സ്വർണ വില ഇത്രയും കുറവോ? ഇന്ത്യയേക്കാൾ വില കുറച്ച് സ്വർണം വാങ്ങാം ഈ രാജ്യങ്ങളിൽ നിന്ന്..എന്ത് ലാഭം
ഇന്ത്യയിൽ സ്വർണത്തിന് സവിശേഷമായ ഒരു സ്ഥാനമുണ്ട്. നിക്ഷേപം എന്നതിലുപരി സമ്പത്തിന്റെയും പാരമ്പര്യത്തിന്റെയും സാംസ്കാരിക പ്രാധാന്യത്തിന്റെയും പ്രതീകമായി കൂടിയാണ് സ്വർണത്തെ ജനങ്ങൾ കണക്കാക്കുന്നത്. അതുകൊണ്ട് കൂടിയാണ് ഉത്സവ സീസണുകളിൽ സ്വർണത്തിന് ഡിമാന്റ് ഏറുന്നതും.
ആഗോള വിപണിയിലെ മാറ്റങ്ങൾ, ഇറക്കുമതി തീരുവ, പ്രാദേശിക ആവശ്യം തുടങ്ങിയ ഘടകങ്ങളാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ വിലയെ സ്വാധീനിക്കുന്നത്. എന്നാൽ ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോൾ മറ്റ് ചില രാജ്യങ്ങളിൽ സ്വർണ വില താരതമ്യേന കുറവാണ്. കുറഞ്ഞ നികുതികൾ, സ്വർണ്ണം ഉൽപ്പാദിപ്പിക്കുന്ന പ്രദേശങ്ങളുമായുള്ള സാമീപ്യം, വ്യത്യസ്ത സാമ്പത്തിക ഘടകങ്ങൾ എന്നിവയെല്ലാമാണ് ഇതിന് കാരണം. ഇന്ത്യയെക്കാൾ കുറഞ്ഞ സ്വർണ വിലയുള്ള രാജ്യങ്ങൾ ഏതൊക്കെയാണെന്നും ഈ വ്യത്യാസങ്ങൾക്കുള്ള കാരണങ്ങളും വിശദമായി നോക്കാം.

യുഎഇ
നികുതികളും ഇറക്കുമതി തീരുവകളും കുറവാണെന്നതുകൊണ്ട് തന്നെ സ്വർണ വ്യാപാരത്തിന്റെ പറുദീസയാണ് ദുബായ്. നിലവിൽ ഇവിടെ 10 ഗ്രാം 24 കാരറ്റ് സ്വർണ്ത്തിന് ഏകദേശം 1,14,740 രൂപയാണ് വില. ഇന്ത്യയിൽ ഇത് 1,23,035 രൂപയാണ്. അതുകൊണ്ട് തന്നെ ഇവിടെ നിന്ന് സ്വർണം വാങ്ങാൻ മലയാളികൾ ഉൾപ്പെടെയുള്ളവർ താത്പര്യം കാണിക്കാറുണ്ട്. മാത്രമല്ല ദീപാവലി പോലുള്ള ആഘോഷവേളകളിൽ നിരവധി ഇന്ത്യക്കാർ സ്വർണം വാങ്ങുന്നതിന് മാത്രമായി ദുബായിലേക്ക് യാത്ര ചെയ്യാറുണ്ട്.
യുഎസ്
സ്വർണത്തിന് വില കുറച്ച് ലഭിക്കുന്ന മറ്റൊരു രാജ്യം യുഎസ് ആണ്. ഇവിടെ 24 കാരറ്റ് സ്വർണ്ണത്തിന് 10 ഗ്രാമിന് ഏകദേശം 1,15,360 രൂപയാണ് വില. വലിയ അളവിലുള്ള വ്യാപാരവും സന്തുലിതമായ നികുതി നയങ്ങളും യുഎസ് വിപണിക്ക് ഗുണകരമാണ്. കറൻസിയുടെ ശക്തിയും കർശനമായ നിയന്ത്രണങ്ങളും സ്വർണ്ണവിലയെ സ്ഥിരപ്പെടുത്താനും എളുപ്പത്തിൽ ലഭ്യമാക്കാനും സഹായിക്കുന്നു.
സിംഗപ്പൂർ
സിംഗപ്പൂരിലെ സ്വർണവിലയും ഇന്ത്യയിലേതിനെക്കാൾ കുറവാണ്. വിലയേറിയ ലോഹങ്ങൾക്ക് നികുതി ഇളവുകൾ ഉള്ളതുകൊണ്ടാണ് ഈ കുറവ്. നിലവിൽ, 24 കാരറ്റ് സ്വർണത്തിന് 10 ഗ്രാമിന് ഏകദേശം 1,18,880 രൂപയാണ് സിംഗപ്പൂരിലെ വില. ശക്തമായ സാമ്പത്തിക സംവിധാനവും സുതാര്യമായ വിലനിർണ്ണയ നയങ്ങളും നിക്ഷേപകരേയും ഉപഭോക്താക്കളേയും ഒരുപോലെ സിംഗപ്പൂരിലേക്ക് ആകർഷിക്കുന്നു.
ഹോങ്കോങ്
ഏഷ്യയിൽ തന്നെ ഏറ്റവും കുറഞ്ഞ വിലയിൽ സ്വർണം വാങ്ങാൻ സാധിക്കുന്ന രാജ്യമാണ് ഹോങ്കോങ്. ഇവിടെ ഇറക്കുമതി തീരുവ വളരെ കുറവാണ്. ഇത് കാരണം 24 കാരറ്റ് സ്വർണത്തിന് 10 ഗ്രാമിന് ഏകദേശം 1,13,140 എന്ന നിരക്കിൽ ലഭ്യമാകും. രാഷ്ട്രീയപരമായ ചില ഘടകങ്ങൾ ചിലപ്പോൾ വിപണിയെ ചെറിയ തോതിൽ സ്വാധീനിക്കാമെങ്കിലും, അവിടുത്തെ തുറന്ന സമ്പദ്‌വ്യവസ്ഥയും ആഗോള വ്യാപാര കേന്ദ്രമെന്ന സ്ഥാനവും സ്വർണ്ണവില കുറഞ്ഞ നിരക്കിൽ നിലനിർത്താൻ സഹായിക്കുന്നു.
തുർക്കി
തുർക്കിയിൽ 24 കാരറ്റ് സ്വർണത്തിന് 10 ഗ്രാമിന് ഏകദേശം 1,13,040 രൂപയാണ് വില. കുറഞ്ഞ നികുതി നിരക്കുകളാണ് തുർക്കിയിൽ സ്വർണവില കുറയ്ക്കാൻ സഹായിക്കുന്ന ഒരു പ്രധാന ഘടകം. ഇന്ത്യയിൽ നിലവിലുള്ള ഇറക്കുമതി തീരുവ അല്ല ഇവിടെയുള്ളത്, അതുകൊണ്ട് തന്നെ തുർക്കിയിലെ സ്വർണ വിപണിയെ ഇത് അത്രയധികം ബാധിക്കുന്നില്ല, ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട മൂല്യം ലഭിക്കാൻ ഇത് സഹായിക്കും.
കുവൈറ്റ്
കുവൈറ്റിൽ 24 ക്യാരറ്റ് സ്വർണ്ണത്തിന് 10 ഗ്രാമിന് ഏകദേശം 1,13,570 ആണ് വില. കുറഞ്ഞ നികുതികളും ഇറക്കുമതി തീരുവയുമാണ് ഈ വിലക്കുറവിന് കാരണം.എണ്ണ സമ്പന്നമായ ഒരു രാജ്യമായതിനാൽ, കറൻസിയിലെ ഏറ്റക്കുറച്ചിലുകൾ നിയന്ത്രിക്കാൻ കുവൈറ്റിന് സാധിക്കുന്നു. ഇത് സ്വർണ്ണവിലയെ സ്ഥിരപ്പെടുത്തുന്നതിൽ പരോക്ഷമായി സഹായിക്കുന്നു. ദുബായിക്ക് പുറമെ, സ്വർണ്ണം വാങ്ങാൻ ആളുകൾ കൂടുതലായി തിരഞ്ഞെടുക്കുന്ന രാജ്യങ്ങളിലൊന്ന് കൂടിയാണ് കുവൈത്ത്.












Click it and Unblock the Notifications