ഇപ്പോള്‍ തന്നെ സ്വര്‍ണം വാങ്ങിവെച്ചോ!! 2027 ല്‍ വരാന്‍ പോകുന്നത് ആഗോള സാമ്പത്തിക മാന്ദ്യം!!?

നിക്ഷേപ പോര്‍ട്ട്ഫോളിയോകളില്‍ സ്വര്‍ണം ഉള്‍പ്പെടുത്തുന്നത് 2027 ല്‍ ഒരു പ്രധാന മാക്രോ ഇക്കണോമിക് സുരക്ഷാ കവചമായി പ്രവര്‍ത്തിക്കുമെന്ന് ആഗോള നിക്ഷേപ ബാങ്കിംഗ്, ധനകാര്യ സേവന സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്‌സ്. 'ഗ്ലോബല്‍ വ്യൂസ്: ഡൗണ്‍സൈഡ് ഗ്രോത്ത് റിസ്‌ക്‌സ്' റിപ്പോര്‍ട്ടില്‍ ആണ് ഗോള്‍ഡ്മാന്‍ സാക്‌സ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഇതിനായി സ്വര്‍ണം ഉള്‍പ്പെടെയുള്ള വിലയേറിയ ലോഹങ്ങള്‍ ഏറെ അനുയോജ്യമാണെന്ന് ഗോള്‍ഡ്മാന്‍ സാക്‌സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 'ഹ്രസ്വകാല അപകടസാധ്യതകളെ നേരിടാന്‍ എണ്ണ ഉല്‍പ്പന്നങ്ങളിലും യൂറോപ്യന്‍ പ്രകൃതിവാതകത്തിലും നിക്ഷേപം നടത്തണം അതോടൊപ്പം, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചെമ്പ്, സ്വര്‍ണം എന്നിവയില്‍ നിക്ഷേപം നടത്തുന്നത് വിതരണ-ആവശ്യ ഘടനയിലുണ്ടാകുന്ന അസന്തുലിതാവസ്ഥകളില്‍ നിന്ന് നേട്ടമുണ്ടാക്കാന്‍ സഹായിക്കും,' റിപ്പോര്‍ട്ടില്‍ പറയുന്നു.

Gold Investment

ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഊര്‍ജ്ജ വിപണിയില്‍ ചാഞ്ചാട്ടത്തിന് കാരണമാകുന്നത് തുടരുമെന്നും, പണപ്പെരുപ്പ ഭീഷണികള്‍ വര്‍ധിക്കുമെന്നും റിപ്പോര്‍ട്ട് പ്രവചിക്കുന്നു. ഈ അപകടസാധ്യതകളെ നേരിടാനും പണപ്പെരുപ്പത്തിനെതിരെ സംരക്ഷണം നേടാനും കമ്മോഡിറ്റി വിപണിയില്‍ പ്രതിരോധപരമായ നിലപാടുകള്‍ സ്വീകരിക്കണം എന്നാണ് ഗോള്‍ഡ്മാന്‍ സാക്‌സ് നനിക്ഷേപകരോട് ഉപദേശിക്കുന്നത്.

സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നത് വെറുമൊരു ഊഹക്കച്ചവടമല്ല, മറിച്ച് ആഗോള വിപണിയില്‍ രൂപപ്പെടുന്ന വിതരണ-ആവശ്യ വ്യത്യാസങ്ങളോടുള്ള പ്രതികരണമാണെന്ന് ഈ വിശകലനം എടുത്തു കാണിക്കുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി ആഗോള സമ്പദ്വ്യവസ്ഥയില്‍ കാര്യമായ പോസിറ്റീവ് മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇത് സുരക്ഷിതമായ ആസ്തികള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്ന സാഹചര്യമൊരുക്കുന്നു.

ആഗോള സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചാ നിരക്ക് ഒരു സ്ഥിരമായ നിലയിലാണെന്നും, 2026-ലും 2027-ലും ആഗോള യഥാര്‍ത്ഥ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 2.70 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും പ്രവചിക്കപ്പെടുന്നു. '2026-ല്‍ ഇതുവരെയുള്ള ആഗോള വളര്‍ച്ച തീര്‍ത്തും സാധാരണ നിലയിലായിരുന്നു, പ്രത്യേകിച്ച് എടുത്തു പറയത്തക്ക മാറ്റങ്ങളൊന്നും ഉണ്ടായില്ല,' റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഗോള സമ്പദ്വ്യവസ്ഥയും ജി3 സമ്പദ്വ്യവസ്ഥകളും (അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍) അവയുടെ സാധ്യതയുള്ള ജിഡിപി കണക്കുകള്‍ക്ക് അനുസൃതമായി വളരുന്നുണ്ടെന്നും രേഖയില്‍ വിശദീകരിക്കുന്നു. ഇതില്‍ അമേരിക്കയുടെ വളര്‍ച്ച 2026-ല്‍ 2.10 ശതമാനവും 2027-ല്‍ 2.20 ശതമാനവും ആയിരിക്കുമെന്ന് പ്രവചിക്കപ്പെടുന്നു. കൂടാതെ, ഈ വളര്‍ച്ച ദുര്‍ബലമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

സര്‍ക്കാര്‍ നടപ്പിലാക്കിയ സാമ്പത്തിക ഉത്തേജന നടപടികളും, എഐ രംഗത്തുണ്ടായ കുതിച്ചുചാട്ടവും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ യുഎസ് ഉപഭോക്തൃ ചെലവുകള്‍ ജിഡിപിയുടെ ഏകദേശം 0.25 ശതമാനം വര്‍ധിപ്പിക്കാന്‍ സഹായിച്ചിരുന്നു. എന്നാല്‍, ഇറാനിലെ യുദ്ധവും യുഎസ് ഏര്‍പ്പെടുത്തിയ ഉയര്‍ന്ന ഇറക്കുമതി തീരുവകളും സൃഷ്ടിച്ച പ്രതികൂല സാഹചര്യങ്ങളെ മറികടക്കാന്‍ ഈ ഘടകങ്ങള്‍ക്ക് കഷ്ടിച്ചേ സാധിച്ചിട്ടുള്ളൂ.

അടുത്ത വര്‍ഷം മാക്രോ ഇക്കണോമിക് സാഹചര്യങ്ങള്‍ കാര്യമായ മാറ്റമില്ലാതെ തുടരുമെന്നാണ് ഗോള്‍ഡ്മാന്‍ സാക്‌സ് വിലയിരുത്തുന്നത്. അതേസമയം, സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ചേക്കാവുന്ന വെല്ലുവിളികള്‍ വര്‍ധിച്ചുവരുന്നതായും അവര്‍ ചൂണ്ടിക്കാട്ടുന്നു. വരും വര്‍ഷം എത്രത്തോളം ദുര്‍ബലമായിരിക്കാം എന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട്, സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടടിക്കാന്‍ സാധ്യതയുള്ള ഘടകങ്ങള്‍ അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് വിശദീകരിക്കുന്നു.

'ഊര്‍ജ്ജ വില കുറയുന്നത്, സാമ്പത്തിക നയങ്ങളില്‍ നിന്നും എഐയില്‍ നിന്നുമുള്ള അനുകൂല ഘടകങ്ങള്‍ ദുര്‍ബലമാകുന്നതിനെ പ്രതിരോധിക്കാന്‍ സഹായിക്കും. അതിനാല്‍ 2027-ലും നിലവിലെ അവസ്ഥ തുടരാനാണ് സാധ്യത. എന്നാല്‍, വളര്‍ച്ചയെ പിന്നോട്ടടിക്കുന്ന ഘടകങ്ങള്‍ക്കാണ് മുന്‍തൂക്കം,' എന്ന് ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ ജാഗ്രതാ നിലപാടിനെയും, സ്വര്‍ണ നിക്ഷേപത്തിലേക്ക് ശ്രദ്ധ മാറുന്നതിനെയും ന്യായീകരിക്കുന്ന ചില പ്രത്യേക വെല്ലുവിളികളെക്കുറിച്ചും റിപ്പോര്‍ട്ട് പ്രതിപാദിക്കുന്നുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് മിഡില്‍ ഈസ്റ്റിലെ സാഹചര്യമാണ്. സംഘര്‍ഷം വീണ്ടും രൂക്ഷമാകുമെന്ന ഭയം കാരണം പെട്രോള്‍, ഡീസല്‍, പ്രകൃതി വാതകം എന്നിവയുടെ വില മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ ഉയര്‍ന്ന നിലവാരത്തിനടുത്തോ അതിനു മുകളിലോ എത്തിനില്‍ക്കുന്നു.

കൂടാതെ, വികസിത വിപണികളിലെ ഉയര്‍ന്ന ദീര്‍ഘകാല പലിശ നിരക്കുകള്‍ ആഗോള സാമ്പത്തിക വളര്‍ച്ചയ്ക്ക് വലിയ തിരിച്ചടിയാകുന്നുണ്ട്. 2026-ന്റെ തുടക്കം മുതല്‍ വികസിത വിപണികളിലെ ബോണ്ട് യീല്‍ഡുകളില്‍ ശരാശരി 100 ബേസിസ് പോയിന്റുകളുടെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഇത് മൊത്തം ജിഡിപിയില്‍ നിന്ന് 0.60 ശതമാനം കുറവുണ്ടാക്കുമെന്ന് കണക്കാക്കപ്പെടുന്നു.

ഭവന വിപണി, ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍, കോര്‍പ്പറേറ്റ് നിക്ഷേപം എന്നിവയിലെ തുടര്‍ച്ചയായ മാന്ദ്യത്തിലൂടെയാകും ഈ തിരിച്ചടി പ്രകടമാകുക. എഐ നിക്ഷേപ ചക്രം അതിന്റെ ഉച്ചസ്ഥായിയിലെത്താന്‍ പോകുന്നു എന്നതും സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുന്ന മറ്റൊരു ഘടകമാണ്. സാങ്കേതിക മേഖലയില്‍ നിന്നുള്ള വളര്‍ച്ചാ ഉത്തേജനം 2026-ന്റെ അവസാനത്തിലോ 2027-ന്റെ തുടക്കത്തിലോ അതിന്റെ പരമാവധിയിലെത്തി, പിന്നീട് കുറയാന്‍ തുടങ്ങുമെന്ന് റിപ്പോര്‍ട്ട് പ്രവചിക്കുന്നു.

ഇന്ത്യയിലെ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം, 2027-ല്‍ ആഗോളതലത്തില്‍ പ്രതീക്ഷിക്കുന്ന അനിശ്ചിതത്വങ്ങള്‍, വിവിധ ആസ്തികളിലായി നിക്ഷേപം വിഭജിച്ചു നല്‍കുന്നതിന്റെ പ്രാധാന്യത്തെയാണ് എടുത്തു കാണിക്കുന്നത്. ആഗോളതലത്തില്‍ ഇന്ത്യ ഒരു പ്രധാന പ്രതീക്ഷാകേന്ദ്രമായി തുടരുമെന്ന് ഗോള്‍ഡ്മാന്‍ സാക്‌സ് വിലയിരുത്തുന്നു. 2026-ല്‍ 7.60 ശതമാനവും 2027-ല്‍ 7.30 ശതമാനവും എന്ന ശക്തമായ സാമ്പത്തിക വളര്‍ച്ച ഇന്ത്യ കൈവരിക്കുമെന്ന് റിപ്പോര്‍ട്ട് പ്രവചിക്കുന്നു.

2026-ല്‍ 4.60 ശതമാനം വളര്‍ച്ച മാത്രം പ്രതീക്ഷിക്കുന്ന ചൈന പോലുള്ള മറ്റ് വളര്‍ന്നുവരുന്ന വിപണികളേക്കാള്‍ വളരെ മുന്നിലാണിത്. അതേസമയം, ആഗോളതലത്തിലുള്ള സമ്മര്‍ദ്ദങ്ങളും കേന്ദ്ര ബാങ്കുകളുടെ നിയന്ത്രണാത്മക നയങ്ങളും അതിവേഗം ശക്തമായിക്കൊണ്ടിരിക്കുകയാണ്. കാലത്തിനനുസരിച്ച്, ഉത്സവ സീസണുകളില്‍ സ്വര്‍ണം വാങ്ങുന്ന രീതിയിലും മാറ്റം വരുന്നുണ്ട്.

ഭൗതിക രൂപത്തിലുള്ള സ്വര്‍ണം വാങ്ങുന്നതിന് പകരം സാമ്പത്തിക നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്ന പ്രവണത വര്‍ധിച്ചുവരുന്നു. ഭൗതിക സ്വര്‍ണത്തേക്കാള്‍ പേപ്പര്‍ ഗോള്‍ഡ് തിരഞ്ഞെടുക്കുന്നവരുടെ എണ്ണം കൂടുന്നതില്‍ നിന്ന് ഈ മാറ്റം വ്യക്തമാണ്. 2026 സെപ്റ്റംബര്‍ കണക്കനുസരിച്ച്, ഇന്ത്യയിലെ ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ 26 സ്‌കീമുകളിലായി 1.86 ലക്ഷം കോടി രൂപയുടെ ആസ്തി കൈകാര്യം ചെയ്യുന്നുണ്ട്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഏകദേശം 26-28 ശതമാനം നേട്ടമാണ് ഇവ നല്‍കിയത്. ഈ പ്രവണത കൂടുതല്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്. സെപ്റ്റംബറില്‍ മാത്രം ഗോള്‍ഡ് ഇടിഎഫുകളിലേക്ക് 4,450.61 കോടി രൂപയുടെ നിക്ഷേപം ഒഴുകിയെത്തി. ഓഗസ്റ്റില്‍ ഇത് 2,596.70 കോടി രൂപയായിരുന്നു. അതായത്, ഒറ്റമാസം കൊണ്ട് 71.40 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma