വിലയിടിഞ്ഞിട്ടും സ്വര്‍ണം ആര്‍ക്കും വേണ്ടാതായി... സീസണായിട്ടും ആഭരണ വില്‍പന കുത്തനെ ഇടിഞ്ഞു
സ്വര്‍ണവില റെക്കോര്‍ഡ് ഉയരത്തിലെത്തിയത് ആഘോഷവേളയിലെ ആവശ്യകതയെ ബാധിച്ചതോടെ, ഈ ദസറയില്‍ ആഭരണ വില്‍പ്പന കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായിത്തന്നെ തുടര്‍ന്നു. ഉയര്‍ന്ന വില കാരണം ഉപഭോക്താക്കള്‍ 9 കാരറ്റ് സ്വര്‍ണത്തിലേക്കും വജ്രം പതിച്ച ആഭരണങ്ങളിലേക്കും ശ്രദ്ധ തിരിക്കുന്ന പ്രവണതയാണ് കണ്ടതെന്ന് വ്യവസായികള്‍ പറയുന്നു.
ഒരു മാസം മുമ്പ് നടന്ന ഗണേശ ചതുര്‍ത്ഥി വേളയില്‍ സ്വര്‍ണ വില്‍പ്പനയുടെ അളവില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 15 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ദസറയിലും വില്‍പ്പനയില്‍ മന്ദത തുടര്‍ന്നത്. സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതിന് പ്രാധാന്യമുള്ള ധന്തേരസ് ദിനത്തില്‍ വില്‍പ്പനയില്‍ ഉണര്‍വുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സ്വര്‍ണ വ്യാപാരികള്‍.

ശുഭകരമായ അവസരങ്ങളില്‍ സ്വര്‍ണം വാങ്ങുക എന്ന പാരമ്പര്യം കൈവിടാതെ തന്നെ, സാമ്പത്തികമായി ലാഭകരമായ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്താനാണ് ഉപഭോക്താക്കള്‍ ശ്രമിക്കുന്നതെന്ന് മുംബൈ ആസ്ഥാനമായുള്ള കാമ ജ്വല്ലറി മാനേജിംഗ് ഡയറക്ടര്‍ കോളിന്‍ ഷാ പറഞ്ഞു. ഭാരം കുറഞ്ഞ ആഭരണങ്ങള്‍ക്കും 9 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ക്കും, പ്രത്യേകിച്ച് യുവാക്കള്‍ക്കിടയിലും ആദ്യമായി സ്വര്‍ണം വാങ്ങുന്നവര്‍ക്കിടയിലും ആവശ്യകത വര്‍ധിച്ചു.
കൂടാതെ, 1.5 ലക്ഷം മുതല്‍ 3.0 ലക്ഷം രൂപ വരെ വിലവരുന്ന, പ്രകൃതിദത്തമോ ലാബില്‍ നിര്‍മ്മിച്ചതോ ആയ വജ്രങ്ങള്‍ പതിച്ച ആഭരണങ്ങളോടും ഉപഭോക്താക്കള്‍ക്ക് താല്‍പ്പര്യമേറി. മൊത്തത്തില്‍, വില്‍പനയുടെ മൂല്യം കഴിഞ്ഞ വര്‍ഷത്തേതിന് സമാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം 10 ഗ്രാമിന് 1.10 ലക്ഷം രൂപയായിരുന്ന സ്വര്‍ണവില. ഈ ദസറയില്‍ 1.48 ലക്ഷം രൂപയായി ഉയര്‍ന്നു.
അതായത് 35 ശതമാനം വര്‍ധനവ്. 'ഭാരമേറിയതും പ്രത്യേക അവസരങ്ങളില്‍ മാത്രം ഉപയോഗിക്കാന്‍ കഴിയുന്നതുമായ ആഭരണങ്ങളില്‍ നിക്ഷേപിക്കുന്നതിന് പകരം, ദൈനംദിന വസ്ത്രധാരണത്തോടൊപ്പവും ആഘോഷവേളകളിലും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന ആഭരണങ്ങളാണ് ഉപഭോക്താക്കള്‍ ഇപ്പോള്‍ കൂടുതലായി അന്വേഷിക്കുന്നത്, എന്ന് സെന്‍ ഡയമണ്ട് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ നീല്‍ സോനാവാല പറഞ്ഞു.
വൈവിധ്യമാര്‍ന്ന ഉപയോഗത്തിന് അനുയോജ്യമായ ഡയമണ്ട് സ്റ്റഡുകള്‍, നേര്‍ത്ത പെന്‍ഡന്റുകള്‍, ഒന്നിച്ച് അണിയാവുന്ന മോതിരങ്ങള്‍, ലളിതമായ കമ്മലുകള്‍ എന്നിവയ്ക്ക് ആവശ്യക്കാര്‍ ഏറെയായിരുന്നു. കൂടുതല്‍ താങ്ങാനാവുന്ന വിലയിലുള്ള ആഭരണങ്ങള്‍ തേടുന്ന ഉപഭോക്താക്കള്‍ക്കിടയില്‍ 9 കാരറ്റ്, 14 കാരറ്റ് സ്വര്‍ണാഭരണങ്ങളോടുള്ള താല്‍പ്പര്യവും വര്‍ധിച്ചുവരികയാണ്.
സെന്‍ ഡയമണ്ട് ഇന്ത്യയുടെ ശേഖരത്തില്‍ 65-70 ശതമാനവും ഭാരം കുറഞ്ഞതും രത്‌നങ്ങള്‍ പതിച്ചതുമായ ആഭരണങ്ങളാണ്. ഉത്സവകാലത്തെ കമ്പനിയുടെ വളര്‍ച്ചയ്ക്ക് ഇവയാണ് ഏറ്റവും വലിയ സംഭാവന നല്‍കിയതെന്ന് സോനാവാല പറഞ്ഞു. പണം തവണകളായി അടയ്ക്കാനുള്ള സൗകര്യങ്ങളും, പഴയ സ്വര്‍ണാഭരണങ്ങള്‍ നല്‍കി പുതിയവ വാങ്ങാനുള്ള പദ്ധതികളും വില്‍പ്പന വര്‍ധിപ്പിക്കാന്‍ സഹായിച്ചു.
ആധുനികവും ദൈനംദിന ഉപയോഗത്തിന് അനുയോജ്യവുമായ ആഭരണങ്ങളിലേക്കുള്ള ഈ മാറ്റം എല്ലാ പ്രായക്കാരിലും കാണാമായിരുന്നു. 55 വയസ്സിന് മുകളിലുള്ളവര്‍ പോലും തങ്ങളുടെ പഴയ ആഭരണങ്ങള്‍ നല്‍കി ആധുനിക ഡിസൈനുകള്‍ വാങ്ങുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ലാബില്‍ നിര്‍മ്മിച്ച വജ്രങ്ങള്‍ക്ക് വലിയ ഡിമാന്‍ഡാണ് ഉണ്ടായത്. ദസറ കാലയളവില്‍ 'ലൈംലൈറ്റ് ലാബ് ഗ്രോണ്‍ ഡയമണ്ട്സ്' തങ്ങളുടെ വില്‍പ്പന മൂന്നിരട്ടിയാക്കിയെന്നും, ഒപ്പം സ്റ്റോറുകളുടെ എണ്ണം ഇരട്ടിയാക്കിയെന്നും മാനേജിംഗ് ഡയറക്ടര്‍ പൂജ മാധവന്‍ പറഞ്ഞു.
വജ്രാഭരണങ്ങളെ വെറുമൊരു നിക്ഷേപമായി കണ്ട് സൂക്ഷിച്ചു വെക്കുന്നതിന് പകരം, വ്യക്തിപരമായ ആവശ്യങ്ങള്‍ക്കും വിവാഹങ്ങള്‍ക്കുമായി അവ വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണെന്ന് അവര്‍ പറഞ്ഞു. 'ടയര്‍-2, ടയര്‍-3 നഗരങ്ങള്‍ ലാബില്‍ നിര്‍മ്മിച്ച വജ്രങ്ങളുടെ വളര്‍ച്ചയില്‍ നിര്‍ണായകമായ വിപണികളായി മാറിക്കൊണ്ടിരിക്കുകയാണ്,' പൂജ മാധവന്‍ കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications
