പാകിസ്താനില്‍ നദിയില്‍ വന്‍ സ്വർണശേഖരം; നിരോധനാജ്ഞ: ഇതും സൗദി കൊണ്ടുപോകുമോ? ഇന്ത്യയില്‍ നിന്നും ഒഴുകിയത്
വളരെ അധികം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന പാകിസ്താന് പ്രതീക്ഷകള്‍ നല്‍കി വന്‍ സ്വർണ നിക്ഷേപത്തിന്റെ കണ്ടെത്തല്‍. പാക് പഞ്ചാബ് സംസ്ഥാനത്തെ അറ്റോക്ക് മേഖലയിലാണ് 32.6 മെട്രിക് ടണ്‍ സ്വർണ്ണ ശേഖരം കണ്ടെത്തിയിരിക്കുന്നത്. ഏകദേശം 600 ബില്യണ്‍ പാകിസ്താന്‍ രൂപ വിലമതിക്കുന്നതാണ് ഈ സ്വർണ്ണശേഖരമെന്നാണ് റിപ്പോർട്ടുകള്‍ അവകശാപ്പെടുന്നത്. അതേസമയം, സിന്ധു നദിയുടെ അടിത്തട്ടിലാണ് ഇത്തരമൊരു നിക്ഷേപം കണ്ടെത്തിയെന്നത് ഖനനത്തിന് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നു.
സിന്ധു നദിയില്‍
ഹിമാലയത്തില്‍ നിന്നും ഉത്ഭവിച്ച് ഇന്ത്യയിലൂടെ ഒഴുകി പാകിസ്താനിലേക്ക് എത്തുന്ന നദിയാണ് സിന്ധു. ലോകത്തിലെ തന്നെ ആദ്യകാല നാഗരികതകളിലൊന്നായ സിന്ധുനദീതട സംസ്കാരത്തിന്റെ വികാസത്തിൽ നദി സുപ്രധാന പങ്ക് വഹിച്ചു. ബിസി 3300-നും ബിസി 1300-നും ഇടയിലായി സിന്ധുനദീതട സംസ്കാരം നദിയുടെ തീരങ്ങളിൽ അഭിവൃദ്ധി പ്രാപിച്ചു. 1947-ലെ വിഭജനത്തിനുമുമ്പ് പൂർണ്ണമായും ഇന്ത്യയുടെ ഭാഗമായിരുന്ന സിന്ധു നദി ഇന്ത്യക്കും പാകിസ്താനും ചരിത്രപരമായും സാംസ്കാരികപരമായും ഏറെ പ്രധാനപ്പെട്ടതാണ്.

പ്രതീക്ഷിക്കപ്പെടുന്നത് പോലത്തെ നദിയുടെ അടിത്തട്ടില്‍ ഉണ്ടെങ്കില്‍ അത് പാകിസ്താന് സാമ്പത്തികമായി വലിയ നേട്ടം കൊണ്ടുവരും. നവ് ഭാരത് ടൈംസിൻ്റെ റിപ്പോർട്ട് അനുസരിച്ച്, സിന്ധു നദിയിൽ കണ്ടെത്തിയ സ്വർണ്ണം പാക്കിസ്ഥാൻ്റെ വടക്കൻ പർവതപ്രദേശങ്ങളിൽ നിന്ന്, പ്രത്യേകിച്ച് ഹിമാലയത്തിൽ നിന്ന് ഉത്ഭവിച്ചെത്തിയതാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ടെക്റ്റോണിക് പ്ലേറ്റുകളുടെ കൂട്ടിയിടിയില്‍ പർവതങ്ങൾ രൂപപ്പെടുകയും ഇതിനെതുടർന്നുണ്ടായ മണ്ണൊലിപ്പിലിലൂടെ സ്വർണ്ണ കണങ്ങൾ നദിയിലേക്ക് എത്തുന്ന പ്രക്രിയ ആരംഭിക്കുകയും ചെയ്തതായി കണക്കാകുന്നു.
കാലക്രമേണ ഈ സ്വർണ കണങ്ങള്‍ വലിയ തോതില്‍ അറ്റോക്ക് മേഖലയിലെ നദീതടത്തിൽ അടിഞ്ഞുകൂടി. പ്ലേസർ ഗോൾഡ് ഡിപ്പോസിറ്റ് എന്നറിയപ്പെടുന്ന ഈ സ്വാഭാവിക പ്രക്രിയ നദിയുടെ മറ്റ് പല പ്രദേശങ്ങളിലും വലിയ അളവിൽ സ്വർണ്ണം ശേഖരിക്കപ്പെടുന്നതിന് കാരണമായി. അറ്റോക്ക് ജില്ലയിൽ മാത്രം 32 കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന സ്വർണ്ണം ഉണ്ടെന്നാണ് വിവിധ റിപ്പോർട്ടുകള്‍ പറയുന്നത്.
നിരോധനാജ്ഞ
നദിയില്‍ വലിയ തോതില്‍ സ്വർണം ഉണ്ടെന്ന വാർത്തകള്‍ പരന്നതോടെ പ്രദേശവാസികൾ നദീതടത്തിൽ സ്വർണം തേടിയിറങ്ങുന്നത് വ്യാപകമായിരുന്നു. ശൈത്യകാലത്ത് നദിയില്‍ ജലനിരപ്പ് കുറഞ്ഞ സമയത്തായിരുന്നു ഇത്തരം ശ്രമങ്ങള്‍ കൂടുതല്‍ ശക്തമായത്. ഇതോടെ അനധികൃത ഖനനം തടയാനായി നദീതടങ്ങളില്‍ പാക് ഭരണകൂടം നിരോധനാജ്ഞ പുറപ്പെടുവിച്ചു.
അതേസമയം തന്നെ മൈൻസ് ആൻഡ് മിനറൽ ഡിപ്പാർട്ട്‌മെൻ്റിലെ മുതിർന്ന ഉദ്യോഗസ്ഥർ നദിക്കടിയിലെ സ്വർണം ഖനനം ചെയ്യുന്നതിലെ വെല്ലുവിളികള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. സ്വർണ്ണം നദിക്കടിയിലായതിനാല്‍ തന്നെ ഖനനത്തിനായി കൂടുതല്‍ ചിലവ് വരും. ഈ സാഹചര്യത്തില്‍ ഖനനത്തിന് മറ്റ് വിദേശ രാജ്യങ്ങളുടെ സഹായം തേടാനും പാകിസ്താന്‍ തയ്യാറായേക്കും.
തങ്ങളുടെ ബലൂചിസ്താന്‍ പ്രവിശ്യയിലുള്ള റെക്കോ ദിഖ് ഖനി സൗദി അറേബ്യക്ക് വിട്ടുകൊടുക്കാനുള്ള തീരുമാനത്തിലേക്ക് പാകിസ്താന്‍ അടുത്തിടെ എത്തിയിരുന്നു. 590 കോടി ടണ്‍ ചെമ്പും 41.5 ദശലക്ഷം ഔണ്‍സ് സ്വർണ്ണവും ഇവിടെ ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. അതായത് 40 വര്‍ഷം കുഴിച്ചെടുക്കാനുള്ള ചെമ്പും സ്വര്‍ണവുമുള്ള ഖനിയാണ് പാകിസ്താന്‍ സൗദി അറേബ്യക്ക് വിട്ടുകൊടുക്കാന്‍ തീരുമാനിച്ചത്. സമാനമായ രീതിയില്‍ സിന്ധു നദിയിലെ സ്വർണ ഖനനവും പാകിസ്താന്‍ സൗദി അറേബ്യയെ ഏല്‍പ്പിക്കുമോയെന്നാണ് ഉറ്റുനോക്കുന്നത്.












Click it and Unblock the Notifications