ജനുവരിയില്‍ സ്വര്‍ണം വാങ്ങിയവര്‍ക്ക് നഷ്ടം...! ഇന്ന് ഒരുലക്ഷം രൂപയ്ക്ക് 25% അധികം സ്വര്‍ണം വാങ്ങാം!!
ഇന്ത്യന്‍ സ്വര്‍ണ വിപണിയെ സംബന്ധിച്ചിടത്തോളം വരാനിരിക്കുന്ന ആഴ്ച വളരെ നിര്‍ണായകമാണ്. രാജ്യത്തെ സ്വര്‍ണ വില്‍പനയുടെ ഭൂരിഭാഗവും നടക്കുന്ന ധന്തേരാസ്-ദീപാവലി സീസണിന് തുടക്കമായിരിക്കുകയാണ്. വിലയേറിയ ലോഹങ്ങള്‍ വാങ്ങുന്നതിനായി വളരെ ശുഭകരമായ ഒരു അവസരമായാണ് ഈ ആഘോഷത്തെ കാണുന്നത്. സ്വര്‍ണം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് നിലവിലെ വില ഒരു ആശ്വാസമാണ്.
കാരണം, 2026 ജനുവരിയില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന നിരക്കുകളെ അപേക്ഷിച്ച് സ്വര്‍ണവില ഇപ്പോള്‍ വളരെ കുറവാണ്. ഈ വര്‍ഷത്തിന്റെ തുടക്കത്തിലുണ്ടായിരുന്ന വിലയുമായി താരതമ്യം ചെയ്യുമ്പോള്‍, നിലവിലെ വിലയില്‍ സ്വര്‍ണം വാങ്ങുമ്പോള്‍ ഏകദേശം 25% അധികം സ്വര്‍ണം ലഭിക്കാന്‍ സാധ്യതയുണ്ട്. ജനുവരി അവസാനത്തില്‍ 1 ലക്ഷം രൂപ മുടക്കി സ്വര്‍ണം വാങ്ങിയിരുന്നെങ്കില്‍, ഏകദേശം 5.7 ഗ്രാം 24 കാരറ്റ് സ്വര്‍ണം ലഭിക്കുമായിരുന്നു.

എന്നാല്‍ ഇന്ന് അതേ തുകയ്ക്ക് ഏകദേശം 7.1 ഗ്രാം സ്വര്‍ണം ലഭിക്കും. നിലവില്‍ 24 കാരറ്റ് സ്വര്‍ണത്തിന്റെ അടിസ്ഥാന വില 10 ഗ്രാമിന് 1,40,054 രൂപയാണ്. ജനുവരി 29-ന് രേഖപ്പെടുത്തിയ റെക്കോര്‍ഡ് വിലയായ 1,75,340 രൂപയേക്കാള്‍ ഏകദേശം 20% കുറവാണിത്. നവംബര്‍ 6-ന് വരുന്ന ധന്തേരസിന് മുന്നോടിയായി സ്വര്‍ണം വാങ്ങുന്നവര്‍ക്ക്, മുന്‍പുണ്ടായിരുന്ന ഉയര്‍ന്ന വിലയുമായി താരതമ്യം ചെയ്യുമ്പോള്‍, ഓരോ രൂപയ്ക്കും ഏകദേശം 25% അധികം സ്വര്‍ണം ലഭിക്കുന്നു.
എംസിഎക്‌സില്‍ വിലയിടിവ് ഇതിലും കൂടുതലാണ്. വെള്ളിയാഴ്ച ഡിസംബര്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് 10 ഗ്രാമിന് 1,38,419 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ജനുവരിയിലെ ഉയര്‍ന്ന വിലയായ 1,80,779 രൂപയേക്കാള്‍ ഏകദേശം 23% കുറവാണിത്. അതേസമയം സ്വര്‍ണത്തിന് ജനുവരിയെ അപേക്ഷിച്ച് വില കുറവാണെങ്കിലും, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വില കൂടുതലാണ്.
കഴിഞ്ഞ വര്‍ഷത്തെ ധന്തേരസിന് തൊട്ടുമുമ്പുള്ള പ്രവൃത്തിദിനമായ 2025 ഒക്ടോബര്‍ 17-ന്, 24 കാരറ്റ് സ്വര്‍ണവില 10 ഗ്രാമിന് 1,29,584 രൂപയായിരുന്നു. അന്ന് 1 ലക്ഷം രൂപയ്ക്ക് 7.7 ഗ്രാം സ്വര്‍ണം ലഭിക്കുമായിരുന്നു. ഇന്നത്തെ സ്വര്‍ണവില അപ്പോഴത്തേതിനേക്കാള്‍ ഏകദേശം 8% കൂടുതലാണ്. അതിനാല്‍, അതേ തുകയ്ക്ക് ഇപ്പോള്‍ ഏകദേശം 7.5% കുറവ് സ്വര്‍ണം മാത്രമേ ലഭിക്കൂ.
കഴിഞ്ഞ ധന്തേരസിന് സ്വര്‍ണം വാങ്ങിയ നിക്ഷേപകര്‍ക്ക് ഇപ്പോഴും ചെറിയൊരു ലാഭം ലഭിക്കുന്നുണ്ട്. ജനുവരിയിലെ ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണം വാങ്ങിയവര്‍ക്ക് ഏകദേശം 20 ശതമാനം നഷ്ടം സംഭവിച്ചിട്ടുണ്ട്.യ അന്ന് നിക്ഷേപിച്ച 1 ലക്ഷം രൂപയ്ക്ക് ഇപ്പോള്‍ ഏകദേശം 79,900 രൂപയോളം മാത്രമേ മൂല്യമുള്ളൂ. ഈ അടിസ്ഥാന നിരക്കുകളില്‍ 3 ശതമാനം ജിഎസ്ടിയും ആഭരണ പണിക്കൂലിയും ഉള്‍പ്പെടുത്തിയിട്ടില്ല.
ജിഎസ്ടി മാത്രം കണക്കിലെടുത്താല്‍ 1 ലക്ഷം രൂപയ്ക്ക് ഏകദേശം 6.9 ഗ്രാം 24 കാരറ്റ് സ്വര്‍ണം ലഭിക്കും. ഏകദേശം 12 ശതമാനം വരുന്ന പണിക്കൂലി കൂടി കണക്കാക്കുമ്പോള്‍, ലഭിക്കുന്ന സ്വര്‍ണത്തിന്റെ അളവ് ഏകദേശം 6.2 ഗ്രാമായി കുറയുന്നു. കഴിഞ്ഞ ദിവസം വാള്‍സ്ട്രീറ്റില്‍ സാങ്കേതിക ഓഹരികളുടെ വില്‍പന വ്യാപകമായതിനെത്തുടര്‍ന്ന്, മറ്റ് ആസ്തികളും വില്‍ക്കാന്‍ നിര്‍ബന്ധിതമായ സാഹചര്യം ഉണ്ടായതോടെ, സ്വര്‍ണവില ഏകദേശം 4 ശതമാനം ഇടിഞ്ഞ് ഒരു ഔണ്‍സിന് 3,875 ഡോളറിനടുത്തെത്തി.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ജനുവരിയില്‍ രേഖപ്പെടുത്തിയ 5,595 ഡോളര്‍ എന്ന റെക്കോര്‍ഡ് വിലയില്‍ നിന്ന് ഏകദേശം 30 ശതമാനം കുറവാണ് അന്താരാഷ്ട്ര വിപണിയിലെ ഇപ്പോഴത്തെ സ്വര്‍ണവില. ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ധനയും സമ്മര്‍ദ്ദം കൂട്ടിയിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്കില്‍ എണ്ണ ടാങ്കറിനു നേരെ വീണ്ടും ആക്രമണം ഉണ്ടായതിനെത്തുടര്‍ന്ന്, വെള്ളിയാഴ്ച ബ്രെന്റ് ക്രൂഡ് ഓയില്‍ വില ഒരു ബാരലിന് 117 ഡോളറിന് മുകളിലെത്തി.
ഇത് പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകള്‍ നിലനിര്‍ത്തുന്നതിനൊപ്പം, ഡിസംബറില്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകള്‍ വീണ്ടും ഉയര്‍ത്തുമെന്ന സാധ്യതയ്ക്കും ആക്കം കൂട്ടി. പലിശനിരക്കുകള്‍ ഉയരുമ്പോള്‍, സ്വര്‍ണം പോലെ വരുമാനം നല്‍കാത്ത ആസ്തികളുടെ ആകര്‍ഷണീയത കുറയുന്നു. ഈ വിലയിടിവ് ദീര്‍ഘകാല നിക്ഷേപകര്‍ക്ക് ഒരു അവസരമാണെന്ന് പല വിശകലന വിദഗ്ധരും അഭിപ്രായപ്പെടുന്നു.
'പുതിയ നിക്ഷേപങ്ങള്‍ ഒറ്റയടിക്ക് നടത്തുന്നതിന് പകരം ഘട്ടം ഘട്ടമായി നടത്തുന്നതാണ് ഉചിതം,' എന്ന് ഇക്വിട്രസ്റ്റ് സൊല്യൂഷന്‍സ് സ്ഥാപകന്‍ ശിവ ഗ്രോവര്‍ പറഞ്ഞു. വര്‍ഷങ്ങളോളം നിക്ഷേപം തുടരാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഈ വിലയിടിവ് ഒരു അവസരമാണെങ്കിലും, ഫെഡറല്‍ റിസര്‍വിന്റെ തുടര്‍നടപടികള്‍ വ്യക്തമാകുന്നതുവരെ വിപണിയിലെ ചാഞ്ചാട്ടം തുടരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണത്തിനുള്ള സാധ്യതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. സ്വര്‍ണവില ഒരു ഔണ്‍സിന് 4,000 ഡോളറില്‍ താഴെയാകുമ്പോള്‍ കേന്ദ്ര ബാങ്കുകളില്‍ നിന്നുള്ള ആവശ്യം വര്‍ധിക്കാറുണ്ടെന്ന് വിശകലന വിദഗ്ധര്‍ പറഞ്ഞു. വിലയേറിയ ലോഹങ്ങളുടെ വിപണിയില്‍ തിരിച്ചുവരവുണ്ടാകുമെന്ന് കൊമേഴ്സ് ബാങ്കും വിലയിരുത്തുന്നു.


Click it and Unblock the Notifications
