സ്വർണ വില കുതിച്ചു, പക്ഷെ ഇന്ത്യക്കാരുടെ സ്വർണപ്രേമം കുറഞ്ഞില്ല: വന്‍തോതില്‍ വാങ്ങിക്കൂട്ടി, കണക്ക്
ഡല്‍ഹി: കേരളത്തിന് അകത്തും പുറത്തും സ്വർണ വിലയില്‍ സമാനതകളില്ലാത്ത വർധനവാണ് അടുത്ത കാലത്തായി ഉണ്ടായത്. പവന് 54000 എന്ന അപ്രതീക്ഷിത നിരക്കിലേക്കായിരുന്നു സ്വർണം കുതിച്ചത്. സാധാരണക്കാരെ സ്വർണത്തില്‍ നിന്നും പിന്തിരിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു ഈ വർധനവ്. എന്നാല്‍ രാജ്യത്തെ മൊത്തം സ്വർണ ആവശ്യകതയില്‍ ഇടിവ് വരുത്താന്‍ ഈ റെക്കോർഡ് വർധനവിന് സാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
രാജ്യത്തെ മൊത്തം സ്വർണ ആവശ്യകതയില്‍ വർധനവ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സ്വർണ്ണ ആവശ്യകതയിൽ 8% വാർഷിക വർദ്ധനവാണ് ഇന്ത്യയിലുണ്ടായിരിക്കുന്നത്. മാർച്ച് പാദത്തിൽ ഇന്ത്യയുടെ സ്വർണ ആവശ്യകത 136.6 ടണ്ണിലെത്തി. സ്വർണ്ണ വില റെക്കോർഡ് ഉയരത്തിൽ എത്തിയിട്ടും, ശക്തമായ സാമ്പത്തിക പശ്ചാത്തലാണ് ഈ വർധനവിന് കാരണമെന്നാണ് കണക്ക് വ്യക്തമാക്കുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ ബി ഐ) സ്വർണം വാങ്ങൽ പ്രക്രിയയും ഈ കണക്കുകളില്‍ സഹായകരമായിട്ടുണ്ട്.

ജനുവരി-മാർച്ച് കാലയളവിൽ, ഇന്ത്യയുടെ സ്വർണ്ണ ആവശ്യകത പ്രതിവർഷം 20% വർദ്ധിച്ച് 75470 കോടി രൂപയിലെത്തി. വാങ്ങുന്ന അളവിലെ വർധനവും ത്രൈമാസ ശരാശരി വിലകളിലെ 11% ഉയർച്ചയുമാണ് ഈ നേട്ടത്തിന് കാരണമായത്. 'ആഭരണങ്ങളും നിക്ഷേപവും ഉൾക്കൊള്ളുന്ന ഇന്ത്യയുടെ മൊത്തത്തിലുള്ള സ്വർണ്ണ ആവശ്യം ഈ വർഷം ജനുവരി-മാർച്ച് മാസങ്ങളിൽ 136.6 ടണ്ണായി ഉയർന്നു. മുൻ വർഷം ഇതേ കാലയളവിൽ 126.3 ടണ്ണിൽ നിന്ന് വർധിച്ചു' എന്നാണ് വേൾഡ് ഗോൾഡ് കൗൺസിൽ പുറത്തിറക്കിയ 'ഗോൾഡ് ഡിമാൻഡ് ട്രെൻഡ്സ് ക്യു 1 2024' എന്ന റിപ്പോർട്ട് വ്യക്തമാക്കുന്നത്.
മുൻ വർഷം ഇതേ കാലയളവിൽ 126.3 ടണ്ണായിരുന്നു ഇന്ത്യയിലെ സ്വർണ ആവശ്യകത. ജ്വല്ലറി മേഖലയില്‍ നിന്നുള്ള ഡിമാൻഡ് 4% വർധിച്ച് 91.9 ടണ്ണിൽ നിന്ന് 95.5 ടണ്ണിലെത്തി മൊത്തത്തിലുള്ള കണക്കില്‍ വലിയ വർധനവ് രേഖപ്പെടുത്തി. കൂടാതെ, കട്ടികള്‍, നാണയങ്ങൾ എന്നിവയുൾപ്പെടെയുള്ള നിക്ഷേപ ആവശ്യം 19% ഉയർന്ന് 34.4 ടണ്ണിൽ നിന്ന് 41.1 ടണ്ണായി ഉയർന്നു.
വില റെക്കോർഡ് നിരക്കിലേക്ക് എത്തിയിട്ടും ഇന്ത്യയുടെ സ്ഥിരമായ കരുത്തുറ്റ മാക്രോ ഇക്കണോമിക് അന്തരീക്ഷം സ്വർണ്ണാഭരണ ഉപഭോഗത്തിന് അനുകൂലമായി തുടരുന്നുവെന്നാണ് വേൾഡ് ഗോൾഡ് കൗൺസിൽ ഇന്ത്യയുടെ റീജിയണൽ സി ഇ ഒ സച്ചിൻ ജെയിൻ വ്യക്തമാക്കുന്നു. 'മാർച്ചിൽ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയെങ്കിലുംഇന്ത്യയുടെ തുടർച്ചയായ ശക്തമായ മാക്രോ ഇക്കണോമിക് അന്തരീക്ഷം സ്വർണ്ണാഭരണ ഉപഭോഗത്തിന് സഹായകമായിരുന്നു' സച്ചിൻ ജെയിൻ പറഞ്ഞു.
2023ൽ ആകെ 747.5 ടണ്ണായിരുന്നു സ്വർണത്തിൻ്റെ ആവശ്യം. ഈ വർഷം ഇത് 700-800 ടൺ വരെയാകാൻ സാധ്യതയുണ്ടെന്നും ജെയിൻ കൂട്ടിച്ചേർത്തു. എന്നാല്‍ സ്വർണ വില വലിയ തോതില്‍ കുതിക്കുകയാണെങ്കില്‍ ഇതില്‍ നേരിയ ഇടിവുണ്ടായേക്കാം. എന്നാല്‍ ഭാവിയിലും സ്വർണത്തിന്റെ ആവശ്യകത ഉയരാനാണ് സാധ്യതയെന്നും അദ്ദേഹം പറയുന്നു.












Click it and Unblock the Notifications