടും പതാകയുടെയും അതിന്റെ ഘടകങ്ങളുടെയും പിന്നിലെ കാരണവും തങ്ങള്‍ ഉടന്‍ വിശദീകരിക്കും എന്ന് വിജയ് പ്രഖ്യാപിച്ചിരുന്നു.
സംസ്ഥാനത്തിനും ജനങ്ങള്‍ക്കും അവരുടെ വികസനത്തിനും വേണ്ടി ഞങ്ങള്‍ പ്രവര്‍ത്തിക്കും എന്നും ടിവികെ പതാകയെ തങ്ങള്‍ സംസ്ഥാനത്തിന്റെ ഭാവി തലമുറയുടെ പ്രതീകമായാണ് കാണുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മത്സരിക്കുമെന്ന് ടിവികെ അറിയിച്ചിട്ടുണ്ട്. ഈ മാസം 23 ന് വിഴുപ്പുറം ജില്ലയിലെ വിക്രവാണ്ടിയില്‍ പ്രഥമ ടിവികെ സമ്മേളനം നടന്നേക്കും എന്നാണ് വിവരം.
സമ്മേളനത്തിന് ഇതുവരെ പൊലീസ് അനുമതി ലഭിച്ചിട്ടില്ല എന്നാണ് വിവരം. സമ്മേളനത്തില്‍ 30,000 പുരുഷന്മാരും 15,000 സ്ത്രീകളും 5,000 മുതിര്‍ന്ന വ്യക്തികളും 500 ഭിന്നശേഷിക്കാരും പങ്കെടുക്കുമെന്നാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ബസ്സി ആനന്ദ് അവകാശപ്പെടുന്നത്.












Click it and Unblock the Notifications