സ്വർണ വില കുത്തനെ കയറുമ്പോഴും ലാഭം കൊയ്യാം: പക്ഷെ ആഭരണം വാങ്ങരുത്; ചെറിയ തുകയ്ക്ക് നിക്ഷേപിക്കാം
സ്വർണ വില റെക്കോർഡ് നിരക്കിലേക്ക് ഉയർന്നതോടെ രാജ്യത്തെ സ്വർണാഭരണ വില്‍പ്പനയില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ മറുവശത്ത് സ്വർണത്തില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണത്തിലും വലിയ വർധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പ്രധാനമായും ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ (ഇ.ടി.എഫുകൾ) യുവാക്കളുടെ ഏറ്റവും ഇഷ്ടപ്പെട്ട നിക്ഷേപ മാർഗമായി മാറിയിരിക്കുകയാണ്.
ഏറ്റവും ബുദ്ധിപൂർവ്വമായ നിക്ഷേപ മാർഗ്ഗം എന്ന നിലയിലാണ് ഇ ടി എഫുകള്‍ ശ്രദ്ധേയമായി മാറിക്കൊണ്ടിരിക്കുന്നത്. ഈ വർഷം മാത്രം 66 ശതമാനം റിട്ടേൺ നൽകിയ ഗോൾഡ് ഇ.ടി.എഫുകൾ, ആഗോള രാഷ്ട്രീയ അസ്ഥിരത, താരിഫ് തർക്കങ്ങൾ, ഓഹരി വിപണിയിലെ ഇടിവ്, രൂപയുടെ മൂല്യത്തകർച്ച എന്നിവയാൽ ചുറ്റപ്പെട്ട സമകാലീന സാഹചര്യത്തിൽ മറ്റ് നിക്ഷേപ മാർഗങ്ങളേക്കാള്‍ കൂടുതല്‍ മികച്ച് നില്‍ക്കുകയാണ്.

സ്വർണാഭരണങ്ങളും നാണയങ്ങളും പോലുള്ള പരമ്പരാഗത നിക്ഷേപങ്ങൾ ദീർഘകാലം ജനപ്രിയമായിരുന്നെങ്കിലും, ഇപ്പോൾ ധാരാളം നിക്ഷേപകർ ഇ.ടി.എഫുകൾ വഴി ഡിജിറ്റൽ ഗോൾഡിലേക്ക് മാറിക്കൊണ്ടിരിക്കുന്നത് പരമ്പരാഗത ജ്വല്ലറി ഉടമകള്‍ക്ക് വലിയ ക്ഷീണമാണ് ഉണ്ടാക്കുന്നതെങ്കിലും നിക്ഷേപകർക്ക് വലിയ ലാഭം നേടാന്‍ വഴി ഒരുക്കുന്നു.
സ്വർണത്തിന്റെ പ്രസക്തി
പണപ്പെരുപ്പം, കറൻസി മൂല്യത്തകർച്ച, സാമ്പത്തിക മാന്ദ്യം എന്നിവയുടെ കാലത്ത് സ്ഥിരമായി മൂല്യം വർധിക്കുന്ന ഏക ആസ്തി സ്വർണമാണ്. എന്നാൽ, ആഭരണങ്ങളോ നാണയങ്ങളോ പോലുള്ള ഭൗതിക സ്വർണത്തിന് പോരായ്മകൾ ധാരാളമുണ്ട്. പരിശുദ്ധി പരിശോധന, ഉയർന്ന പണിക്കൂലി, സൂക്ഷിക്കാനുള്ള ബുദ്ധിമുട്ടുകൾ, വിൽക്കുമ്പോഴുള്ള ലിക്വിഡിറ്റി പ്രശ്നങ്ങൾ എന്നിവയെല്ലാം ഭൌതിക സ്വർണ്ണത്തിനുള്ള പ്രധാന വെല്ലുവിളികളാണ്. ഇതാണ് പ്രധാനമായും നിക്ഷേപകരെ സ്വർണ ഇ ടി എഫുകളിലേക്ക് വഴിമാറി ചിന്തിപ്പിക്കുന്നത്. ശുദ്ധത, സൂക്ഷിപ്പിന്റെ പ്രശ്നം, പണിക്കൂലി തുടങ്ങിയ സങ്കീർണ്ണതകളൊന്നും ഇടിഎഫുകള്‍ക്കില്ലെന്നതാണ് പ്രത്യേകത.
ഗെയിം ചേഞ്ചർ
ശുദ്ധ സ്വർണത്തിൽ നേരിട്ട് നിക്ഷേപിക്കുന്ന മ്യൂച്ച്വൽ ഫണ്ട് സ്കീമുകളാണ് ഗോൾഡ് ഇ.ടി.എഫുകൾ. ഒരു യൂനിറ്റ് സാധാരണയായി ഒരു ഗ്രാം സ്വർണത്തെ പ്രതിനിധീകരിക്കുന്നു. ഓഹരി വിപണികളിൽ വ്യാപാരം ചെയ്യപ്പെടുന്ന ഈ ഫണ്ടുകൾ, ബ്രോക്കറേജ് അക്കൗണ്ടുകൾ വഴി ഉടൻ വാങ്ങാനോ വിൽക്കാനോ സാധ്യമാക്കുന്നു. പണിക്കൂലി പോലുള്ള അധിക ചെലവുകൾ ഭൗതിക സ്വർണത്തിനുണ്ടെങ്കിലും, ഗോൾഡ് ഇ.ടി.എഫുകളുടെ ചെലവ് 0.30% മുതൽ 0.80% വരെ മാത്രമാണ്.
ഭൗതിക സ്വർണം വിൽക്കുമ്പോൾ പരിശുദ്ധി പരിശോധനയും പണിക്കൂലി കുറവും നേരിടേണ്ടി വരും. വാങ്ങുമ്പോൾ വലിയ തുകയൊന്നിച്ച് നൽകുകയും വേണം. എന്നാൽ, ഗോൾഡ് ഇ.ടി.എഫുകളില്‍ ചെറിയ തുകകൾ മാസംതോറും നിക്ഷേപിച്ച് നമ്മുടെ സമ്പാദ്യം വളർത്താന്‍ സഹായിക്കുന്നു. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)യുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഈ ഫണ്ടുകൾ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കുന്നു. ഇതിലൂടെ നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു.
ഇ.ടി.എഫുകളെ പിന്തുണയ്ക്കുന്ന സ്വർണം ഇൻഷുറൻസ് പരിരക്ഷയോടെ സുരക്ഷിത വോൾട്ടുകളിൽ സൂക്ഷിക്കപ്പെടുന്നു. അതായത് മോഷണ ഭീഷണിയോ സൂക്ഷിപ്പ് ചെലവോ ഇല്ലാതാക്കുന്നു. ഏറ്റവും പ്രധാനം ഗോൾഡ് ഇ ടി എഫുകൾ ജി എസ് ടിയിൽ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു.
മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഇടിഎഫുകള്‍
നിക്ഷേപകരുടെ വിശ്വാസവും ഫണ്ടിന്റെ സ്ഥിരതയും അളക്കുന്ന പ്രധാന സൂചകമായ അസറ്റ് അണ്ടർ മാനേജ്മെന്റ് (എ.യു.എം) അടിസ്ഥാനമാക്കി, ഇന്ത്യയിലെ ടോപ് അഞ്ച് ഗോൾഡ് ഇ.ടി.എഫുകൾ ഇവയാണ്:
- നിപ്പോൺ ഇന്ത്യ ഇ.ടി.എഫ് ഗോൾഡ് ബീസ്: 23,832 കോടി രൂപയുടെ എ.യു.എം ഉള്ള ഏറ്റവും വലിയ ഗോൾഡ് ഇ.ടി.എഫ്.
- എച്ച്.ഡി.എഫ്.സി ഗോൾഡ് ഇ.ടി.എഫ്: 11,379 കോടി രൂപയുടെ ആസ്തി കൈകാര്യം ചെയ്യുന്ന രണ്ടാമത്.
- എസ്.ബി.ഐ ഗോൾഡ് ഇ.ടി.എഫ്: 9,506 കോടി രൂപയുടെ എ.യു.എം ഉള്ള മൂന്നാമത്.
- ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യൽ ഗോൾഡ് ഇ.ടി.എഫ്: 8,770 കോടി രൂപയുടെ എ.യു.എം ഉള്ള നാലാമത്.
- കൊട്ടക് ഗോൾഡ് ഇ.ടി.എഫ്: 8,315 കോടി രൂപയുടെ ആസ്തിയുമായി അഞ്ചാമത്.












Click it and Unblock the Notifications