ചാഞ്ചാട്ടം മുതലാക്കി ഉപഭോക്താക്കള്‍, കൂട്ടത്തോടെ ജ്വല്ലറിയിലേക്ക്.. സ്വര്‍ണം വാങ്ങിക്കൂട്ടുന്നു!
ന്യൂഡല്‍ഹി: സ്വര്‍ണ വിലയിലെ ചാഞ്ചാട്ടം ഇന്ത്യന്‍ ഉപഭോക്താക്കളെ സ്വര്‍ണം വാങ്ങുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചിട്ടില്ല എന്ന് ടൈറ്റന്‍ കമ്പനി മാനേജിംഗ് ഡയറക്ടര്‍ അജോയ് ചൗള. ഓഹരി നിക്ഷേപകരെപ്പോലെ തന്നെ, വിലയിലെ തിരുത്തലുകളെ വിപണിയിലേക്ക് പ്രവേശിക്കാനുള്ള അവസരങ്ങളായി ഉപഭോക്താക്കള്‍ കൂടുതലായി കണക്കാക്കുന്നുവെന്ന് അജോയ് ചൗള ചൂണ്ടിക്കാട്ടി.
'വിലക്കയറ്റം കാരണം നേരത്തെ വാങ്ങലുകള്‍ മാറ്റിവച്ചിരുന്ന പല ഉപഭോക്താക്കളും ഇപ്പോള്‍ തന്ത്രം മാറ്റി അനിശ്ചിതമായി കാത്തിരിക്കുന്നതിനുപകരം ഇടിവ് സമയത്ത് വാങ്ങാന്‍ തിരഞ്ഞെടുത്തു', അദ്ദേഹം പറഞ്ഞു. വില വര്‍ധിച്ചത് ഒരു വിഭാഗം ആളുകളെ എങ്കിലും സ്വര്‍ണത്തില്‍ പിന്ന് പിന്നോട്ടടിപ്പിച്ചെങ്കില്‍ വിലയിലെ ചാഞ്ചാട്ടം അവരെ കൂടി വിപണിയിലേക്ക ആകര്‍ഷിച്ചു എന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണ വ്യാപാരത്തില്‍ അസ്ഥിരത തുടരുന്നുവെന്ന് അദ്ദേഹം സമ്മതിച്ചു. പക്ഷേ ഡിമാന്‍ഡ് സ്ഥിരതയുള്ളതായി തുടരുന്നു. ഉപഭോക്താക്കള്‍ ഈ അവസരത്തില്‍ വിപണിയിലേക്ക് കടന്ന് കയറാന്‍ ശ്രമിക്കുകയാണ് എന്നും അവസരം നഷ്ടപ്പെട്ടവര്‍ അകത്തേക്ക് വരാന്‍ ശ്രമിക്കും എന്നും ചൗള പറഞ്ഞു. മഞ്ഞ ലോഹത്തെ ചുറ്റിപ്പറ്റിയുള്ള ശക്തമായ വികാരത്തിനാണ് അദ്ദേഹം അടിവരയിടുന്നത്.
ഡിസംബര്‍ പാദത്തിലെ ഉല്‍പ്പന്ന നവീകരണവും ഉത്സവകാല ആവശ്യകതയും പിന്തുണച്ചുകൊണ്ട്, മുന്‍നിര ബ്രാന്‍ഡായ തനിഷ്‌ക് ഉള്‍പ്പെടുന്ന ടൈറ്റന്റെ ആഭരണ വിഭാഗം ഈ പ്രവണതയില്‍ നിന്ന് നേട്ടമുണ്ടാക്കി. 2026 ഫെബ്രുവരി ആദ്യം സ്വര്‍ണ വിലയില്‍ ഗണ്യമായ ചാഞ്ചാട്ടം പ്രകടമായിരുന്നു. 10 ഗ്രാമിന് 1.61 ലക്ഷം രൂപയ്ക്ക് സമീപമുള്ള ഉയര്‍ന്ന നിരക്കുകള്‍ക്കും ആഗോള സൂചനകളും ലാഭമെടുപ്പും കാരണം അടുത്തിടെയുണ്ടായ ഇടിവുകള്‍ക്കും ഇടയിലായിരുന്നു ചാഞ്ചാട്ടം.
വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ കാത്തിരുന്ന നിരവധി പേര്‍ ഉത്സവ, വിവാഹ സീസണിന് മുമ്പായി സ്വര്‍ണം വാങ്ങാന്‍ തുടങ്ങി. വില ഇനി കുറയില്ലെന്ന് പ്രതീക്ഷിച്ചായിരുന്നു ഈ വാങ്ങിക്കൂട്ടല്‍. ആഗോള അനിശ്ചിതത്വവും വികാരത്തെ ചലിപ്പിക്കുന്നതില്‍ ഒരു പങ്കു വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു, സാംസ്‌കാരിക ഘടകങ്ങള്‍ ആവശ്യകതയെ പിന്തുണയ്ക്കുന്നത് തുടരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇന്നും സ്വര്‍ണ വിലയില്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 960 രൂപ കുറഞ്ഞതോടെ പവന് 114720 രൂപയായി. ഗ്രാമിന് 120 രൂപ കുറഞ്ഞ് 14340 രൂപയായി. ഒരു വേള ഗ്രാമിന് 16000 രൂപ ആയിരുന്നിടത്ത് നിന്നാണ് 2000 രൂപയിലേറെ ഇടിവ് സ്വര്‍ണത്തിന് സംഭവിച്ചിരിക്കുന്നത്. വെള്ളിയുടെ വിലയും എല്ലാ ദിവസവും താഴേക്ക് വീഴുകയാണ്.












Click it and Unblock the Notifications