കൊട്ടക്കണക്കിന് സ്വര്‍ണം ഇറക്കുമതി ചെയ്ത് ഇന്ത്യ; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 192% അധികം!
ന്യൂഡല്‍ഹി: സ്വര്‍ണ വില അനുദിനം റെക്കോഡ് സൃഷ്ടിക്കുന്നതിനിടെ ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതിയില്‍ വന്‍ കുതിച്ചുചാട്ടം. വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, 2025 മാര്‍ച്ചില്‍ ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 192.13 ശതമാനം ഉയര്‍ന്ന് 4.47 ബില്യണ്‍ യു എസ് ഡോളറില്‍ എത്തി. നെഗറ്റീവ് വളര്‍ച്ചയുടെ മുന്‍ പ്രവണതയെ മാറ്റി മറിച്ച് കൊണ്ടുള്ള വര്‍ധനവാണ് ഇത്.
സ്വര്‍ണ വിലയിലെ ഗണ്യമായ വര്‍ധനവും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തോടുള്ള നിക്ഷേപകരുടെ താല്‍പര്യം പുതുക്കിയതുമാണ് ഈ കുത്തനെയുള്ള കുതിപ്പിന് പ്രധാന കാരണം. 2024 ജനുവരിയില്‍ സ്വര്‍ണ ഇറക്കുമതി 1.53 ബില്യണ്‍ യു എസ് ഡോളറായിരുന്നു. ഇത് രണ്ട് മാസത്തിനിടയിലെ കുത്തനെയുള്ള കുതിച്ചുചാട്ടത്തെ സൂചിപ്പിക്കുന്നു. മുഴുവന്‍ വര്‍ഷാടിസ്ഥാനത്തില്‍ 2024 - 25 ല്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി 27.27 ശതമാനം ഉയര്‍ന്നു.

ഇതോടെ ഇറക്കുമതി 58 ബില്യണ്‍ യുഎസ് ഡോളറിലെത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 45.54 ബില്യണ്‍ യു എസ് ഡോളറായിരുന്നു. ആഗോള അനിശ്ചിതത്വങ്ങള്‍, വ്യാപാര പിരിമുറുക്കങ്ങള്‍, ആസ്തി വൈവിധ്യവല്‍ക്കരണം എന്നിവയ്ക്കിടയില്‍ നിക്ഷേപകര്‍ക്ക് സ്വര്‍ണത്തോടുള്ള വര്‍ധിച്ചു വരുന്ന മുന്‍ഗണനയെ ആണ് ആവശ്യകതയിലെ വളര്‍ച്ച പ്രതിഫലിപ്പിക്കുന്നത് എന്നാണ് വിലയിരുത്തല്‍.
ബാങ്കുകളും കൂടുതല്‍ കൂടുതല്‍ സ്വര്‍ണ സംഭരണം നടത്തിയിട്ടുണ്ട്. ഇത് വില വര്‍ധനവിന് കൂടുതല്‍ ആക്കം കൂട്ടി. വ്യാഴാഴ്ച ഡല്‍ഹിയില്‍ സ്വര്‍ണ വില 10 ഗ്രാമിന് 98170 രൂപ എന്ന പുതിയ ഉയരത്തില്‍ എത്തിയിരുന്നു. യു എസ് ഡോളര്‍ ദുര്‍ബലമാകുന്നത്, വ്യാപാര യുദ്ധ പിരിമുറുക്കങ്ങള്‍, യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് സംബന്ധമായ പ്രഖ്യാപനങ്ങളെത്തുടര്‍ന്ന് ആഗോള സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചുള്ള ആശങ്കകള്‍ എന്നിവയാണ് വിലയിലെ കുതിപ്പിന് കാരണം.
ഇതിനു വിപരീതമായി വെള്ളി വില 1400 രൂപ കുറഞ്ഞ് കിലോയ്ക്ക് 98,000 രൂപയായി. മാര്‍ച്ചില്‍ വെള്ളി ഇറക്കുമതി 85.4 ശതമാനം ഇടിഞ്ഞ് 119.3 മില്യണ്‍ ഡോളറിലെത്തിയിരുന്നു., ഈ വര്‍ഷം മുഴുവന്‍ 11.24 ശതമാനം ഇടിഞ്ഞ് 4.82 ബില്യണ്‍ ഡോളറിലെത്തി. മൂല്യത്തില്‍ വര്‍ധനവ് ഉണ്ടായിട്ടും സ്വര്‍ണ ഇറക്കുമതിയുടെ അളവ് 2025 സാമ്പത്തിക വര്‍ഷത്തില്‍ 757.15 ടണ്ണായി നേരിയ തോതില്‍ കുറഞ്ഞു.
2024 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 795.32 ടണ്ണായിരുന്നു, ഇത് വില വര്‍ധനവിന്റെ ആഘാതം സൂചിപ്പിക്കുന്നു. സ്വര്‍ണ ഇറക്കുമതിയുടെ മുന്‍നിര സ്രോതസ്സ് സ്വിറ്റ്‌സര്‍ലന്‍ഡാണ്, 40 ശതമാനം. തൊട്ടുപിന്നില്‍ യുഎഇ ആണ്, 16 ശതമാനത്തില്‍ അധികം. ഏകദേശം 10 ശതമാനം സ്വര്‍ണമാണ് ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയുടെ മൊത്തം ഇറക്കുമതിയുടെ 8 ശതമാനവും സ്വര്‍ണമാണ്.
സ്വര്‍ണ ഇറക്കുമതിയിലെ കുത്തനെയുള്ള വര്‍ധനവ് മാര്‍ച്ചില്‍ രാജ്യത്തിന്റെ വ്യാപാര കമ്മി 21.54 ബില്യണ്‍ യു എസ് ഡോളറായി വര്‍ധിക്കാന്‍ കാരണമായി. 2025 സാമ്പത്തിക വര്‍ഷത്തില്‍ വ്യാപാര കമ്മി 282.82 ബില്യണ്‍ യു എസ് ഡോളറിന്റെ റെക്കോര്‍ഡ് ഉയരത്തിലെത്തിയിരുന്നു. അതേസമയം കേരളത്തില്‍ ഇന്ന് സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയാണ്. ഒരു പവന്‍ സ്വര്‍ണത്തിന് 71560 രൂപയാണ് ഇന്നത്തെ വില.
ഇന്ത്യയിലെ പ്രധാന സ്വര്‍ണ വിപണികളില്‍ ഒന്നാണ് കേരളം. ഗ്രാം സ്വര്‍ണത്തിന് 55 രൂപ കൂടി വര്‍ധിച്ചാല്‍ 9000 രൂപയില്‍ എത്തും. ചരിത്രത്തില്‍ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധത്തില്‍ ആണ് സ്വര്‍ണ വില കുതിക്കുന്നത്.












Click it and Unblock the Notifications