ജ്വല്ലറിയില്‍ ആഭരണത്തിന് വിലയിടുന്നത് ഇങ്ങനെ.. പാഴാക്കുന്ന സ്വര്‍ണത്തിനും ബില്ല്! ഇക്കാര്യമറിഞ്ഞിരിക്കണം
സുരക്ഷിതമായ നിക്ഷേപം എന്നതിനൊപ്പം തന്നെ സ്വര്‍ണത്തിന് ആഭരണത്തിന്റെ പ്രാധാന്യവും ഉണ്ട്. മിക്കവരും സ്വര്‍ണം ആഭരണരൂപത്തിലാണ് വാങ്ങിവെക്കാറുള്ളത്. ആവശ്യസമയത്ത് സാമ്പത്തിക സഹായം നല്‍കുന്നതിനൊപ്പം തന്നെ ധരിക്കാനുമാകും എന്നതിനാലാണ് ആഭരണത്തിന് പ്രിയമേറുന്നത്. എന്നാല്‍ സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ അതിന്റെ ഭാരത്തിന് മാത്രമാണ് പണം നല്‍കുന്നതെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍, അത് വലിയൊരു തെറ്റിദ്ധാരണയാണ്.
ധന്തേരാസ്-ദീപാവലി സീസണ്‍ ആയതിനാല്‍ തന്നെ സ്വര്‍ണാഭരണം വാങ്ങിക്കുമ്പോള്‍ നിങ്ങള്‍ എന്തിനൊക്കെയാണ് പണം നല്‍കുന്നതെന്നും സ്വര്‍ണ വ്യാപാരികള്‍ എങ്ങനെയാണ് വില കണക്കാക്കുന്നതെന്നും കൃത്യമായി മനസിലാക്കണം. സ്വര്‍ണാഭരണങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പണിക്കൂലി എന്നത് രഹസ്യമല്ല. ഈ നിരക്ക് ഓരോ കടയിലും വ്യത്യസ്തമായിരിക്കും.

എന്നാല്‍, ഇതിനു പുറമെ മറ്റ് പല നിരക്കുകളും വ്യാപാരികള്‍ നിങ്ങളുടെ മൊത്തം ബില്ലില്‍ ഉള്‍പ്പെടുത്താറുണ്ട്. അവയെക്കുറിച്ച് നിങ്ങള്‍ക്ക് അറിവുണ്ടാവണമെന്നില്ല. സ്വര്‍ണത്തിന്റെ യഥാര്‍ത്ഥ ഭാരത്തെ, അന്നത്തെ സ്വര്‍ണ വിലയുമായി (ശുദ്ധതയനുസരിച്ച് - 22 കാരറ്റ്, 18 കാരറ്റ് തുടങ്ങിയവ) ഗുണിച്ചുകിട്ടുന്ന തുകയോടൊപ്പം, പണിക്കൂലി, സ്വര്‍ണം പാഴാകുന്നതിനായുള്ള നിരക്ക് , കല്ലുകള്‍ പതിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ വില, ജിഎസ്ടി എന്നിവയെല്ലാം ചേര്‍ത്താണ് അന്തിമ വില നിശ്ചയിക്കുന്നത്.
വിവിധ കടകള്‍ തമ്മില്‍ ഏറ്റവും കൂടുതല്‍ വ്യത്യാസം വരുന്നത് പണിക്കൂലിയിലാണ് എന്ന് എംഎംടിസി-പിഎഎംപി എംഡിയും സിഇഒയുമായ സമിത് ഗുഹ ഇടി വെല്‍ത്ത് ഓണ്‍ലൈനോട് പറഞ്ഞു. ഇത് ഗ്രാമിന് ഇത്ര രൂപ എന്ന നിലയിലോ, അല്ലെങ്കില്‍ സ്വര്‍ണത്തിന്റെ മൊത്തം മൂല്യത്തിന്റെ ഒരു ശതമാനമായോ ഈടാക്കാം. കൂടാതെ, സ്വര്‍ണം പാഴാകുന്നതിനായുള്ള നിരക്കുകള്‍, കല്ലുകള്‍ക്കുള്ള വില, തിരികെ നല്‍കുകയോ മാറ്റിയെടുക്കുകയോ ചെയ്യുമ്പോഴുള്ള നിബന്ധനകള്‍ എന്നിവയും വിലയില്‍ മാറ്റമുണ്ടാക്കാം.
ഒരേപോലെയുള്ള ആഭരണത്തിന് രണ്ട് വ്യത്യസ്ത കടകളില്‍ നിന്ന് വ്യത്യസ്തമായ വിലകള്‍ ലഭിക്കുന്നതിന് കാരണമിതാണെന്ന് ഗുഹ ചൂണ്ടിക്കാട്ടി. സ്വര്‍ണാഭരണങ്ങള്‍ 22 കാരറ്റ്, 18 കാരറ്റ് എന്നിവയ്ക്ക് പുറമെ 9 കാരറ്റിലും ലഭ്യമാണ്. കാരറ്റ് കൂടുന്തോറും സ്വര്‍ണത്തിന്റെ അളവും കൂടുന്നു. സ്വര്‍ണത്തിന്റെ യഥാര്‍ത്ഥ ഭാരത്തെ, അതിന്റെ ശുദ്ധതയ്ക്കനുസരിച്ചുള്ള അന്നത്തെ നിരക്ക് കൊണ്ട് ഗുണിച്ചാണ് സ്വര്‍ണത്തിന്റെ മൂല്യം കണക്കാക്കുന്നത്.
ആഭരണങ്ങളുടെ അന്തിമ വില കണക്കാക്കാന്‍ സ്വര്‍ണ വ്യാപാരികള്‍ സാധാരണയായി ഉപയോഗിക്കുന്ന സൂത്രവാക്യം ആകെ വില = [ശുദ്ധമായ സ്വര്‍ണത്തിന്റെ ഭാരം × അന്നത്തെ സ്വര്‍ണ വില × ശുദ്ധത) + പണിക്കൂലി + നഷ്ടപ്പെടുന്ന സ്വര്‍ണത്തിന്റെ മൂല്യം ] × 1.03 + ഹാള്‍മാര്‍ക്കിംഗ് ഫീസ്. ശുദ്ധമായ സ്വര്‍ണത്തിന്റെ ഭാരം കണക്കാക്കുമ്പോള്‍, ആഭരണത്തിലുള്ള കല്ലുകളുടെ ഭാരം ഒഴിവാക്കി, സ്വര്‍ണത്തിന്റെ ഭാരം മാത്രമാണ് എടുക്കേണ്ടതെന്ന് രാജ് ഡയമണ്ട്സ് മാനേജിംഗ് ഡയറക്ടര്‍ ഈശ്വര്‍ സുരാന പറയുന്നു.
22 കാരറ്റ് സ്വര്‍ണത്തിന് ശുദ്ധതയുടെ അളവ് 0.916-ഉം, 18 കാരറ്റ് സ്വര്‍ണ്ണത്തിന് 0.75-ഉം ആണ്. പണിക്കൂലിയില്‍ തൊഴിലാളികളുടെ കൂലിയും ഡിസൈന്‍ ചെലവുകളും ഉള്‍പ്പെടുന്നു. ആഭരണം നിര്‍മ്മിക്കുന്നതിനിടയില്‍ നഷ്ടപ്പെടുന്ന സ്വര്‍ണത്തിന്റെ മൂല്യമാണ് വേസ്റ്റേജ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. 1.03 എന്നത് 3% ജിഎസ്ടി ചേര്‍ക്കുന്നതിനെ സൂചിപ്പിക്കുന്നു.
ഹാള്‍മാര്‍ക്കിംഗ് ഫീസ് വളരെ കുറഞ്ഞ തുകയാണെങ്കിലും, ചില ബില്ലുകളില്‍ ഇതിന് മുകളിലും നികുതി ഈടാക്കാറുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉദാഹരണത്തിന് ഒരു ഗ്രാം സ്വര്‍ണത്തിന് 10,000 രൂപ നിരക്കില്‍ 11 ഗ്രാം ഭാരമുള്ള ഒരു മാലയുടെ സ്വര്‍ണ മൂല്യം 1,10,000 രൂപ വരുന്നു. ഇതിനോടൊപ്പം 10,000 രൂപ പണിക്കൂലിയായി കൂട്ടുക. അപ്പോള്‍ ലഭിക്കുന്ന 1,20,000 രൂപയെ 1.03 കൊണ്ട് ഗുണിക്കുമ്പോള്‍, ഹാള്‍മാര്‍ക്കിംഗ് ഫീസ് ഒഴികെ 1,23,600 രൂപ ലഭിക്കുന്നു.


Click it and Unblock the Notifications
