സ്വർണം കനിഞ്ഞു; 1 ലക്ഷം ഒരു വർഷം കൊണ്ട് 1.30 ലക്ഷമായി: എന്നാല്‍ ഇനി വരാന്‍ പോകുന്നത് എന്ത്
എക്കാലത്തും നിക്ഷേപകരുടെ മികച്ച രണ്ട് ഓപ്ഷനുകളാണ് സ്വർണവും ഓഹരിവിപണിയും. സ്വർണ്ണം താല്‍ക്കാലാടിസ്ഥാനത്തില്‍ വലിയ ലാഭം നല്‍കുമെങ്കിലും ദീർഘകാലാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ഓഹരിവിപണിയായിരുന്നു മെച്ചം. എന്നാല്‍ കഴിഞ്ഞ ഒരു വർഷത്തിന് ഇടയിലെ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ ഓഹരി വിപണിയേക്കാള്‍ ലാഭം ലഭിച്ചിരിക്കുന്നത് സ്വർണത്തില്‍ നിക്ഷേപിച്ചവർക്കാണ്.
കഴിഞ്ഞ ഒരു വർഷത്തിനിടെ സ്വർണ വില 36% ഉയർന്ന് ആഗോള ഓഹരി വിപണികളെ മറികടന്ന് മികച്ച നിക്ഷേപ ഓപ്ഷനായി മാറിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതായത് ഒരു ലക്ഷം നിക്ഷേപിച്ചവരുടെ വരുമാനം 1.30 ലക്ഷമായി ഉയർന്നു. അമേരിക്കയിലെ പ്രമുഖ ഓഹരി സൂചികകളായ എസ് & പി 12 ശതമാനവും എന്‍ എ എസ് ഡി എ ക്യു 13.5% ശതമാനവും എം സി സി ഐ ഓൾ കൺട്രി വേൾഡ് ഇൻഡക്സ് 14 ശതമാനവും നേട്ടമുണ്ടാക്കിയപ്പോഴാണ് സ്വർണം ഇവയേക്കാളെല്ലാം മൂന്നിരട്ടിയില്‍ അധികം വരുമാനം നല്‍കിയത്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ സ്വർണ വിലയില്‍ 87 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. 2024-25 കാലയളവില്‍ സ്വർണം റെക്കോർഡ് നിരക്കായ ട്രോയ് ഔണ്‍സിന് 3500 ഡോളറിലേക്ക് വരെ എത്തി. എന്നാൽ 2025 മെയ് 14 വരെയുള്ള വിപണി വിശകലനങ്ങൾ പ്രകാരം, അടുത്ത ഒരു വർഷത്തേക്ക് സ്വർണ വില 5-10% കുറയുകയോ സ്ഥിരമായി തുടരുകയോ ചെയ്യുമെന്നാണ് വിദഗ്ധർ പ്രവചിക്കുന്നത്. യു എസ് -ചൈന വ്യാപാര പിരിമുറുക്കത്തിന് അയവ് വന്നതാണ് വില ഉയരാതിരിക്കാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.
അതേസമയം ഉയർന്ന സ്വർണ വില ആഭരണങ്ങളുടെ ഡിമാൻഡ് 10-15% കുറച്ചേക്കാമെന്ന് വേൾഡ് ഗോൾഡ് കൗൺസിലും (WGC) വിലയിരുത്തുന്നു. എന്നാൽ, ഗോൾഡ് ഇ ടി എഫുകളിലും ഡിജിറ്റൽ ഗോൾഡിലും നിക്ഷേപം 20% വർധിച്ചേക്കാം. കാരണം നിക്ഷേപകർ എപ്പോഴും സ്വർണത്തെ ദീർഘകാല സുരക്ഷിത ആസ്തിയായി കാണുന്നു. യു എസ് ഫെഡറൽ റിസർവിന്റെ പലിശനിരക്ക് നയവും സ്വർണ വിലയെ ബാധിക്കുന്നുണ്ട്.
2025ൽ പലിശനിരക്ക് വർധന പ്രതീക്ഷിക്കുന്നതിനാൽ നിക്ഷേപം എന്ന നിലയില്‍ സ്വർണത്തിന്റെ ആകർഷണം വീണ്ടും കുറഞ്ഞേക്കാം. ആഗോളതലത്തിൽ, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകൾ സ്വർണ ശേഖരം വർധിപ്പിക്കുന്നതും ഡിമാൻഡിനെ താങ്ങിനിർത്തുന്നുന്നുണ്ട്. എന്നാല്‍ വില റെക്കോർഡ് ഉയരത്തിലായതിനാൽ വാങ്ങല്‍ ഉയരാന്‍ സാധ്യതയില്ല.
സ്വർണം 2024-25ൽ മികച്ച വരുമാനം നൽകിയെങ്കിലും, 2025ൽ വ്യാപാര പിരിമുറുക്കം കുറയുന്നതും, ഓഹരി വിപണിയുടെ ശക്തിയും, ഉയർന്ന പലിശനിരക്കും, റെക്കോർഡ് വിലയും ഉയർച്ച മന്ദഗതിയിലാക്കാം. ഇന്ത്യയിൽ ആഭരണ ഡിമാൻഡ് കുറയുമെങ്കിലും, നിക്ഷേപ ഡിമാൻഡ് ശക്തമായേക്കാം. നിക്ഷേപകർക്ക് സ്വർണത്തിനൊപ്പം ഓഹരികൾ, ബോണ്ടുകൾ, അല്ലെങ്കിൽ ഡൈവേഴ്സിഫൈഡ് ഫണ്ടുകൾ പരിഗണിക്കാമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം കേരളത്തിൽ ഇന്ന് സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തി. ആഗോള വിപണിയിലെ ഇടിവിന്റെ പ്രതിഫലനമായാണ് സംസ്ഥാനത്തും വില കുറഞ്ഞത്. ഇന്നത്തെ വിപണി നിരക്ക് പ്രകാരം സ്വര്‍ണവില 400 രൂപ കുറഞ്ഞ് 70,440 രൂപയായി. ഗ്രാമിന് 50 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 8805 രൂപയുമായി. എന്നാല്‍ സ്വർണം ആഭരണമായി വാങ്ങുമ്പോള്‍ , 3% ജിഎസ്ടി, 53.10 ഹോൾമാർക്ക് ചാർജ്, കുറഞ്ഞത് 5% പണിക്കൂലി എന്നിവ കൂടി ചേർക്കുമ്പോള്‍ ഒരു പവന്‍ സ്വർണത്തിന് ഏറ്റവും കുറഞ്ഞത് 76235 രൂപ നല്‍കേണ്ടി വരും.












Click it and Unblock the Notifications