സ്വർണം മാത്രമല്ല ക്രൂഡ് ഓയിലിന്റെ വരവും കുറഞ്ഞു: ഇന്ത്യക്ക് വന്‍ ആശ്വാസമായി ഫെബ്രുവരിയിലെ കണക്കുകള്‍
ഡല്‍ഹി: ഫെബ്രുവരിയില്‍ രാജ്യത്തിന്റെ ചരക്ക് വ്യാപാര കമ്മി 42 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കില്‍. 14.05 ബില്യണ്‍ ഡോളറാണ് കഴിഞ്ഞ മാസത്തെ വ്യാപാര കമ്മിയെന്നാണ് വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ കണക്കുകൾ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. പ്രധാന ഇറക്കുമതികളായ സ്വർണ്ണം, വെള്ളി, ക്രൂഡ് ഓയിൽ എന്നിവയുടെ വിഹിതത്തിലുണ്ടായ ഇടിവാണ് വ്യാപാര കമ്മി കുറച്ചതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
രാജ്യത്തേക്ക് എത്തുന്ന സാധനങ്ങളുടേയും രാജ്യത്ത് നിന്ന് പുറത്തേക്ക് പോകുന്ന സാധ്യനങ്ങളുടേയും മൂല്യം അടിസ്ഥാനമാക്കിയാണ് വ്യാപാര മിച്ചമാണോ കമ്മിയാണോ എന്ന് നിശ്ചയിക്കുന്നത്. കയറ്റുമതി മൂല്യം ഇറക്കുമതി മൂല്യത്തേക്കാള്‍ ഉയർന്ന് നില്‍ക്കുന്നതാണെങ്കില്‍ അവിടെ വ്യാപാര മിച്ചവും നേരെ തിരിച്ച്, അതായത് ഇറക്കുമതി മൂല്യം കയറ്റുമതി മൂല്യത്തേക്കാള്‍ ഉയർന്ന് നില്‍ക്കുകയാണെങ്കില്‍ വ്യാപാര കമ്മിയുമുണ്ടാകുന്നു.

ജനുവരിയില്‍ ഇറക്കുമതി വലിയ തോതില്‍ ഉയർന്നതോടെ ഇന്ത്യയുടെ വ്യാപാര കമ്മി 22.9 ബില്യണ്‍ ഡോളറായി ഉയർന്നിരുന്നു. ഇവിടെ നിന്നാണ് ഫെബ്രുവരിയില്‍ 14.05 ലേക്ക് ഇടിഞ്ഞത്. 2024 ഫെബ്രുവരിയിലെ കണക്ക് പരിശോധിക്കുകയാണെങ്കില്‍ അന്നത്തെ വ്യാപാര കമ്മി 19.5 ബില്യണ്‍ ഡോളറായിരുന്നു.
ഫെബ്രുവരിയില്‍ ഇന്ത്യയുടെ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി മൂല്യം 2.7 ബില്യൺ ഡോളറായിരുന്നു. 2024 ജൂണിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. 2.5 ബില്യൺ ഡോളർ മൂല്യമുള്ള സ്വർണവും വെള്ളിയുമായിരുന്നു കഴിഞ്ഞ വർഷത്തെ ഇതേ കാലയളവില്‍ രാജ്യം ഇറക്കുമതി ചെയ്തത്. ക്രൂഡ്, പെട്രോളിയം എന്നിവയുടെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ ഇറക്കുമതി 11.89 ബില്യൺ ഡോളറായിരുന്നു. ഇതാകട്ടെ 2023 ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കും. കഴിഞ്ഞ വർഷത്തെ ഇറക്കുമതി മൂല്യം 11.81 ബില്യൺ ഡോളർ.
ഫെബ്രുവരിയിൽ രാജ്യത്ത് നിന്നും പുറത്തേക്കുള്ള കയറ്റുമതി 10.84 ശതമാനമാണ് കുറഞ്ഞത്. ചരക്ക് കയറ്റുമതിയിലെ വാർഷിക ഇടിവിന്റെ ഒരു ഭാഗം അധിവർഷവുമായി ബന്ധപ്പെട്ട അടിസ്ഥാന വർഷ ഫലവുമായി ബന്ധപ്പെട്ടിരിക്കാമെങ്കിലും കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഇറക്കുമതി 16.3% ചുരുങ്ങിയെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ ഐ സി ആർ എയുടെ ചീഫ് ഇക്കണോമിസ്റ്റ് അദിതി നായർ ചൂണ്ടിക്കാണിക്കുന്നു.
'വ്യാപാര കമ്മി 2025 സാമ്പത്തിക വർഷത്തിലെ ആദ്യ 10 മാസങ്ങളിലെ ശരാശരിയായ 23 ബില്യൺ ഡോളറിനേക്കാൾ വലിയ തോതില്‍ കുറവായിരുന്നു. ഇത് കണക്കിലെടുക്കുമ്പോൾ. 2025 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ കറന്റ് അക്കൗണ്ട് ഏകദേശം 5 ബില്യൺ ഡോളറിന്റെ മിച്ചം കാണുമെന്ന് ഞങ്ങൾ ഇപ്പോൾ പ്രതീക്ഷിക്കുന്നു, ഇത് ജിഡിപിയുടെ ഏകദേശം 0.5% ന് തുല്യമാണ്,' അദിതി നായരെ ഉദ്ധരിച്ച ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.
2025 ഫെബ്രുവരിയിൽ ഇന്ത്യ 35.03 ബില്യൺ ഡോളറിന്റെ സേവനങ്ങളും 16.55 ബില്യൺ ഡോളറിന്റെ ഇറക്കുമതി സേവനങ്ങളും കയറ്റുമതി ചെയ്തു. 2024 ഫെബ്രുവരിയിൽ ഈ സംഖ്യകൾ യഥാക്രമം 28.33 ബില്യൺ ഡോളറും 15.23 ബില്യൺ ഡോളറുമായിരുന്നു. ഇന്ത്യയുടെ കറൻസിയുടെ മൂല്യം കുറയുകയും യു എസ് വ്യാപാര നയത്തിൽ നിന്ന് അനിശ്ചിതത്വങ്ങൾ നിലനിൽക്കുകയും ചെയ്യുന്ന സമയത്ത് ഈ വ്യാപാര ഡാറ്റയ്ക്ക് വളറെ അധികം പ്രാധാന്യമുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 'ഇരു രാജ്യങ്ങളുടെയും ആശങ്കകൾ പരിഹരിക്കുന്നതിനും വ്യാപാരം 500 ബില്യൺ ഡോളറായി വികസിപ്പിക്കുന്നതിനുമായി ഇന്ത്യ യുഎസുമായി ചർച്ചകള്‍ നടത്തുന്നു' വ്യാപാര സെക്രട്ടറി സുനിൽ ബർത്ത്വാൾ പറഞ്ഞു.












Click it and Unblock the Notifications