സ്വര്‍ണാഭരണ കയറ്റുമതിക്കാര്‍ക്ക് ആശ്വാസവാര്‍ത്ത; റീഫണ്ട് നിരക്ക് കൂട്ടി കേന്ദ്രം
സ്വര്‍ണം, വെള്ളി ആഭരണ കയറ്റുമതിക്കാര്‍ക്ക് ആശ്വാസകരമായ നടപടിയുമായി ധനമന്ത്രാലയം. ഡ്രോബാക്ക് നിയമങ്ങള്‍ വഴി സ്വര്‍ണം, വെള്ളി ആഭരണ കയറ്റുമതിക്കാര്‍ക്ക് പുതുക്കിയ നിരക്കുകള്‍ പ്രകാരം ഇനി ഉയര്‍ന്ന റീഫണ്ടുകള്‍ ലഭിക്കും. പുതിയ വിജ്ഞാപനത്തിലൂടെ, സ്വര്‍ണത്തിന് (താരിഫ് ഇനം 711301) ഗ്രാമിന് 639.59-ല്‍ നിന്ന് 773.17 ആയും, വെള്ളിക്ക് (താരിഫ് ഇനങ്ങള്‍ 711302, 711401) കിലോഗ്രാമിന് 9089.33 രൂപയില്‍ നിന്ന് 14,990.66 രൂപ ആയും നിരക്കുകള്‍ വര്‍ധിപ്പിച്ചു.
കയറ്റുമതി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ഇറക്കുമതി ചെയ്ത അസംസ്‌കൃത വസ്തുക്കളില്‍ അടച്ച കസ്റ്റംസ്, എക്‌സൈസ് തീരുവകള്‍ കയറ്റുമതിക്കാര്‍ക്ക് തിരികെ നല്‍കുന്ന ലോക വ്യാപാര സംഘടന അംഗീകൃത സംവിധാനമാണ് ഡ്യൂട്ടി ഡ്രോബാക്ക്. കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി ഇത് കേന്ദ്ര പരോക്ഷ നികുതി, കസ്റ്റംസ് ബോര്‍ഡ് (CBIC) ആണ് നിയന്ത്രിക്കുന്നത്.

ഉയര്‍ന്ന ഉല്‍പ്പാദനച്ചെലവും കുറഞ്ഞ ആവശ്യകതയും നേരിടുന്ന ഇന്ത്യന്‍ രത്‌ന-ആഭരണ കയറ്റുമതിക്കാര്‍ക്ക് ഈ നിരക്ക് പരിഷ്‌കരണം ആശ്വാസമാണ്. പ്രതിസന്ധികളുടെ ആഘാതം കുറയ്ക്കാനും, അന്താരാഷ്ട്ര തലത്തില്‍ മത്സരക്ഷമത നിലനിര്‍ത്താനും, മെച്ചപ്പെട്ട റീഫണ്ടുകളിലൂടെ കയറ്റുമതി വിലകള്‍ പുതുക്കാനും കരാറുകള്‍ പുനര്‍രൂപകല്‍പ്പന ചെയ്യാനും ഇത് സഹായിക്കും.
അടുത്തിടെ സ്വര്‍ണം, വെള്ളി വിലകളില്‍ വലിയ വര്‍ധനവുണ്ടായിരുന്നു. എന്നാല്‍ സമീപകാലത്ത് സ്വര്‍ണം, വെള്ളി വിലകളില്‍ കനത്ത ചാഞ്ചാട്ടമാണ് പ്രകടമാകുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച സ്വര്‍ണവില 10 ഗ്രാമിന് 420 വര്‍ധിച്ച് 1,51,479 ആയി. ദുര്‍ബലമായ രൂപയാണ് ഈ നേട്ടത്തിന് കാരണം. അതേസമയം, കുറഞ്ഞ ആവശ്യകത കാരണം ദേശീയ തലസ്ഥാനത്ത് വെള്ളിവില കിലോഗ്രാമിന് 2,577 കുറഞ്ഞ് 2.38 ലക്ഷം രൂപയായി.
മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ മെയ് ഡെലിവറി വെള്ളി 2,577 (1.07%) ഇടിഞ്ഞ് കിലോഗ്രാമിന് 2,38,936 രേഖപ്പെടുത്തി. പശ്ചിമേഷ്യന്‍ സംഭവവികാസങ്ങള്‍, പ്രത്യേകിച്ച് ഇറാന്‍, ഇസ്രായേല്‍, ഹോര്‍മുസ് കടലിടുക്കിലെ യു എസ് സാന്നിധ്യം എന്നിവയുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍ ആഭ്യന്തര സ്വര്‍ണ വിലയെ സ്വാധീനിക്കുന്നതായി വിദഗ്ദ്ധര്‍ നിരീക്ഷിച്ചു. വ്യക്തമായ പരിഹാരമില്ലാത്തതിനാല്‍ സ്വര്‍ണം വാര്‍ത്താധിഷ്ഠിതവും ചാഞ്ചാട്ടമുള്ളതുമായി തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 112960 രൂപയാണ് വില. ഇന്നലെ വൈകീട്ടുള്ള വിലയില്‍ മാറ്റമുണ്ടായിട്ടില്ല. ഇന്നലെ രാവിലെ 112160 രൂപയായി വില കുറഞ്ഞിരുന്നു. പിന്നീട് വൈകീട്ട് 112960 രൂപയായി ഉയരുകയായിരുന്നു.















Click it and Unblock the Notifications