സ്വര്‍ണവില കുറയില്ല... കൈയിലുള്ള പൊന്ന് ഇപ്പോള്‍ വില്‍ക്കല്ലേ..! ലാഭമുണ്ടാകാന്‍ ഇത് ചെയ്യണം
ആഗോള വിപണിയില്‍ സ്വര്‍ണത്തിനും വെള്ളിക്കും വീണ്ടും വിലയിടിഞ്ഞു. യുഎസ് പലിശ നിരക്കുകളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും നിക്ഷേപകര്‍ വിലയിരുത്തുന്നതിനിടെയാണ് വിലയേറിയ ലോഹങ്ങള്‍ക്ക് താഴേക്ക് വീണിരിക്കുന്നത്. കോമെക്‌സ് വിപണിയില്‍, സ്വര്‍ണ ഫ്യൂച്ചറുകള്‍ ഔണ്‍സിന് 4017.30 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം നടത്തിയത്.
മുന്‍ ദിവസത്തെ ക്ലോസിംഗ് വിലയായ 4,033.60 ഡോളറില്‍ നിന്ന് 14.10 ഡോളര്‍ അഥവാ 0.35 ശതമാനത്തിന്റെ ഇടിവാണിത്. വെള്ളി ഫ്യൂച്ചറുകള്‍ ഔണ്‍സിന് 51.535 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം നടത്തിയത്. മുന്‍ ദിവസത്തെ ക്ലോസിംഗ് വിലയായ 52.255 ഡോളറില്‍ നിന്ന് 0.845 ഡോളര്‍ അഥവാ 1.61 ശതമാനത്തിന്റെ കുറവാണിത്. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പണനയത്തെക്കുറിച്ചുള്ള അനിശ്ചിതത്വവും പണപ്പെരുപ്പ സമ്മര്‍ദ്ദങ്ങളും കാരണമാണ് വിലയിടിയുന്നത്.

പലിശ നിരക്കുകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തല്‍ സ്വര്‍ണം, വെള്ളി തുടങ്ങിയ ആസ്തികളെ പ്രതികൂലമായി ബാധിച്ചേക്കാം എന്നാണ് വിലയിരുത്തല്‍. കാരണം, പലിശ വരുമാനം ലഭിക്കുന്ന നിക്ഷേപങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, സ്വര്‍ണത്തിനും വെള്ളിക്കും ആകര്‍ഷണീയത കുറയുന്നു എന്ന നിരീക്ഷണമാണ് വിപണി വിദഗ്ധര്‍ പങ്ക് വെക്കുന്നത്. അതേസമയം, പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളും ശ്രദ്ധാകേന്ദ്രമായി തുടരുന്നു.
അതിനിടെ ഇറാനെതിരെ യുഎസ് വീണ്ടും സൈനിക ആക്രമണങ്ങള്‍ നടത്തിയേക്കുമെന്ന ആശങ്കകള്‍ക്കിടയില്‍ വെള്ളിയാഴ്ച ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു. ഇത് ഊര്‍ജ്ജ വിതരണത്തില്‍ തടസങ്ങള്‍ ഉണ്ടായേക്കാം എന്ന ആശങ്ക വര്‍ധിപ്പിക്കുന്നു. എണ്ണ വിലയിലുണ്ടാകുന്ന വര്‍ധനവ് പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകള്‍ കൂട്ടാനും, പലിശ നിരക്കുകളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെ സങ്കീര്‍ണമാക്കാനും ഇടയാക്കും.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ വിലയേറിയ ലോഹങ്ങളുടെ വിലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. സ്വര്‍ണത്തിന്റെ വിലയില്‍ ശക്തമായ മുന്നേറ്റം ഉണ്ടാവുകയും തുടര്‍ന്ന് വിലയില്‍ തിരുത്തല്‍ സംഭവിക്കുകയും ചെയ്തു. വിലയേറിയ ലോഹങ്ങള്‍ ഇടയ്ക്കിടെയുള്ള കുതിച്ചുചാട്ടങ്ങള്‍ക്ക് ശേഷമാണ് നേട്ടങ്ങള്‍ നല്‍കിയിട്ടുള്ളതെന്നും, അതിനുശേഷം ദീര്‍ഘകാലത്തേക്ക് വിലയില്‍ വലിയ മാറ്റമില്ലാത്ത അവസ്ഥ ഉണ്ടാകാറുണ്ടെന്നും അരുണ്‍ അസറ്റ്‌സ് ഇന്‍വെസ്റ്റ്‌മെന്റ് സര്‍വീസസ് സ്ഥാപകനും പങ്കാളിയുമായ അരുണ്‍ പട്ടേല്‍ പറയുന്നു.
2024-ല്‍ ഏകദേശം 26 ശതമാനവും 2025-ല്‍ 64 ശതമാനവും സ്വര്‍ണ വിലയില്‍ വര്‍ധനവുണ്ടായി. ഈ മുന്നേറ്റം 2026 ജനുവരി വരെ നീളുകയും, വില ഔണ്‍സിന് 5595 ഡോളര്‍ വരെ എത്തുകയും ചെയ്തു. അതിനുശേഷം, സ്വര്‍ണ വിലയില്‍ ഏകദേശം 28 ശതമാനത്തോളം തിരുത്തല്‍ ഉണ്ടായിട്ടുണ്ടെന്ന് പട്ടേല്‍ ചൂണ്ടിക്കാട്ടി. വിലയില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടായതിന് ശേഷം നിക്ഷേപം നടത്തുന്നതിന് പകരം, വിലയില്‍ വലിയ മാറ്റമില്ലാത്ത ഈ ഘട്ടത്തെ കൂടുതല്‍ സ്വര്‍ണം വാങ്ങിക്കൂട്ടാനുള്ള അവസരമായി നിക്ഷേപകര്‍ കാണണമെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍, നിക്ഷേപകര്‍ പെട്ടെന്നുള്ള ലാഭം പ്രതീക്ഷിക്കരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കാരണം, അടുത്ത വലിയ മുന്നേറ്റം ഉണ്ടാകുന്നതിന് മുമ്പ്, സ്വര്‍ണ വില ദീര്‍ഘകാലത്തേക്ക് നിലവിലെ നിലവാരത്തില്‍ തന്നെ തുടരാന്‍ സാധ്യതയുണ്ട്. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സാധ്യതകളെ പിന്തുണയ്ക്കുന്ന ഒരു ഘടകം കേന്ദ്ര ബാങ്കുകളില്‍ നിന്നുള്ള തുടര്‍ച്ചയായ ഡിമാന്‍ഡാണ്.
2025-ല്‍ കേന്ദ്ര ബാങ്കുകള്‍ 863 ടണ്‍ സ്വര്‍ണം വാങ്ങി. 2026-ലെ രണ്ടാം പാദത്തില്‍ 289 ടണ്‍ കൂടി വാങ്ങി. സ്വര്‍ണവിലയില്‍ അടുത്ത കുതിച്ചുചാട്ടം എപ്പോള്‍ ഉണ്ടാകുമെന്ന് പ്രവചിച്ച് അതിനനുസരിച്ച് നിക്ഷേപം നടത്താന്‍ ശ്രമിക്കുന്നതിന് പകരം, രണ്ടോ മൂന്നോ വര്‍ഷത്തെ കാലയളവ് ലക്ഷ്യമിട്ട് സ്വര്‍ണം ശേഖരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കണമെന്നാണ് അദ്ദേഹം പറയുന്നത്.
വില ഉയര്‍ന്ന നിലയിലാണെങ്കിലും, ഉത്സവ-വിവാഹ സീസണുകളില്‍ ആഭരണങ്ങള്‍ക്ക് മികച്ച ഡിമാന്‍ഡ് ഉണ്ടാകുമെന്ന് ജ്വല്ലറി ഉടമകള്‍ പ്രതീക്ഷിക്കുന്നു. ഉപഭോക്താക്കളില്‍ ചിലര്‍ വജ്രാഭരണങ്ങളും പരിഗണിക്കുന്നുണ്ട്. ഉത്സവ സീസണില്‍ ആഭരണ വില്‍പ്പനയില്‍ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ 20-25% വളര്‍ച്ചയുണ്ടാകുമെന്ന് രാജ് ഡയമണ്ട്സ്' മാനേജിംഗ് ഡയറക്ടര്‍ ഈശ്വര്‍ സുരാന പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications
