'270 ടണ്‍ സ്വർണം ഇന്ത്യ ഉത്പാദിപ്പിക്കും'..വമ്പൻ ലോട്ടറി, ജോന്നഗിരിയിൽ നിന്ന് മാത്രം 1 ടണ്‍;റിപ്പോർട്ട്
ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ക്രൂഡ് ഓയിൽ കഴിഞ്ഞാൽ ഇന്ത്യ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്നതും സ്വർണമാണ്. യുഎഇ, സ്വിറ്റ്സർലൻ്റ് പോലുള്ള രാജ്യങ്ങളിൽ നിന്നാണ് കൂടുതലായി ഇവിടേക്ക് സ്വർണമെത്തുന്നത്.
വിദേശത്തു നിന്നുള്ള ഈ സ്വർണ ഇറക്കുമതി രാജ്യത്തിന് വരുത്തി വെയ്ക്കുന്ന ഭാരം ചില്ലറയല്ലെന്നാണ് കണക്കുകൾ പറയുന്നത്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ ഏകദേശം 7,200 കോടി ഡോളര്‍ (ഏകദേശം 6 ലക്ഷം കോടി രൂപ) മൂല്യമുള്ള സ്വര്‍ണം ഇറക്കുമതി ചെയ്തിട്ടുണ്ട്. അതായത് രാജ്യത്തിന്റെ ആകെ ഇറക്കുമതി ബില്ലിന്റെ 10 ശതമാനത്തോളം വരും ഇത്. അതുകൊണ്ട് തന്നെ ഇറക്കുമതി കുറക്കണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്.

എന്നാൽ വൈകാതെ ഇന്ത്യയുടെ ഈ ആശ്രിതത്വം കുറക്കാൻ ആകുമെന്നാണ് വേൾഡ് ഗോൾഡ് വേൾഡ് കൗണ്‍സിൽ. പറയുന്നത്. നിലവിൽ 800 മുതൽ 850 ടണ്‍ വരെയാണ് രാജ്യത്തെ സ്വർണ ആവശ്യകത. ഇതിൻ്റെ 20 ശതമാനം വരെ ആഭ്യന്തര ഖനനത്തിലൂടെ കണ്ടെത്താനാകുമെന്നാണ് കൗൺസിലിന്റെ 'സ്വർണിം ഉഡാൻ 2047 റിപ്പോർട്ടിലുള്ളത്.
കഴിഞ്ഞ 10 വർഷത്തിനിടെ എട്ട് സംസ്ഥാനങ്ങളിൽ 14,632 ഹെക്ടർ പ്രദേശത്തായി 18 സംയോജിത ലൈസൻസുകളും ആറ് ഖനന ലൈസൻസുകളം സർക്കാർ നൽകിയിട്ടുണ്ട്. 146 ടണ്‍ വരെ സ്വർണ അയിര് ഉള്ള പ്രദേശങ്ങളാണ് ഇത്. ഇവിടെ നിന്ന് 270 ടണ്‍ വരെ ഉത്പാദിപ്പിക്കാനാകുമെന്നാണ് വിലയിരുത്തുന്നത്. നിലവിൽ പ്രതിവർഷം 1.6 ടണ്‍ സ്വർണം മാത്രമാണ് ഇന്ത്യ ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നത്.
രാജ്യത്തെ ആദ്യത്തെ വൻകിട സ്വകാര്യ സ്വർണ ഖനിയായ ആന്ധ്രാപ്രദേശിലെ ജോന്നഗിരി പദ്ധതിയിൽ വലിയ പ്രതീക്ഷയാണ് ഉള്ളത്. ഏകദേശം 1,500 ഏക്കർ സ്ഥലത്താണ് പദ്ധതി വ്യാപിച്ച് കിടക്കുന്നത്. ഈ വർഷമാണ് ഇവിടെ ഖനനം ആരംഭിച്ചത്. പ്രതിവർഷം 1 ടണ്‍ വരെ സ്വർണം ഇവിടെ നിന്ന് ഉത്പാദിപ്പിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ.
അതേസമയം നയപരമായ മാറ്റങ്ങളിലൂടെയും വമ്പൻ നിക്ഷേപങ്ങളിലൂടെയും ഇന്ത്യയ്ക്ക് തങ്ങളുടെ ആഭ്യന്തര ഉത്പാദനം വളരെ അധികം ഉയർത്താനാകുമെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ ഇന്ത്യയുടെ റീജിയണൽ സി.ഇ.ഒ സച്ചിൻ ജെയിൻ പറഞ്ഞു.
'2047 ഓടെ രാജ്യത്തിന് ആവശ്യമായ സ്വർണത്തിൻ്റെ 20 ശതമാനം ആഭ്യന്തര ഖനകളിൽ നിന്ന് ഉത്പാദിപ്പിക്കാൻ ഇന്ത്യക്ക് സാധിക്കും. നയപരമായ മാറ്റങ്ങളിലൂടേയും നിക്ഷേപങ്ങളിലൂടേയും വ്യവസായിക കൂട്ടായ്മയിലൂടെയും സഹകരണത്തിലൂടേയും 'ലോകത്തിൻ്റെ സ്വർണപ്പണിക്കാരൻ'ആകാൻ ഇന്ത്യക്ക് സാധിക്കും', അദ്ദേഹം പറഞ്ഞു. ഭൂമി ശാസ്ത്രപരമായി ചൈനയുമായി ഇന്ത്യയ്ക്ക് വലിയ സാമ്യം ഉണ്ട്. കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടെ ഏറ്റവും വലിയ സ്വർണ ഇറക്കുമതിക്കാരിൽ നിന്നും ഉത്പാദകരായി മാറിയവരാണ് ചൈനക്കാർ, പറഞ്ഞു.
ഇന്ത്യൻ കുടുംബങ്ങളുടെ കൈയ്യിൽ 31,000 ടണ്‍ വരെ സ്വർണം ഉണ്ടെന്നാണ് കണക്കുകൾ. സുതാര്യമായ നടപടികളിലൂടെ ഈ സമ്പത്തിൻ്റെ ഒരു പങ്ക് ഉത്പാദനക്ഷമാക്കണമെന്നാണ് തൻ്റെ അഭിപ്രായം. ഇത് മൂലധന വിപണിയെ ശക്തിപ്പെടുത്താൻ സഹായിക്കും. മാത്രമല്ല ഇറക്കുമതി കുറക്കാനും ഇതിലൂടെ സാധിക്കും, അദ്ദേഹം പങ്കുവെച്ചു.
.




Click it and Unblock the Notifications