കൊട്ടക്കണക്കിന് സ്വര്‍ണം ഇന്ത്യയിലെത്തിയിട്ടില്ല.. കണക്കെല്ലാം തെറ്റി; ഇറക്കുമതി ഡാറ്റയില്‍ പിശക്?
മുംബൈ: ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി സംബന്ധിച്ച കണക്കുകളില്‍ വിശദമായ പരിശോധന നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍. നവംബറില്‍ ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് എക്കാലത്തെയും ഉയര്‍ന്ന 14.8 ബില്യണ്‍ ഡോളറിലെത്തി മൂന്ന് മടങ്ങ് വര്‍ധിച്ചതായുള്ള ഔദ്യോഗിക വ്യാപാര കണക്കുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് പരിശോധനയ്ക്ക് കേന്ദ്രം ഒരുങ്ങുന്നത്.
സ്വര്‍ണ ഇറക്കുമതി ഡാറ്റയുടെ വിശദമായ പരിശോധന ആരംഭിച്ചതായി വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു. നവംബറില്‍ 38 ബില്യണ്‍ ഡോളറിന്റെ ഇന്ത്യയുടെ റെക്കോര്‍ഡ് വ്യാപാര കമ്മി രൂപയെ എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് തള്ളിവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പരിശോധന.

'സ്വര്‍ണ ഇറക്കുമതിയുടെ അസാധാരണമായ കുതിച്ചുചാട്ടം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് കൊമേഴ്സ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് (ഡിജിസിഐഎസ്) ഡാറ്റയുടെ വിശദമായ പരിശോധന ആരംഭിച്ചിട്ടുണ്ട്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് & കസ്റ്റംസിന്റെ (സിബിഐസി) ഡാറ്റ ഉപയോഗിച്ച് ഇത് സംബന്ധിച്ച് പരിശോധനം നടത്തും,' ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം എങ്ങനെയാണ് പിശക് സംഭവിച്ചതെന്ന ചോദ്യത്തിന് ഔദ്യോഗിക പ്രതികരണമൊന്നും വന്നിട്ടില്ല. എങ്കിലും, ജൂലൈയില്‍ സ്റ്റാറ്റിസ്റ്റിക്‌സില്‍ വന്ന മാറ്റത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്ക് കണക്കില്‍ പിശക് വന്നിരിക്കാം എന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പറയുന്നു. നവംബറില്‍ സ്വര്‍ണത്തിന്റെ മൊത്തം ഇറക്കുമതിയുടെ 50 ടണ്ണോളം അധികമായി കണക്കാക്കിയുള്ള റിപ്പോര്‍ട്ട് ആയിരുന്നു പുറത്തുവന്നിരുന്നത്.
വര്‍ധിച്ച് വരുന്ന നിക്ഷേപ ആവശ്യം, താരിഫ് കുറയ്ക്കല്‍, വ്യാപാര കരാറുകളിലെ പഴുതുകള്‍ എന്നിവയുള്‍പ്പെടെ ഒന്നിലധികം ഘടകങ്ങളാല്‍ ഇന്ത്യയിലെ സ്വര്‍ണ്ണ ഇറക്കുമതി ഭയാനകമാംവിധം ഉയര്‍ന്നതായി തിങ്ക് ടാങ്ക് ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനിഷ്യേറ്റീവ് (ജിടിആര്‍ഐ) അഭിപ്രായപ്പെട്ടിരുന്നു. ഇത് വ്യാപാര സന്തുലിതാവസ്ഥയെ വികലമാക്കുന്നതിലൂടെയും രൂപയെ ദുര്‍ബലപ്പെടുത്തുന്നതിലൂടെയും കറന്റ് അക്കൗണ്ട് കമ്മി വര്‍ദ്ധിപ്പിക്കുന്നതിലൂടെയും കാര്യമായ സാമ്പത്തിക ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട് എന്നും ജിടിആര്‍ഐ പറഞ്ഞിരുന്നു.
''ദുബായില്‍ നിന്നുള്ള സ്വര്‍ണ ഇറക്കുമതി തടയാന്‍ ലക്ഷ്യമിട്ട് കഴിഞ്ഞ ബജറ്റില്‍ ഇറക്കുമതി ചുങ്കം 15 ശതമാനത്തില്‍ നിന്ന് 6 ശതമാനമായി കുറച്ചത് ഇറക്കുമതിക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കി. നിലവിലെ 6 ശതമാനം താരിഫില്‍, ആഭ്യന്തര സ്വര്‍ണ്ണ വില ആഗോള വിലയേക്കാള്‍ അല്പം കൂടുതലാണ്, ഇത് സ്വര്‍ണ്ണത്തെ ആകര്‍ഷകമായ ദീര്‍ഘകാല നിക്ഷേപമാക്കി മാറ്റുന്നു,' ജിടിആര്‍ഐ പറഞ്ഞു.
2024 നവംബറില്‍ സ്വര്‍ണ്ണ ഇറക്കുമതി 14.9 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. ഇത് ഇന്ത്യയുടെ മൊത്തം ചരക്ക് ഇറക്കുമതിയുടെ 21.2 ശതമാനമാണ്. ആദ്യമായി സ്വര്‍ണം ക്രൂഡ് പെട്രോളിയത്തെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും വലിയ ഒറ്റ ഇറക്കുമതി ഇനമാകുകയും ചെയ്തിരുന്നു. 2023 നവംബറിനെ അപേക്ഷിച്ച് 2024 നവംബറില്‍ ഇറക്കുമതി 331.4 ശതമാനം വര്‍ദ്ധിച്ചു.
ഈ കുത്തനെയുള്ള വര്‍ദ്ധനവ് ഇന്ത്യയുടെ പ്രതിമാസ വ്യാപാര കമ്മി ഏറ്റവും ഉയര്‍ന്ന നിലയിലെത്താന്‍ കാരണമായിരുന്നു. ഇത് രൂപയുടെമേല്‍ അധിക സമ്മര്‍ദ്ദം ചെലുത്തി. രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവ് വര്‍ദ്ധിപ്പിക്കുകയും കറണ്ട് അക്കൗണ്ട് കമ്മി കൂടുതല്‍ വഷളാക്കുകയും ചെയ്യുന്നു.












Click it and Unblock the Notifications