സ്വര്‍ണം ഊരി നല്‍കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്‍കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്‍
യുദ്ധം വലിയ കെടുതിയാണ് ഇറാനില്‍ സൃഷ്ടിച്ചിരിക്കുന്നത്. ഈ വേളയില്‍ പല രാജ്യങ്ങളും ഇറാനിലേക്ക് സഹായ വസ്തുക്കള്‍ അയക്കുന്നുണ്ട്. അസര്‍ബൈജാന്‍, ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് മരുന്നും ഭക്ഷണവും ഇറാനിലേക്ക് എത്തി. ഈ വേളയില്‍ ഇന്ത്യയില്‍ ഇറാന് വേണ്ടി പണം സ്വരൂപിക്കുകയാണ് ചിലര്‍. കശ്മീരില്‍ നടന്ന ധനസഹായത്തിന്റെ വീഡിയോ വൈറലാണ്. ഇറാന്‍ എംബസി ഇക്കാര്യത്തില്‍ പ്രതികരിക്കുകയും ചെയ്തു.
കശ്മീരിലെ ബദ്ഗാം, ബാരമുല്ല ജില്ലകളിലാണ് വലിയ തോതില്‍ പണപ്പിരിവ് നടന്നത്. സ്ത്രീകളും കുട്ടികളും പണവും സ്വര്‍ണവും നല്‍കുന്ന വീഡിയോ വൈറലാണ്. ഷിയാ മുസ്ലിങ്ങള്‍ കൂടുതല്‍ താമസിക്കുന്ന മേഖലയിലാണ് സഹായവുമായി ആളുകള്‍ കൂട്ടത്തോടെ എത്തിയത്. സ്വര്‍ണം, ചെമ്പ്, വെള്ളി, പണം, വീട്ടിലുള്ള മറ്റു വസ്തുക്കള്‍, കന്നുകാലികള്‍ എന്നിവയെല്ലാം ആളുകള്‍ സംഭാവന ചെയ്തു.

പെരുന്നാള്‍ ആഘോഷത്തിന് ശേഷമായിരുരുന്നു ഇറാന് വേണ്ടി സഹായം നല്‍കണം എന്ന് പള്ളികളിലെ ഇമാമുമാര്‍ ആവശ്യപ്പെട്ടത്. ഇതുപ്രകാരമാണ് ആളുകള്‍ സഹായവുമായി എത്തിയത്. സ്ത്രീകള്‍ സ്വര്‍ണാഭരണങ്ങള്‍ നല്‍കുന്ന വീഡിയോ വൈറലാണ്. കുട്ടികള്‍ ഏറെ കാലമായി സ്വരൂപിച്ച പണം കൈമാറുന്ന വീഡിയോയും പുറത്തുവന്നു. വീടുകള്‍ കയറിയുള്ള പിരിവും ഇവിടെ നടന്നു.
ഇതിന്റെ ഫോട്ടോയും വീഡിയോയും ഇറാന്‍ എംബസി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ഇന്ത്യക്കാരുടെ വിശാലമായ മനസിന് നന്ദി പറയുന്നു എന്ന് എംബസി എക്‌സില്‍ കുറിച്ചു. തകര്‍ന്നടിഞ്ഞ ഇറാനെ പുനസൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പിരിവ് നടക്കുന്നത്. ഈ സഹായം ഒരിക്കലും മറക്കില്ലെന്ന് ഇറാന്‍ എംബസി പ്രതികരിച്ചു.
ഒരു മാസത്തെ ശമ്പളം വാഗ്ദാനം ചെയ്ത് എംഎല്‍എ
ബദ്ഗാം എംഎല്‍എ മുന്തസിര്‍ മെഹ്ദി ഒരു മാസത്തെ ശമ്പളം ഇറാന് വേണ്ടി നല്‍കുമെന്ന് പ്രഖ്യാപിച്ചു. മനുഷ്യത്വമാണ് എല്ലാത്തിനും വലുത് എന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. ബദ്ഗാമിലെ മസ്ജിദ് ഇമാം സമാനില്‍ ഇറാനെ സഹായിക്കണം എന്ന് അഭ്യര്‍ഥന ഉണ്ടായിരുന്നു. പള്ളിയോട് ചേര്‍ന്നാണ് ഫണ്ട് കളക്ഷന്‍ നടന്നത്. സ്വര്‍ണം കൈമാറുന്ന സ്ത്രീകള്‍ ഇറാനിലെ ഇപ്പോഴത്തെ സാഹചര്യം പറഞ്ഞ് കരയുന്നതും പ്രചരിക്കുന്ന വീഡിയോകളിലുണ്ട്.
ഇറാന്‍ എംബസി ഒരാഴ്ച മുമ്പ് സഹായം തേടി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പങ്കുവച്ചിരുന്നു. സഹായങ്ങള്‍ എംബസിയുടെ ഔദ്യോഗിക ബാങ്ക് അക്കൗണ്ട് വഴി മാത്രമേ അയക്കാവൂ എന്നായിരുന്നു അറിയിപ്പ്. ശേഷം ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐഎഫ്എസ് സി കോഡ് എന്നിവയടങ്ങിയ വിവരങ്ങളും എംബസി പങ്കുവച്ചു. നിരവധി പേരാണ് ഇതുവഴി പണം കൈമാറുന്നതത്രെ.
ഇറാനെതിരെ ഇസ്രായേലും അമേരിക്കയും ആക്രമണം തുടങ്ങിയ വേളയില്‍ പല രാജ്യങ്ങളിലും പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ സഖ്യസേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചായിരുന്നു റാലികള്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഷേധം നടന്നത് ഡല്‍ഹിയിലും കശ്മീരിലുമായിരുന്നു.












Click it and Unblock the Notifications