യുഎഇയില്‍ നിന്നും സ്വർണം എത്തുന്നത് മറ്റൊരു പേരില്‍: ഇന്ത്യക്ക് നഷ്ടം 1700 കോടി, കാരണം സർക്കാർ തന്നെ
ഇന്ത്യയും യു എ ഇയും തമ്മിലുള്ള വ്യാപാര ബന്ധം അടുത്തിടെ വലിയ തോതില്‍ ഉയർന്നിരുന്നു. ഇതില്‍ നിർണ്ണായകമായത് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാറായിരുന്നു. 2022 മെയ് 1-ന് നടപ്പിലാക്കിയ യു എ ഇ - ഇന്ത്യ സമഗ്ര സാമ്പത്തിക കരാറിന്റെ കാലാവധി കഴിഞ്ഞതിനെ തുടർന്ന് അടുത്തിടെ സാമ്പത്തിക പങ്കാളിത്ത കരാർ (ഇ പി എ) ഇരു രാജ്യങ്ങളും ഒപ്പുവെച്ചിരുന്നു. എന്നാല്‍ ഈ കരാറിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി കോണ്‍ഗ്രസ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ്.
ഇന്ത്യ - യു എ ഇ സാമ്പത്തിക പങ്കാളിത്ത കരാർ (ഇ പി എ) ക്രമക്കേടുകളാൽ നിറഞ്ഞതാണെന്നും കരാറിന്റെ ചർച്ചകളിലും നടപ്പാക്കലിലും നിരവധി ചോദ്യങ്ങൾ ഉയർന്നുവരുന്നതായും കോൺഗ്രസ് തിങ്കളാഴ്ച ആരോപിച്ചു. പ്ലാറ്റിനം അയിരുകള്‍ ഇറക്കുമതി ചെയ്യുന്നതില്‍ അടക്കം ഗുരുതരമായ അഴിമതികളുണ്ടെന്നാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ് ആരോപിക്കുന്നത്.

2022 മെയ് മാസത്തിൽ കരാർ ഒപ്പിട്ടതിനുശേഷം ഇന്ത്യ 24,000 കോടി രൂപയുടെ പ്ലാറ്റിനം അയിരുകള്‍ ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇതിൽ 90 ശതമാനത്തിലധികം യഥാർത്ഥത്തിൽ സ്വർണ്ണമാണെന്നാണ് നികുതി രേഖകള്‍ കാണിക്കുന്നത്. 2024 ജൂലൈ വരെ, പ്ലാറ്റിനം അയിരുകളുടെ ഇറക്കുമതി തീരുവ 8.15% ആയിരുന്നു. എന്നാല്‍ സ്വർണ്ണത്തിന്റേത് 18.45 ശതമാനവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കരാർ പ്രകാരം ഈ ലോഹത്തെ സ്വർണ്ണം എന്നതില് ഉപരി പ്ലാറ്റിനം എന്ന് തരംതിരിച്ചതിനാല്‍ രാജ്യത്തിന് കുറഞ്ഞത് 1700 കോടി രൂപയുടെ വരുമാന നഷ്ടമാണുണ്ടായത്. ഇത്ര വലിയ സാമ്പത്തിക നഷ്ടമുണ്ടായതിന് പുറമേ, ഈ പഴുത് ഇന്ത്യയുടെ റെഗുലേറ്ററി ഇൻഫ്രാസ്ട്രക്ചറിനെ പരിഹസിക്കുകയാണ്. 2024 ജൂലൈയിലെ ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി സ്വർണത്തിൻ്റെ തീരുവ കുറച്ചത് ഈ പഴുതടയ്ക്കാൻ വേണ്ടിയായിരുന്നു.
ഗവൺമെൻ്റിൻ്റെ സാമ്പത്തിക നയങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉടമ്പടി തിരുത്തുന്നതിന് പകരം, ഉടമ്പടിയിലെ പഴുതുകൾ അടയ്ക്കാൻ സർക്കാർ നയം തിരുത്തി. ഗിഫ്റ്റ് സിറ്റി വഴിയുള്ള ചില ഇളവുകള്‍ ഒഴികെ സ്വകാര്യ വ്യാപാരികൾക്ക് സ്വർണം ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു. എന്നാൽ ഈ നിയന്ത്രണം മറികടക്കാൻ ഇ പി എ നൽകിയ പഴുതുകൾ ഉപയോഗപ്പെടുത്താന്‍ വ്യാപാരികള്‍ക്ക് കഴിഞ്ഞെന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു.
"യു എ ഇ യില്‍ സ്വർണത്തിന്റെ ഖനികളില്ല. എന്നാല്‍ അവർ ആഫ്രിക്കയില്‍ നിന്നും വന്‍ തോതില്‍ സ്വർണം ഇറക്കുമതി ചെയ്യുന്നു. യു എ ഇ വഴിയുള്ള സ്വർണ ഇറക്കുമതി വഴിതിരിച്ചുവിടുന്നതിലൂടെ നമ്മുടെ മുഴുവൻ സ്വർണ്ണ ഇറക്കുമതി നിയന്ത്രണ സംവിധാനവും തകർക്കപ്പെടാൻ സാധ്യതയുണ്ട്. യു എ ഇയിൽ നിന്നും വെള്ളി ഇറക്കുമതി ചെയ്യുന്നതിലും സംശയകരമായ കാര്യമുണ്ട്." എ ഐ സി സി ജനറല്‍ സെക്രട്ടറി ചൂണ്ടിക്കാട്ടി.
2023 ജനുവരി-ഏപ്രിൽ കാലയളവിൽ യു എ ഇയിൽ നിന്നുമുള്ള ഇന്ത്യയുടെ വെള്ളി ഇറക്കുമതി 2.2 മില്യൺ ഡോളറിന്റേതായിരുന്നു. 2024 ജനുവരി-ഏപ്രിൽ മാസത്തിൽ ഇത് 1.44 ബില്യൺ ഡോളറായി ഉയർന്നു. അതായത് ഒരു വർഷത്തിനിടെ 647 മടങ്ങാണ്. ഒറ്റരാത്രികൊണ്ട് യു എ ഇ ഇന്ത്യയുടെ ഏറ്റവും വലിയ വെള്ളി ഇറക്കുമതി സ്രോതസ്സായി ഇന്ത്യമാറി. ഇന്ത്യയുടെ ആകെ വെള്ളി ഇറക്കുമതിയില്‍ 40 ശതമാനത്തോളവും യു എ ഇയില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications