സ്വര്‍ണം കൈയിലുണ്ടെങ്കില്‍ വില്‍ക്കേണ്ട.. എക്‌സ്‌ചേഞ്ച് ഓഫറില്‍ പുതിയത് വാങ്ങിക്കോ? നഷ്ടം വരില്ല
സ്വര്‍ണവിലയില്‍ ഈ ആഴ്ചയില്‍ വലിയ കുതിപ്പാണ് ഉണ്ടായത്. ഏകദേശം 6000 രൂപയോളം വര്‍ധനവാണ് പവന്‍ സ്വര്‍ണത്തിന് ഈ ആഴ്ച കൂടിയത്. ഇതോടെ പവന് 1.10 ലക്ഷം എന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ് സ്വര്‍ണം. എന്നാല്‍ വില കൂടുമ്പോഴും പഴയ സ്വര്‍ണം വില്‍ക്കാന്‍ ആളുകള്‍ വിമുഖത കാണിക്കുന്നുണ്ട്. അതേസമയം തന്നെ ജ്വല്ലറിയില്‍ സ്വര്‍ണം വാങ്ങാനെത്തുന്നവരുടെ എണ്ണം കൂടുന്നുമുണ്ട്.
ജ്വല്ലറികളിലെ എക്‌സ്‌ചേഞ്ച് ഓഫറുകള്‍ ആളുകള്‍ ഉപയോഗപ്പെടുത്തുന്നതിനാലാണ് ഇത്. പുതിയ ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ പഴയ സ്വര്‍ണം നല്‍കി വില കുറയ്ക്കാന്‍ എക്സ്ചേഞ്ച് ഓഫറുകള്‍ അവരെ സഹായിക്കുന്നു. എക്സ്ചേഞ്ച് ഇടപാടുകളില്‍ 10 മുതല്‍ 20 ശതമാനം വരെ വര്‍ധനവുണ്ടായതായി ചില്ലറ വ്യാപാരികള്‍ പറയുന്നു. ചിലയിടങ്ങളില്‍ ആകെ വില്‍പ്പനയുടെ 70 ശതമാനത്തോളം പഴയ സ്വര്‍ണം കൈമാറ്റം ചെയ്തുള്ളവയാണെന്നും റിപ്പോര്‍ട്ടുണ്ട്.

12 മെട്രോ, ടയര്‍-1 നഗരങ്ങളിലെ 1,963 ഉപഭോക്താക്കളില്‍ വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ നടത്തിയ സര്‍വേയില്‍, ഭാരം കുറഞ്ഞതും കുറഞ്ഞ കാരറ്റ് മൂല്യമുള്ളതുമായ ആഭരണങ്ങള്‍ വാങ്ങാന്‍ ആളുകള്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നതായി കണ്ടെത്തി. എക്സ്ചേഞ്ച് ഓഫറുകള്‍, സേവിംഗ്സ് സ്‌കീമുകള്‍, ഇഎംഐ സൗകര്യങ്ങള്‍ എന്നിവയും വാങ്ങലുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
വില, കിഴിവുകള്‍, എക്സ്ചേഞ്ച് ഓഫറുകള്‍, പണമടയ്ക്കാനുള്ള വഴികള്‍ എന്നിവ താരതമ്യം ചെയ്ത ശേഷം മാത്രം വാങ്ങലുകള്‍ നടത്തുന്ന, മൂല്യബോധത്തോടെയുള്ള ഉപഭോഗരീതിയിലേക്കുള്ള മാറ്റമാണ് ഈ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത് എന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പറയുന്നു. അതിനിടെ രണ്ടാം പാദത്തില്‍ ഇന്ത്യയുടെ സ്വര്‍ണ വിതരണം 120 ടണ്ണായി കുറഞ്ഞു.
ഇത് കഴിഞ്ഞ ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്. അറ്റ സ്വര്‍ണ്ണ ഇറക്കുമതി 98 ടണ്ണായിരുന്നു. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 22 ശതമാനവും തൊട്ടുമുമ്പുള്ള പാദത്തെ അപേക്ഷിച്ച് 53 ശതമാനവും കുറവാണ്. അക്ഷയ തൃതീയയോടനുബന്ധിച്ചുള്ള ആവശ്യകത കാരണം ഏപ്രിലില്‍ ഇറക്കുമതി ഭേദപ്പെട്ട നിലയിലായിരുന്നെങ്കിലും, ഉയര്‍ന്ന ഇറക്കുമതി തീരുവ പ്രാബല്യത്തില്‍ വന്നതോടെ മെയ്, ജൂണ്‍ മാസങ്ങളില്‍ അത് കുറഞ്ഞു.
വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കനുസരിച്ച്, വിതരണത്തിലെ കുറവ് ആഭ്യന്തര വിപണിയിലെ ദൗര്‍ലഭ്യത്തെ സൂചിപ്പിക്കുന്നില്ല. മറിച്ച്, ആവശ്യകതയിലുണ്ടായ കുറവ് ഇറക്കുമതിയുടെ ആവശ്യകതയും കുറച്ചു എന്ന് മാത്രം. അതേസമയം വ്യവസായ മേഖലയിലെ സ്റ്റോക്കും പുനരുപയോഗിച്ച സ്വര്‍ണവും ആവശ്യകത നിറവേറ്റാന്‍ സഹായിച്ചു. രണ്ടാം പാദത്തിലെ ആകെ വിതരണത്തില്‍ 16 ശതമാനം പുനരുപയോഗിച്ച സ്വര്‍ണവും, 82 ശതമാനം ഇറക്കുമതിയും, 2 ശതമാനം ആഭ്യന്തര ഖനന ഉല്‍പ്പാദനവുമാണ് ഉള്‍പ്പെട്ടിരുന്നത്.
അതേസമയം ഔദ്യോഗിക ഇറക്കുമതിയിലുണ്ടായ കുറവ് അനൗദ്യോഗിക മാര്‍ഗങ്ങളിലൂടെയുള്ള സ്വര്‍ണ്ണ വരവിനെക്കുറിച്ചുള്ള ആശങ്കകളും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതിന് ശേഷം അനൗദ്യോഗിക മാര്‍ഗങ്ങളിലൂടെയുള്ള സ്വര്‍ണ വരവ് വര്‍ദ്ധിച്ചതായി കൗണ്‍സില്‍ വ്യക്തമാക്കുന്നു.
15 ശതമാനം ഇറക്കുമതി തീരുവയും 3 ശതമാനം ജിഎസ്ടിയും ചേര്‍ന്നുള്ള ഘടന ഔദ്യോഗികവും അനൗദ്യോഗികവുമായ മാര്‍ഗങ്ങള്‍ തമ്മില്‍ വലിയ അന്തരം സൃഷ്ടിച്ചതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ ഇന്ത്യന്‍ വിഭാഗം സിഇഒ സച്ചിന്‍ ജെയിന്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. അനൗദ്യോഗിക ഇറക്കുമതിയെ കേന്ദ്രീകരിച്ച് ഒരു വ്യവസായം തന്നെ വളര്‍ന്നുവരാന്‍ ഈ വ്യത്യാസം കാരണമാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.





Click it and Unblock the Notifications