രാധേ മായെ പോലീസ് ചോദ്യം ചെയ്തു; വിവാഹം ചെയ്തത് 'ഡാഡി'യെ
മുംബൈ: സ്വയം പ്രഖ്യാപിത ആള്‍ദൈവം രാധേ മാ വിവാഹം ചെയ്തത് ഡാഡി എന്ന് വിളിപ്പേരുള്ളയാളെയാണെന്ന് പോലീസ്. രാധേ മായ്‌ക്കെതിരെ പരാതി നല്‍കിയ യുവതി തന്റെ പരാതിയില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. സ്ത്രീധന പീഡനക്കേസില്‍ മുംബൈയിലെ കണ്ടിവാലി പോലീസ് സ്‌റ്റേഷനില്‍ വെച്ച് രാധേമായെ പോലീസ് ചോദ്യം ചെയ്തു.
സ്ത്രീധന പീഡനത്തെ കുറിച്ചും ഇവരുടെ കുടുംബ പശ്ചാത്തലത്തെകുറിച്ചും പോലീസ് വിവരങ്ങള്‍ ശേഖരിച്ചു. ഡാഡി എന്ന് വിളിപ്പേരുള്ളയാളെയാണ് വിവാഹം ചെയ്തതെന്ന് അവര്‍ സ്ഥിതീകരിച്ചെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. വിവാഹിതയായ രാധേ മായ്ക്ക് മൂന്നു മക്കളും കൊച്ചുമക്കളുമുണ്ട്.

ഇവരുടെ പാസ്‌പോര്‍ട്ട് വിശദാംശങ്ങളും സ്വത്തുക്കളെ കുറിച്ചുള്ള വിവരവും പോലീസ് ചോദിച്ചറിഞ്ഞു. സ്വന്തം പേരില്‍ കുറച്ചു സ്വത്തുക്കള്‍ മാത്രമേ ഇവര്‍ക്കുള്ളൂ എന്നാണ് വിവരം. അതേസമയം, ബന്ധുക്കളുടെയും മറ്റും പേരില്‍ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ ഉള്ളതായാണ് വിവരം. ഇതേക്കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്.
നിക്കി ഗുപ്ത എന്ന സ്ത്രീയാണ് സ്ത്രീധന പീഡനത്തിന് രാധേ മായ്‌ക്കെതിരെ പരാതി നല്‍കിയത്. രാധേ മായുടെ പ്രേരണയെ തുടര്‍ന്ന് ഭര്‍ത്താവും കുടുംബാംഗങ്ങളും തന്നില്‍ നിന്നും സ്ത്രീധനം ഈടാക്കാന്‍ പീഡിപ്പിക്കുന്നു എന്നായിരുന്നു പരാതി. പരാതിയില്‍ കേസ് അന്വേഷണം മുന്നോട്ടുപോവുകയാണെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications