'ഗോധ്ര കലാപം കപട മതേതരവാദികൾ അവകാശപ്പെടുന്നത് പോലെ ആസൂത്രിതമല്ല': 35 പേരെ വെറുതെ വിട്ട് കോടതി
അഹമ്മദാബാദ്: ഗോധ്ര കലാപവുമായി ബന്ധപ്പെട്ട നാല് കേസുകളിലെ 35 പ്രതികളെ വെറുതെ വിട്ട് വിചാരണ കോടതി. ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിലെ ഹലോൽ ടൗൺ കോടതിയാണ് പ്രതികളെ വെറുതെ വിട്ടത്. കപടമതേതരവാദികൾ അവകാശപ്പെടുന്നത് പോലെ കലാപം ആസൂത്രിതമല്ലെന്ന് അഡീഷ്ണൽ സെഷൽൻസ് ജഡ്ജ് ഹർഷ് ബാലകൃഷ്ണ ത്രിവേദി ഉത്തരവിൽ പറഞ്ഞു. പ്രതികൾക്കെതിരായ കുറ്റങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായും കോടതി ഉത്തരവിൽ വ്യക്തമാക്കി.
2002 ഫെബ്രുവരി 28-ന് ഗോധ്രയിൽ സബർമതി എക്‌സ്പ്രസ് ട്രെയിൻ കത്തിച്ച സംഭവത്തിന് തൊട്ടുപിന്നാലെ കലോൽ ബസ് സ്റ്റാൻഡ്, ഡെലോൽ ഗ്രാമം, ഡെറോൾ സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിൽ ഉണ്ടായ കൊലപാതകത്തിലും അക്രമ സംഭവങ്ങളിലുമാണ് പ്രതികൾക്കെതിരെ കേസെടുത്തത്. കൊലപാതകം, കലാപം, തീവെപ്പ്, നിയമവിരുദ്ധമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകളായിരുന്നു പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്.

റൂഹുൽ അമിൻ പദ്വ, ഹാരുൺ അബ്ദുൾ സത്താർ തസിയ, യൂസഫ് ഇബ്രാഹിം ഷെയ്ഖ് എന്നിവരായിരുന്നു കൊല്ലപ്പെട്ടത്. ഇവരെ മാരകായുധങ്ങൾ ഉപയോഗിച്ച് കൊലപ്പെടുത്തിയെന്നും തെളിവ് നശിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ മൃതദേഹം കത്തിച്ചെന്നുമായിരുന്നു പ്രോസിക്യൂഷൻ കേസ്.എന്നാൽ പ്രതികൾക്കെതിരെ തെളിവ് ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെതായി കോടതി പറഞ്ഞു.
ജീവനോടെ കത്തിച്ച തസിയയുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല. കൊല്ലപ്പെട്ടെന്ന് പറയുന്നയാളുടെ മൃതദേഹം പോലും കണ്ടെത്തുന്നതിൽ പോലീസ് പരാജയപ്പെട്ടെന്നും അതുകൊണ്ട് തന്നെ പ്രതികൾക്കെതിരായ വാദങ്ങൾ നിൽനിൽക്കില്ലെന്നും കോടതി കോടതി വ്യക്തമാക്കി.
'130 സാക്ഷികളെ ഹാജരാക്കി പ്രോസിക്യൂഷൻ കേസ് വെറുതെ വലിച്ച് നീട്ടിക്കൊണ്ടുപോയി. സാക്ഷികളുടെ മൊഴികളിൽ പല വൈരുദ്ധ്യങ്ങളും ഉണ്ട്, ചിലത് കേട്ടറിവുകൾ മാത്രമാണ്. അതുകൊണ്ട് തന്നെ ഇവരുടെ മൊഴികൾ പൂർണമായും വിശ്വാസത്തിലെടുക്കാൻ കഴിയില്ല', വിധിയിൽ കോടതി വിദശീകരിച്ചു.
'59 പേർ കൊല്ലപ്പെട്ട സബർമതി എക്സ്പ്രസ് കത്തിച്ച സംഭവം ഗുജറാത്തി ജനത ഞെട്ടലോടെയും വേദനയോടെയുമാണ് കണ്ടത്ത്. എന്നാൽ കപട മതേതര മാധ്യമങ്ങളും രാഷ്ട്രീയക്കാരും ജനങ്ങളുടെ മുറിവിൽ ഉപ്പ് പുരട്ടാൻ ശ്രമിച്ചു. ഗോധ്ര കലാപത്തിന് ശേഷം ഗുജറാത്തിലെ 24 ജില്ലകളിൽ പതിനാറിടത്തും വർഗീയ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടതായി റിപ്പോർട്ട് ഉണ്ടായിരുന്നു. എല്ലായിടത്തും ഈ ജനക്കൂട്ടത്തിൽ 2300 ലധികം ആളുകൾ ഉണ്ടായിരുന്നു. പലയിടത്തും കലാപം യാദൃശ്ചികമായിരുന്നു. അല്ലാതെ കപട മതേതരവാദികൾ അവകാശപ്പെടുന്നത് പോലെ ആസൂത്രിതമല്ല', കോടതി വിധിയിൽ വ്യക്തമാക്കി.
2002 ഫെബ്രുവരി 28 ന് ഗോധ്രയിലെ സബർമതി എക്സ്പ്രസ് കത്തിച്ച സംഭവത്തിന് പിന്നാലെ നാലിടങ്ങളിലായി പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ 52 പേർക്കെതിരെയായിരുന്നു കേസെടുത്ത്. 20 വർഷം നീണ്ട വിചാരണക്കിടെ 17 പേർ മരണപ്പെട്ടിരുന്നു.












Click it and Unblock the Notifications