വീടിന് തറ കുഴിച്ചപ്പോൾ കിട്ടിയത് ചെമ്പ് പാത്രത്തിൽ സ്വർണം, നിധിയാണോ അല്ലയോ? ഇന്നത്തെ വില ലക്ഷങ്ങൾ
കർണാടകയിലെ ഗാദഗ് ജില്ലയിലെ ചരിത്രപ്രാധാന്യമുള്ള ലക്കണ്ടി ഗ്രാമത്തിൽ വീടിനായി തറ കുഴിക്കുന്നതിനിടെ ലഭിച്ച സ്വർണാഭരണങ്ങൾ പുതിയ തർക്ക വിഷയമായിരിക്കുകയാണ്. മണ്ണിനടിയിൽ നിന്ന് പഴയ സ്വർണ്ണാഭരണങ്ങൾ അടങ്ങിയ ഒരു ചെമ്പ് പാത്രം ആയിരുന്നു കണ്ടെത്തിയത്. പ്രദേശവാസിയായ ഗംഗാവ്വ ബസവരാജ് റിട്ടിയാണ് ഈ അപ്രതീക്ഷിത കണ്ടെത്തൽ നടത്തിയത്.
തുടർന്ന് അധികാരികളെ വിവരമറിയിക്കുകയും പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. നിധി കണ്ടെത്തിയെന്ന വാർത്തകൾ അതിവേഗം പ്രദേശത്ത് പ്രചരിച്ചു. എന്നാൽ ഇത് നിധിയല്ലെന്നാണ് സംസ്ഥാന പുരാവസ്തു വകുപ്പ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
പുരാവസ്തുപരമായ അർത്ഥത്തിൽ ഇത് നിധിയായി കണക്കാക്കാനാവില്ലെന്ന് അവർ വ്യക്തമാക്കി. കണ്ടെത്തിയത് വീടുകളിൽ സാധാരണയായി ഉപയോഗിച്ചിരുന്ന ആഭരണങ്ങളാണെന്നും, ചരിത്രപരമായ വാസസ്ഥലങ്ങളിൽ ഇത്തരം കണ്ടെത്തലുകൾ പതിവാണെന്നും പുരാവസ്തു വകുപ്പ് സൂപ്രണ്ട് രമേഷ് മുളിമണി അറിയിച്ചു.

പഴയ കാലത്ത് മോഷണം ഭയന്ന് ആളുകൾ സാധാരണയായി വീടിന്റെ അടുക്കളയ്ക്ക് സമീപം വിലപിടിപ്പുള്ള വസ്തുക്കൾ കുഴിച്ചിടാറുണ്ടായിരുന്നു. ലക്കണ്ടിയിൽ നിന്ന് ലഭിച്ച ആഭരണങ്ങൾ ഇത്തരത്തിലുളളതാവാം. സ്വർണ്ണ നാണയങ്ങളോ മറ്റ് ആചാരപരമായ വസ്തുക്കളോ ഈ ചെമ്പ് പാത്രത്തിൽ ഇല്ലാത്തതും ഈ നിഗമനത്തിന് ശക്തി നൽകുന്നുണ്ടെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.
ഈ ആഭരണങ്ങൾ ഏകദേശം 11-12 നൂറ്റാണ്ടുകളിലേതാണെന്നാണ് ഗവേഷകരുടെ അനുമാനം. അക്കാലത്ത് ചാലൂക്യ ഭരണത്തിൻ കീഴിൽ ലക്കണ്ടി ഒരു സമ്പന്നമായ സാമ്പത്തിക, സാംസ്കാരിക കേന്ദ്രമായിരുന്നു. പ്രധാനപ്പെട്ട ഹിന്ദു-ജൈന ക്ഷേത്രങ്ങൾ, പടവുകിണറുകൾ, നിരവധി ശിലാലിഖിതങ്ങൾ എന്നിവയ്ക്ക് പേരുകേട്ടതാണ് ഈ ഗ്രാമം. ഏകദേശം 470 ഗ്രാം ഭാരമുള്ള ഈ ആഭരണങ്ങൾ രാജകീയ ആഭരണങ്ങളിൽ നിന്ന് വ്യത്യസ്തമായി ലളിതമായ രൂപകൽപ്പനകളുള്ളവയാണെന്ന് ഗവേഷകൻ അപ്പണ്ണ ഹഞ്ചെ ചൂണ്ടിക്കാട്ടി. ഇത് സാധാരണക്കാരുടെ ആഭരണങ്ങളാകാനാണ് സാധ്യത.
ഇന്നത്തെ വിലനിലവാരം പ്രകാരം ഈ സ്വർണത്തിന് 60 ലക്ഷത്തിന് മുകളിൽ മൂല്യം വരും. ആഭരണങ്ങൾ തിരികെ ലഭിക്കുന്നതിനോ നഷ്ടപരിഹാരം ലഭിക്കുന്നതിനോ വേണ്ടി കണ്ടെത്തിയ കുടുംബം ആവശ്യമുയർത്തിയിട്ടുണ്ട്. ഈ ആഭരണങ്ങൾക്ക് പുരാവസ്തുപരമായ മൂല്യം ഇല്ലെന്നും, അവ തങ്ങളുടെ പൂർവ്വികരുടേതായിരിക്കാമെന്നും കുടുംബം വാദിക്കുന്നു. "ഞങ്ങൾക്ക് ഈ സ്വർണ്ണം ആവശ്യമില്ല. സർക്കാർ ഞങ്ങൾക്ക് ഒരു വീട് നിർമ്മിച്ച് നൽകണം. അത് സാധ്യമല്ലെങ്കിൽ, ഞങ്ങളുടെ മുത്തച്ഛന്റെയും മുതുമുത്തച്ഛന്റെയും ആഭരണങ്ങൾ തിരികെ നൽകണം," അവർ ആവശ്യപ്പെടുന്നു.
ആഭരണങ്ങളുടെ പരിശോധന തുടരുന്നതിനാൽ തൽക്കാലം സ്വർണ്ണം സർക്കാർ കസ്റ്റഡിയിലാണ്. കൂടുതൽ അന്വേഷണങ്ങൾക്കും കാലഘട്ടം ഉറപ്പാക്കുന്നതിനുമായി സംസ്ഥാന പുരാവസ്തു വകുപ്പ് വിദഗ്ദ്ധ സ്മിത റെഡ്ഡി സ്ഥലം സന്ദർശിച്ചേക്കും.












Click it and Unblock the Notifications