സ്വർണത്തിന്റെ കാര്യത്തില്‍ യുഎഇ പോലെയല്ല ഇന്ത്യ: ആഭരണങ്ങളെ കൈവിടില്ല, ഡിമാന്‍ഡ് ഉയരും
സ്വർണ വില വലിയ തോതില്‍ ഉയർന്നതോടെ യുഎഇ അടക്കമുള്ള രാജ്യങ്ങളില്‍ സ്വർണാഭരണങ്ങളുടെ ഡിമാന്‍ഡില്‍ വലിയ ഇടിവ് ഉണ്ടാകുന്നതാണ് കാണാന്‍ സാധിക്കുന്നത്. സ്വർണാഭരണങ്ങള്‍ക്ക് പകരം സ്വർണ്ണക്കട്ടികള്‍, ഡിജിറ്റല്‍ സ്വർണം എന്നിവയില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണത്തില്‍ വലിയ തോതില്‍ വർധനവ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ വില ഉയർന്ന് നില്‍ക്കുകയാണെങ്കിലും വരും മാസങ്ങളില്‍ സ്വർണാഭരണങ്ങള്‍ക്കുള്ള ഡിമാന്‍ഡ് ഉയരുമെന്നാണ് വേൾഡ് ഗോൾഡ് കൗൺസിലിന്റെ (WGC) ഇന്ത്യ റിസർച്ച് മേധാവി കവിത ചാക്കോ ഒരു റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
ഉത്സവ, വിവാഹ സീസണുകൾ അടുത്തുവരുന്നതാണ് രാജ്യത്തെ സ്വർണാഭരണങ്ങളിലെ ഡിമാന്‍ഡ് ഉയരാന്‍ ഇടയാക്കുന്നതെന്നും വേൾഡ് ഗോൾഡ് കൗൺസില്‍ പറയുന്നു. വരും മാസങ്ങളിൽ നിക്ഷേപ താൽപ്പര്യം ശക്തമായി തുടരുന്നതിനാൽ മൊത്തത്തിലുള്ള സ്വർണ ഡിമാൻഡും വർധിക്കുമെന്ന് റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു. ഇന്ത്യ ഇന്റർനാഷണൽ ജ്വല്ലറി ഷോയിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, നിരവധി നിർമാതാക്കൾക്ക് പ്രതീക്ഷിച്ചതിലും മികച്ച ഓർഡറുകള്‍ ലഭിച്ചിട്ടുണ്ട്.

"കഴിഞ്ഞ മാസങ്ങളിൽ മന്ദഗതിയിലായിരുന്ന ഡിമാൻഡ് കാരണം സ്റ്റോക്ക് കുറയ്ക്കാൻ ശ്രദ്ധിച്ചിരുന്ന റീട്ടെയിലർമാർ ഉത്സവ വിൽപ്പന മെച്ചപ്പെടുമെന്ന പ്രതീക്ഷയിൽ സജീവമായി കൂടുതല്‍ സ്റ്റോക്ക് നിറയ്ക്കുകയാണ്. സ്വർണ വിലകളിലെ സ്ഥിരത വാങ്ങലുകാർക്കിടയിൽ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്"കവിത ചാക്കോ വ്യക്തമാക്കുന്നു.
ഈ മാസം അന്താരാഷ്ട്ര വിപണയില്‍ സ്വർണ വിലകൾ 1% വർധിച്ച് ഓഗസ്റ്റിന്റെ ആദ്യ പകുതിയിൽ ഔൺസിന് 3,335 ഡോളറിലെത്തി. ഡോളറിന്റെ മൂല്യത്തിലെ ദൗർബല്യം, യുഎസ് ഫെഡറൽ റിസർവിന്റെ പലിശനിരക്ക് കുറയ്ക്കൽ പ്രതീക്ഷകൾ, തീരുവ വികസനങ്ങൾ എന്നിവയാണ് ഈ മാസത്തെ വില വർധനവിന് കാരണമായത്. എന്നിരുന്നാലും, മൊത്തത്തിലുള്ള വിലകയറ്റം പരിമിതമായിരുന്നുവെന്നും ചാക്കോ കൂട്ടിച്ചേർക്കുന്നു.
ഇന്ത്യയിൽ, ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞത് സ്വർണ വില വർധനവിനെ സ്വാധീനിച്ചു. വ്യാഴാഴ്ച വരെ, 10 ഗ്രാമിന് 99,665 രൂപയായി സ്വർണ വില 1.6% ഉയർന്നു. "പ്രധാനമായി, ഡിമാൻഡ് മെച്ചപ്പെടുന്നതിന്റെ സൂചനകൾ ആഭ്യന്തര വിപണിയിലെ ഡിസ്കൗണ്ടുകൾ കുറയാൻ കാരണമായി-ജൂണിലെ ശരാശരി 27 ഡോളർ/ഔൺസിൽ നിന്ന് ഓഗസ്റ്റ് മധ്യത്തോടെ ഇത് 3.7 ഡോളർ/ഔൺസായി," ചാക്കോ പറഞ്ഞു.
ഇന്ത്യൻ സ്വർണ എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ (ETFs) ജൂലൈയിൽ തുടർച്ചയായ മൂന്നാം മാസവും നെറ്റ് ഇൻഫ്ലോ റിപ്പോർട്ട് ചെയ്തു. ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും ആഗോള നയ-അനിശ്ചിതത്വങ്ങളുമാണ് ഇൻഫ്ലോയുടെ പ്രധാന ഘടകങ്ങൾ. എന്നാൽ, ജൂലൈയിൽ നെറ്റ് ഇൻഫ്ലോ 41% കുറഞ്ഞ് 12.6 ബില്യൺ രൂപയായി. ഓഗസ്റ്റിലെ ആദ്യ രണ്ടാഴ്ചകളിലെ ഡാറ്റ പ്രകാരം, ഇന്ത്യൻ സ്വർണ ഇ ടി എഫുകളിലേക്കുള്ള ഇൻഫ്ലോ വർധിച്ചതായും ചാക്കോ പറഞ്ഞു.
ഇന്ത്യൻ സ്വർണ ഇടിഎഫുകളുടെ മൊത്തം ആസ്തി മാനേജ്മെന്റ് (AUM) ജൂലൈ 31 വരെ വർഷാവർഷം 96% വർധിച്ച് 676 ബില്യൺ രൂപയായി. ഇതോടൊപ്പം മൊത്തം സ്വർണ ശേഖരം 68 ടണ്ണായി ഉയർന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ജൂലൈയിൽ സ്വർണ ശേഖരത്തിൽ വലിയ വർധനവ് നടത്തിയില്ല എന്നത് ശ്രദ്ധേയമാണ്. ജൂണിൽ 400 കിലോഗ്രാം സ്വർണം ആ ർ ബി ഐ വാങ്ങിയിരുന്നു. ഈ വർഷം ആദ്യത്തെ ഏഴ് മാസങ്ങളിൽ മാത്രം 4 ടൺ സ്വർണമാണ് ആർ ബി ഐ തങ്ങളുടെ ശേഖരത്തിലേക്ക് കൂട്ടിയത്.
"സ്വർണ വിലയിലെ വലിയ വർധനവിനിടയിലും ആർ ബി ഐ സ്വർണ ശേഖരത്തില്‍ സ്വീകരിക്കുന്ന തന്ത്രങ്ങള്‍ ഒരു ജാഗ്രതാ സമീപനം സൂചിപ്പിക്കുന്നു. എന്നിരുന്നാലും, RBI-യുടെ സ്വർണ ശേഖരം 880 ടണ്ണിൽ റെക്കോർഡ് ഉയരത്തിലാണ്, ഇത് അതിന്റെ വിദേശനാണ്യ ശേഖരത്തിന്റെ 12% ആണ്. വർഷാവർഷം 4% വർധനവുണ്ടായി," കവിത ചാക്കോ പറഞ്ഞു.
ജൂലൈയിൽ മൂന്ന് മാസത്തെ ഇടിവിന് ശേഷം ഇന്ത്യയിലേക്കുള്ള സ്വർണ ഇറക്കുമതി ശക്തമായ തിരിച്ചുവരവ് നടത്തി എന്നുള്ളതും ശ്രദ്ധേയമാണ്. ജൂലൈയിൽ 4 ബില്യൺ ഡോളറിന്റെ സ്വർണമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇത് വർഷത്തിന്റെ ആദ്യ ആറ് മാസങ്ങളിലെ പ്രതിമാസ ശരാശരിയെ മറികടക്കുകയും ചെയ്തു.












Click it and Unblock the Notifications