ബീച്ചിലെ മണലൊന്നിളക്കിയാല്‍ കൈനിറയെ സ്വര്‍ണം, അറിയാമോ ഇന്ത്യയിലെ ഈ ബീച്ചിനെക്കുറിച്ച്
ഹൈദാബാദ്: സ്വര്‍ണം വാങ്ങിക്കാനായി എല്ലാവരും ജ്വല്ലറികളിലേക്കാണ് പോകാറുള്ളത്. എന്നാല്‍ കടല്‍ത്തീരത്ത് നിന്ന് സ്വര്‍ണം ലഭിക്കാന്‍ തുടങ്ങിയാല്‍ എന്തായിരിക്കും സ്ഥിതി? ഞെട്ടേണ്ട, , ആന്ധ്രാപ്രദേശിലെ ഒരു തീരദേശ ഗ്രാമത്തിലെ നിവാസികള്‍ക്ക് ഇപ്പോള്‍ കടലില്‍ നിന്ന് ലഭിക്കുന്നത് സ്വര്‍ണ ചാകരയാണ്. കിഴക്കന്‍ ഗോദാവരി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഉപ്പഡ ബീച്ചില്‍ നിന്നാണ് നാട്ടുകാര്‍ക്ക് സ്വര്‍ണം ലഭിക്കുന്നത്.
മണലിലൂടെ കരയിലേക്ക് ഒഴുകിയെത്തിയ സ്വര്‍ണ കണങ്ങള്‍ക്കും മുത്തുകള്‍ക്കുമായുള്ള തിരച്ചില്‍ ഈ നാട്ടുകാരുടെ ഹോബിയായി മാറിയിരിക്കുകയാണ്. മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള പ്രദേശവാസികള്‍ കടല്‍ത്തീരത്തെ മണല്‍ അരിച്ച് പെറുക്കി സ്വര്‍ണ്ണക്കട്ടികളും ആഭരണങ്ങളും വരെ കണ്ടെത്താമെന്ന പ്രതീക്ഷയിലാണ്. തീരത്തുകൂടെ വെറുതെ നടക്കുമ്പോള്‍ സ്വര്‍ണം കിട്ടില്ല.

മണലില്‍ മറഞ്ഞിരിക്കുന്ന പൊന്നിനെ കണ്ടെത്താന്‍ മണല്‍ ഇളക്കി പരിശോധിക്കണം. യു കോതപ്പള്ളി ബ്ലോക്കിലെ ഉപ്പഡ, സുരദാപേട്ട് എന്നിവയുള്‍പ്പെടെ സമീപ പ്രദേശങ്ങളിലെ ഗ്രാമവാസികള്‍ കാലങ്ങളായി മണലില്‍ സ്വര്‍ണ കണങ്ങളും മുത്തുകളും കണ്ടെത്തുന്നുണ്ട്. മിക്കപ്പോഴും, ഈ പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് മുഴുവന്‍ ആഭരണങ്ങളോ കട്ടിയുള്ള സ്വര്‍ണ്ണക്കഷണങ്ങളോ ലഭിക്കാറുണ്ട്.
പ്രദേശത്തിന്റെ തുടര്‍ച്ചയായ തീരദേശ മണ്ണൊലിപ്പ് കാരണമാണ് ഇത് സംഭവിക്കുന്നത്. നിരവധി വീടുകളും ക്ഷേത്രങ്ങളും മുന്‍കാലങ്ങളില്‍ കടലാക്രമണത്തില്‍ ഇവിടെ തകര്‍ന്നിട്ടുണ്ട്. അവിടെ ഉണ്ടായിരുന്ന സ്വര്‍ണ്ണ ഉരുപ്പടികളും കടലില്‍ എത്തിയിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്. ഈ വര്‍ഷം നവംബറില്‍ തെക്കന്‍ തീരത്ത് ആഞ്ഞടിച്ച നിവാര്‍ ചുഴലിക്കാറ്റിന് ശേഷമാണ് സ്വര്‍ണം വീണ്ടും കരയിലേക്ക് അടിയാന്‍ തുടങ്ങിയത്.
ചില പ്രദേശവാസികള്‍ക്ക് ഏകദേശം 3500 രൂപ വിലയുള്ള സ്വര്‍ണം വരെ ലഭിച്ചിട്ടുണ്ട് എന്ന് പറയപ്പെടുന്നു. വീടുകളുടെയും ക്ഷേത്രങ്ങളുടെയും നിര്‍മ്മാണ സമയത്ത് ചെറിയ സ്വര്‍ണ്ണ മുത്തുകള്‍ കുഴിച്ചിടുന്നത് പ്രദേശത്ത് പതിവായിരുന്നു എന്നാണ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ലവു രാജു പറയുന്നത്. കാലക്രമേണ മണ്ണൊലിപ്പ് കാരണം തീരപ്രദേശങ്ങള്‍ തകര്‍ന്നതിനാല്‍ ഈ സ്വര്‍ണ കണങ്ങള്‍ കടലിലേക്ക് എത്തപ്പെട്ടു.
നിവാര്‍ ചുഴലിക്കാറ്റിന്റെ തീവ്രതയോടെ, തിരമാലകള്‍ ഈ കണങ്ങളില്‍ ചിലത് കടല്‍ത്തീരത്ത് തിരികെ നിക്ഷേപിക്കുന്നതായിരിക്കാം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാക്കിനട റവന്യൂ ഡിവിഷന്റെ പരിധിയില്‍ വരുന്നതാണ് ഉപ്പഡ ബീച്ച്. അടുത്തിടെയായി ഈ പ്രദേശം ഒരു പ്രധാന ടൂറിസ്റ്റ് ആകര്‍ഷണമായി മാറാനുള്ള സാധ്യത കൊണ്ടും ശ്രദ്ധ നേടിയിരുന്നു. ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ ഈയിടെ ഉപ്പഡയും മേഖലയിലെ മറ്റ് ബീച്ചുകളും അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റാന്‍ നിര്‍ദ്ദേശിച്ചു.












Click it and Unblock the Notifications