സ്വര്‍ണം കയറ്റി അയക്കാന്‍ നികുതി വേണ്ട! ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക വ്യാപാര കരാര്‍ പ്രാബല്യത്തില്‍
ഇന്ത്യയും യുകെയും തമ്മിലുള്ള സമഗ്ര സാമ്പത്തിക-വ്യാപാര കരാര്‍ ഒപ്പുവെച്ച് ഒരു വര്‍ഷത്തിന് ശേഷം 27 കോടി രൂപ വിലമതിക്കുന്ന 22 കിലോഗ്രാം സ്വര്‍ണാഭരണങ്ങളുടെ ഒരു ശേഖരം കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്ന് യുകെയിലേക്ക് അയച്ചു. കരാര്‍ പ്രാബല്യത്തില്‍ വന്ന ബുധനാഴ്ചയാണ് സ്വര്‍ണ ശേഖരം കൊല്‍ക്കത്തയിലേക്ക് അയച്ചത്. ഈ വ്യാപാര കരാറിന് കീഴില്‍ കൊല്‍ക്കത്തയില്‍ നിന്ന് യുകെയിലേക്ക് അയച്ച, തീരുവയില്ലാത്ത ആദ്യത്തെ ചരക്ക് ശേഖരമായിരുന്നു ഇത്.
പുതിയ കരാറിന്റെ ഭാഗമായി ഡാര്‍ജിലിംഗ് ചായ, വെറ്റില, കാപ്പി എന്നിവയും ലണ്ടനിലേക്ക് അയച്ചു. കാപ്പിയുടെ ശേഖരം ഒഡീഷയില്‍ നിന്നുള്ളതാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. സമഗ്ര സാമ്പത്തിക വ്യാപാര കരാര്‍ നിലവില്‍ വരുന്നതോടെ ബംഗാളില്‍ നിന്ന് യുകെയിലേക്കുള്ള കയറ്റുമതി വര്‍ധിക്കുമെന്ന് കയറ്റുമതിക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പറഞ്ഞു.

'രത്‌നങ്ങള്‍ക്കും ആഭരണങ്ങള്‍ക്കുമുള്ള നികുതി യുകെ സര്‍ക്കാര്‍ 2 ശതമാനത്തില്‍ നിന്ന് പൂജ്യമായി കുറച്ചിട്ടുണ്ട്. നിലവില്‍ കൊല്‍ക്കത്തയില്‍ നിന്ന് ദുബായ്, യുഎസ്, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും രത്‌നങ്ങളും ആഭരണങ്ങളും കയറ്റുമതി ചെയ്യുന്നത്. യുകെയിലേക്ക് വളരെ ചെറിയൊരു ഭാഗം മാത്രമേ പോകുന്നുള്ളൂ. കരാറിന് ശേഷം യുകെയിലേക്കുള്ള ആഭരണ കയറ്റുമതിയില്‍ വലിയ വര്‍ധനവ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,' ജെം ആന്‍ഡ് ജ്വല്ലറി എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സിലിന്റെ കിഴക്കന്‍ മേഖല ചെയര്‍മാന്‍ പങ്കജ് പരേഖ് പറഞ്ഞു.
ഈ ചരക്ക് ആദ്യം എമിറേറ്റ്സ് വിമാനത്തില്‍ ദുബായിലേക്ക് കൊണ്ടുപോകുകയും അവിടെ നിന്ന് ലണ്ടനിലേക്ക് അയയ്ക്കുകയും ചെയ്യും. കൊല്‍ക്കത്ത വിമാനത്താവളത്തിലെ അന്താരാഷ്ട്ര കാര്‍ഗോ ടെര്‍മിനലില്‍ നടന്ന ഫ്‌ലാഗ്-ഓഫ് ചടങ്ങില്‍ വ്യവസായ-വാണിജ്യ മന്ത്രി തപസ് റോയ്, കിഴക്കന്‍-വടക്കുകിഴക്കന്‍ ഇന്ത്യയ്ക്കുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ആന്‍ഡ്രൂ ഫ്‌ലെമിംഗ്, വിദേശ വ്യാപാര അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ചന്ദ്ര കാന്ത് മിശ്ര, കൊല്‍ക്കത്ത വിമാനത്താവള ഡയറക്ടര്‍ വിക്രം സിംഗ് എന്നിവര്‍ പങ്കെടുത്തു.
'ഇന്ന് ഞങ്ങള്‍ കൊല്‍ക്കത്തയില്‍ നിന്ന് ചരക്കുകള്‍ അയയ്ക്കുക മാത്രമല്ല ചെയ്യുന്നത്. സമഗ്ര സാമ്പത്തിക വ്യാപാര കരാര്‍ എന്നത് വെറുമൊരു കടലാസ് മാത്രമല്ല, അതൊരു യാഥാര്‍ത്ഥ്യമാണെന്ന സന്ദേശം ഞങ്ങള്‍ ലോകത്തിന് നല്‍കുകയാണ്,' ഫ്‌ലെമിംഗ് പറഞ്ഞു. ബ്രിട്ടനില്‍ ഇന്ത്യന്‍ ചായയും ഇന്ത്യന്‍ ആഭരണങ്ങളും എത്തണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബംഗാളില്‍ നിന്ന് യുകെയിലേക്കുള്ള കയറ്റുമതി വര്‍ധിക്കുന്നത് സംസ്ഥാനത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. തുകല്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍, ചണം, സമുദ്രോല്‍പ്പന്നങ്ങള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍ തുടങ്ങിയ മേഖലകള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മിശ്ര പറഞ്ഞു. ഇന്ത്യ പ്രതിവര്‍ഷം 1.12 ലക്ഷം കോടി രൂപയുടെ ഉല്‍പ്പന്നങ്ങള്‍ യുകെയിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.
ഇതില്‍ 2,940 കോടി രൂപയുടെ സംഭാവന ബംഗാളിന്റേതാണ്. ഇന്ത്യയുടെ കയറ്റുമതി ഉല്‍പ്പന്നങ്ങളില്‍ 99 ശതമാനത്തിനും പൂജ്യം നികുതി നിരക്കില്‍ പ്രവേശനം നല്‍കുന്ന സമഗ്ര സാമ്പത്തിക വ്യാപാര കരാര്‍ ഇന്ത്യയുടെ കയറ്റുമതി മത്സരശേഷി വര്‍ധിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതീക്ഷിക്കുന്നത്.
ബുധനാഴ്ച, സമഗ്ര സാമ്പത്തിക വ്യാപാര കരാറിന് കീഴില്‍ നടന്ന 10 ദശലക്ഷം യുഎസ് ഡോളര്‍ മൂല്യമുള്ള ആഭരണങ്ങളുടെ രാജ്യവ്യാപക കയറ്റുമതിയില്‍ കൊല്‍ക്കത്തയില്‍ നിന്നുള്ള ആറ് കയറ്റുമതിക്കാരും പങ്കാളികളായി. ഡല്‍ഹി, മുംബൈ, സൂറത്ത്, ജയ്പൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നും ഇത്തരത്തില്‍ കയറ്റുമതി നടത്തിയിരുന്നു.


Click it and Unblock the Notifications