എവിടെ തിരഞ്ഞാലും സ്വർണം; ഉള്ളത് 120 ടൺ, ഇന്ത്യയുടെ ഗതി മാറ്റി മറിക്കുമോ രാജസ്ഥാനിലെ ബൻസ്വാര
ഡൽഹി: സ്വർണം സുരക്ഷിത നിക്ഷേപമാണ്, വ്യക്തികളെ സംബന്ധിച്ച് മാത്രമല്ല, രാജ്യങ്ങളെ സംബന്ധിച്ചും. അതുകൊണ്ട് കൂടിയാണ് ഓരോ രാജ്യങ്ങളുടേയും കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുന്നത്. സ്വർണം വാങ്ങുന്ന കാര്യത്തിൽ ഇന്ത്യയും ഒട്ടും പിറകില്ലല്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം ഇന്ത്യ വാങ്ങിയത് 800 മെട്രിക് ടൺ സ്വർണമാണ്.
സ്വർണ വില ഉയരുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് തന്നെ സ്വർണ ഉത്പാദനം വർധിപ്പിക്കാനുള്ള നീക്കങ്ങൾ കേന്ദ്രസർക്കാർ നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി പലയിടങ്ങളിലും പര്യവേഷണം പുരോഗമിക്കുകയാണ്. അതിനിടയിൽ ഇപ്പോഴിതാ രാജ്യത്തിന്റെ പ്രതീക്ഷ ഉയർത്തി രാജസ്ഥാനിൽ നിന്നും വലിയ തോതിൽ സ്വർണം ശേഖരം കണ്ടെത്തിയിരിക്കുകയാണ്. ഇവിടുത്തെ ബൻസ്‌വാര ജില്ലയാണ് സ്വർണ ഖനനത്തിന്റെ പുതിയ കേന്ദ്രമായി മാറാൻ ഒരുങ്ങുന്നത്.

ഘണ്ടോളിലെ ജഗ്‍പുരയ്ക്കും ഭുകിയയ്ക്കും പിന്നാലെ ബൻസ്വാരയിലെ കാങ്കാരിയയിലും സ്വർണ ഖനനം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഖനന വകുപ്പ്. പ്രാഥമിക സർവ്വേകളിൽ പ്രദേശത്തെ ഏകദേശം 3 ചതുരശ്ര കിലോമീറ്റർ സ്ഥലത്താണ് സ്വർണ അയിരിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. നേരത്തെ ഖനന വകുപ്പ് പര്യവേഷണത്തിനായി ടെൻഡറുകൾ ക്ഷണിച്ചിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങളാൽ ഇവ റദ്ദാക്കിയിരുന്നു. പുതിയ ടെൻഡറുകൾ ഉടൻ വിളിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
ഖനനം തുടങ്ങുന്നതിന് മുൻപ് എത്രമാത്രം സ്വർണ അയിര് ഈ മേഖലയിൽ ഉണ്ടെന്ന് കണ്ടെത്തേണ്ടതുണ്ട്. അതിനായാണ് പര്യവേഷണം നടത്തുന്നത്. ഭൂമിശാസ്ത്രപരമായ സർവേകൾ, മണ്ണ്, ജലം, പാറ എന്നിവയുടെ സാമ്പിൾ പരിശോധനകൾ, ഉപഗ്രഹ ചിത്രങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് ഈ ഘട്ടം. ഭൂമിക്കടിയിൽ നിന്ന് അയിര് സാമ്പിളുകൾ ശേഖരിച്ച് ലാബുകളിൽ പരിശോധന നടത്തി ധാതുക്കളുടെ അളവ്, ഗുണമേന്മ, ആഴം എന്നിവ കണ്ടെത്തും.
1990-91-ൽ നടന്ന സർവേയിലാണ് ബൻസ്‌വാര ജില്ലയിൽ സ്വർണ നിക്ഷേപം ഉണ്ടെന്ന് ആദ്യമായി കണ്ടെത്തുന്നത്. തുടർന്ന് ജഗ്‍പുര-ഭുകിയ മേഖലയിൽ സ്വർണ ഖനനത്തിനുള്ള ലൈസൻസും കേന്ദ്രസർക്കാർ നൽകിയിരുന്നു.
ഏകദേശം 10 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന സ്വർണ്ണ ശേഖരം കണക്കിലെടുത്ത്, സർക്കാർ ഖനന ലൈസൻസ് നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഏകദേശം 10 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ പ്രദേശത്ത് ഓരോ ടൺ അയിരിലും 1.945 ഗ്രാം സ്വർണ്ണം അടങ്ങിയിട്ടുണ്ടെന്നാണ് പരിശോധനകളിൽ തെളിഞ്ഞത്.
ഈ മേഖലയിൽ ഏകദേശം 120 ടൺ സ്വർണം ഉണ്ടാകാമെന്നും ആയിരക്കണക്കിന് കോടി രൂപ വരുമാനം ഉണ്ടാക്കാമെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഖനനത്തിന് തിരഞ്ഞെടുക്കപ്പെട്ട കമ്പനി ലൈസൻസിനായി 170 കോടി രൂപ ഇതിനോടകം സർക്കാരിലേക്ക് അടച്ചിട്ടുണ്ട്. അന്തിമ അനുമതിക്കായുള്ള കാത്തിരിപ്പിലാണിപ്പോൾ. മേഖലയിലെ ഖനനം രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് വലിയ ഉണർവ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാജസ്ഥാനും ഗോത്രമേഖലയ്ക്കും വമ്പൻ ബൂസ്റ്റ്
ബൻസ്‌വാരയിലെ ഗോത്രസമൂഹത്തിന് മേഖലയിലെ ഖനനം വലിയ അവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് വിദഗ്ധരുടെ പ്രതികരണം.ഇത് സർക്കാരിന് കൂടുതൽ വരുമാനം നേടിക്കൊടുക്കുകയും പ്രാദേശിക യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.ഖനനം ആരംഭിക്കുന്നതോടെ മറ്റ് കമ്പനികളും ചെറുകിട വ്യവസായങ്ങളും മേഖലയിലേക്ക് എത്താനും സാധ്യതയുണ്ട്, ഇത് പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കും.
കർണാടകയ്ക്കും ആന്ധ്രാപ്രദേശിനും ശേഷം ഇന്ത്യയിലെ പ്രധാന സ്വർണ ഉത്പാദക സംസ്ഥാനങ്ങളിൽ ഒന്നായി രാജസ്ഥാൻ മാറാൻ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു. ഖനനം തുടങ്ങിയാൽ നിരവധി പുതിയ വ്യവസായങ്ങൾ കൂടി പ്രദേശത്ത് എത്തുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.












Click it and Unblock the Notifications