സ്വർണ വിലയിൽ 12000 രൂപ കൂടി ഇടിയും, വില ഗ്രാമിന് 12,000ത്തിലേക്ക്? പ്രവചനം തിരുത്തി സിറ്റി ഗ്രൂപ്പ്
ആഗോള സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ സ്വർണ വിലയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഈ വർഷം ആദ്യം ഔണ്‍സിന് 5000 ഡോളറിന് മുകളിൽ ഉണ്ടായിരുന്ന വില നിലവിൽ 4300 ഡോളറിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. ഇനിയും സ്വർണം താഴേക്ക് എന്ന് തന്നെയാണ് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പല ധനകാര്യ സ്ഥാപനങ്ങളും തങ്ങളുടെ സ്വർണ പ്രവചനങ്ങൾ ഇതിനോടകം തിരുത്തി കഴിഞ്ഞു.
അടുത്ത മൂന്ന് മാസത്തിനിടയിൽ സ്വർണം 4300 ഡോളറിലായിരിക്കും വ്യാപാരം നടത്തുകയെന്നായിരുന്നു പ്രമുഖ ധനകാര്യ സ്ഥാപനമായ സിറ്റി ഗ്രൂപ്പ് നേരത്തേ പ്രവചിച്ചിരുന്നത്. എന്നാൽ വില ഔൺസിന് 4,300 ഡോളറിൽ നിന്ന് 4,000 ഡോളറായി ഗ്രൂപ്പ് തിരുത്തി. ആഗോള സാമ്പത്തിക സാഹചര്യങ്ങളിൽ ഉണ്ടായ മാറ്റങ്ങളും വിപണിയിലെ പിന്തുണ കുറയുന്നതുമാണ് പ്രവചനം തിരുത്താൻ പ്രേരിപ്പിച്ചതെന്ന് ബാങ്ക് പറയുന്നു. യഥാർത്ഥ പലിശനിരക്കുകൾ സ്ഥിരത കൈവരിച്ചതും ഡോളറിന്റെ മൂല്യം ഉയർന്നതും സ്വർണത്തിന് തിരിച്ചടിയായതായി അവർ ചൂണ്ടിക്കാട്ടി.

പ്രതിസന്ധിയുടെ കാലത്ത് സാധാരണ നിലയിൽ സ്വർണം സുരക്ഷിത ആസ്തിയായി കാണാറുണ്ട്. എന്നാൽ ഇറാൻ- ഇസ്രായേൽ-യു.എസ് സംഘർഷ സമയത്ത് എണ്ണ വിലയിൽ ഉണ്ടായ അപ്രതീക്ഷിത കുതിപ്പ് സ്വർണത്തിനുള്ള ആകർഷണം കുറയാൻ കാരണമായി. ഇതിനിടയിൽ സ്വർണത്തിൻ്റെ വില ഉയരാൻ കാരണമായ ഘടകങ്ങളിൽ ഒന്നായ കേന്ദ്രബാങ്കുകളുടെ സ്വർണ വാങ്ങലുകളും കുത്തനെ ഇടിഞ്ഞു. ഇടിഎഫിലേക്കുള്ള ഒഴുക്ക് മന്ദഗതിയിലായതും വിപണിയെ ബാധിച്ചു.
"വിപണിയിൽ പുതിയൊരു വലിയ ആഘാതം ഉണ്ടായില്ലെങ്കിൽ സ്വർണവിലയിൽ ശക്തമായ വർധനവിനുള്ള സാധ്യത കുറവാണ്" എന്നാണ് ബാങ്കിന്റെ വിലയിരുത്തൽ. എങ്കിലും ഇടക്കാലത്തിൽ വില ഉയരാനുള്ള സാധ്യത ബാങ്ക് പൂർണമായി തള്ളുന്നില്ല. സാമ്പത്തിക വളർച്ച പ്രതീക്ഷിച്ചതിനേക്കാൾ ദുർബലമാകുകയോ പണപ്പെരുപ്പം വീണ്ടും ഉയരുകയോ ചെയ്താൽ വേനൽക്കാലത്ത് സ്വർണവില 4,000 ഡോളറിന് മുകളിലേക്ക് എത്താൻ സാധ്യതയുണ്ടെന്ന് സിറ്റിഗ്രൂപ്പ് പറയുന്നു.
ദീർഘകാല കാഴ്ചപ്പാടിൽ 6 മുതൽ 12 മാസം വരെയുള്ള ലക്ഷ്യമായി ഔൺസിന് 4,500 ഡോളർ എന്ന പ്രവചനം ബാങ്ക് നിലനിർത്തിയിട്ടുണ്ട്. ഫെഡറൽ റിസർവ് നയങ്ങളിൽ ഇളവ് വരുത്തുകയോ ആഗോളതലത്തിൽ ഭൂരാഷ്ട്ര സംഘർഷങ്ങൾ വീണ്ടും ശക്തമാകുകയോ ചെയ്താൽ മാത്രമേ സ്വർണം ഈ ലക്ഷ്യം വീണ്ടും തൊടുകയുള്ളൂവെന്നും ബാങ്ക് വ്യക്തമാക്കി.
ഈ വർഷം ജനുവരിയിൽ സിറ്റിഗ്രൂപ്പ് സ്വർണത്തിനുള്ള ഹ്രസ്വകാല പ്രവചനം വലിയ തോതിൽ ഉയർത്തിയിരുന്നു. മൂന്ന് മാസത്തിനുള്ളിൽ സ്വർണം 5,000 ഡോളറാകുമെന്നും വെള്ളി 100 ഡോളറിലെത്തുമെന്നുമായിരുന്നു പ്രവചനം. ഉയർന്ന ഭൂരാഷ്ട്ര അപകടസാധ്യത, വിപണിയിലെ വിതരണ കുറവ്, ഫെഡറൽ റിസർവിന്റെ നയപരമായ അനിശ്ചിതത്വം എന്നിവയാണ് അന്നത്തെ വിലയിരുത്തലിന് പിന്നിലെ കാരണങ്ങൾ.
പിന്നീട് 2026 തുടക്കത്തോടെ ബുൾ മാർക്കറ്റ് തുടരുമെന്നായിരുന്നു ബാങ്കിന്റെ കണക്കുകൂട്ടൽ. എന്നാൽ പിന്നീട് ആഗോള സാഹചര്യങ്ങളിൽ ഉണ്ടായ മാറ്റങ്ങൾ, പ്രത്യേകിച്ച് ഭൂരാഷ്ട്ര സംഘർഷങ്ങൾ കടുത്തത് സ്വർണവിലയിലെ മുന്നേറ്റം മന്ദഗതിയിലാക്കി. അതേസമയം വെള്ളി സ്വർണത്തെ അപേക്ഷിച്ച് മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന നിലപാട് സിറ്റിഗ്രൂപ്പ് തുടരുന്നു. വരും കാലങ്ങളിൽ വിലയേറിയ ലോഹങ്ങളിൽ നിന്നുള്ള നേട്ടം ക്രമേണ വ്യവസായ ലോഹങ്ങളിലേക്കും മാറുമെന്നാണ് വിലയിരുത്തൽ. അലുമിനിയം, ചെമ്പ് തുടങ്ങിയ ലോഹങ്ങൾ 2026ന്റെ രണ്ടാം പകുതിയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധ്യതയുണ്ടെന്നും ബാങ്ക് പറയുന്നു.
കേരളത്തിലെന്താകും വില
സ്വർണം ഔണ്‍സിന് 4000 ഡോളറിലേക്ക് വീണാൽ സ്വാഭാവികമായും കേരളത്തിലും വിലയിൽ വലിയ ഇടിവിന് കാരണമാകും. നിലവിൽ 1.12 ലക്ഷമാണ് കേരളത്തിൽ പവൻ വില. ഇത് 1 ലക്ഷത്തിന് അടുത്തേക്ക് എത്തും. ഗ്രാം വില 12,000ത്തിന് അടുത്തും.












Click it and Unblock the Notifications