സ്വർണവിലയിലെ കുതിപ്പിന് കാരണം 'നമ്മളും': പവന് 1 ലക്ഷം തൊട്ടാല്‍; എങ്ങനെ വാങ്ങിയാല്‍ കൂടുതല്‍ ലാഭം
സ്വർണ വില ഈ നിലയില്‍ മുന്നോട്ട് പോകുകയാണെങ്കില്‍ പവന്‍ വില അധികം താമസിയാതെ തന്നെ ഒരു ലക്ഷം തൊടും. പവന് 66480 രൂപ എന്ന എക്കാലത്തേയും ഉയർന്ന നിരക്കിലാണ് ഇന്ന് സംസ്ഥാനത്ത് വ്യാപാരം നടക്കുന്നത്. തുടർച്ചയായ മൂന്നാം ദിനവും സ്വർണം വിലയിലെ റെക്കോർഡ് തിരുത്തിക്കുറിച്ചു. പവന്‍ വിലയില്‍ 160 രൂപയുടെ വർധനവ് ഇന്നുണ്ടായി. ഗ്രാമിന് 20 രൂപകൂടി 8310 രൂപയുമായി.
വന്‍ അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ സമീപകാലത്തൊന്നും സ്വർണ വില താഴേക്ക് വരുന്ന ലക്ഷണവുമില്ല. നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍, സെൻട്രൽ ബാങ്കുകൾ വന്‍തോതില്‍ വാങ്ങിക്കൂട്ടുന്നത്, പണപ്പെരുപ്പ ആശങ്കകള്‍, ഉയർന്ന ഡിമാന്‍ഡ് എന്നിവയെല്ലാം സ്വർണ വിലയിലെ കുതിപ്പിന് കാരണമായേക്കും. വില പരിധിവിട്ട് ഉയരുന്ന ഈ സാഹചര്യം സാധാരണക്കാരെ സംബന്ധിച്ച് ആശങ്ക ഉണ്ടാക്കുന്നതാണെങ്കിലും നിക്ഷേപകരെ സംബന്ധിച്ച് അനുകൂല ഘടകമാണെന്നാണ് എച്ച് ഡി എഫ് സി സെക്യൂരിറ്റീസിലെ കമ്മോഡിറ്റീസ് & കറൻസിസ് മേധാവി അനുജ് ഗുപ്തയെ ഉദ്ധരിച്ച് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ അഞ്ച് വർഷത്തെ കണക്ക് പരിശോധിക്കുകയാണെങ്കില്‍ സ്വർണ്ണത്തിന്റെ കുത്തനെയുള്ള ഡിമാന്‍ഡ് വർധനവിന് പ്രധാനമായും കാരണമായ് ആഭരണ ഉപഭോഗത്തേക്കാൾ നിക്ഷേപ ആവശ്യകത വർദ്ധിക്കുന്നതിനാലാണ്. അതായത് സ്വർണ്ണം വാങ്ങുന്നവർ തന്നെ ഒരു തരത്തില്‍ വിലവർധനവിന് കാരണമാകുന്നു. ഇപ്പോള്‍ നിക്ഷേപകർ സ്വർണ്ണത്തെ ആഭരണമായിട്ടല്ല, ഒരു നിക്ഷേപമാർഗ്ഗമായിട്ടാണ് പ്രധാനമായും കാണുന്നത്. അതുകൊണ്ട് തന്നെ ആഭരണങ്ങളേക്കാള്‍ സ്വർണ്ണക്കട്ടികളിലും സ്വർണ്ണ നാണയങ്ങളിലും വലിയ ഡിമാൻഡാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിലും ഇത് വർധിച്ചുകൊണ്ടിരിക്കുമെന്നും അനൂജ് ഗുപ്ത അഭിപ്രായപ്പെടുന്നു.
ഉപഭോക്താക്കളുടെ സമീപനത്തിലുള്ള ഈ മാറ്റം സ്വർണ്ണ വിലയെ റെക്കോർഡ് നിരക്കിലേക്ക് എത്തിക്കുന്നതില്‍ പ്രധാന ഘടകമായി. സ്വർണ വില 10 ഗ്രാമിന് ഒരു ലക്ഷം രൂപയിലേക്ക് എത്തുമോയെന്ന് ചോദിച്ചാല്‍ എപ്പോള്‍ അത് സംഭവിക്കുമെന്ന് എനിക്ക് പറയാന്‍ സാധിക്കില്ല. എന്നാല്‍ ദീർഘകാലാടിസ്ഥാനത്തില്‍ വില ഒരുപക്ഷെ ഒരു ലക്ഷം രൂപയിലേക്ക് എത്തിയേക്കാം. എന്നിരുന്നാലും ഈ സാമ്പത്തിക വർഷാവസാനത്തോടെ സ്വർണ വില 10 ഗ്രാമിന് 90,700-91,000 രൂപയിലും അന്താരാഷ്ട്രതലത്തിൽ ഔൺസിന് 3,200 ഡോളറിലും എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
നിലവിലെ ഉയർന്ന വില നിലവാരത്തിൽ ഒറ്റത്തവണ വാങ്ങല്‍ നടത്തുന്നതിനുപകരം ദീർഘകാല നിക്ഷേപമായി സ്വർണ്ണത്തെ കാണണമെന്നും അദ്ദേഹം നിക്ഷേപകരെ ഉപദേശിക്കുന്നു. അതായത് എസ് ഐ പി മാതൃകയില്‍ സ്വർണത്തില്‍ നിക്ഷേപിക്കാമെന്നാണ് അനൂജ് പറയുന്നത്. 'സ്വർണം ഒരു നിക്ഷേപ പ്രക്രിയയാണ്. ആരെങ്കിലും സ്വർണ്ണത്തിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിലവിലെ നിലവാരത്തിൽ 10% മുതൽ ആരംഭിച്ച് ഓരോ വില തിരുത്തലിലും കൂടുതൽ വാങ്ങാം' അദ്ദേഹം പറഞ്ഞു.
അതേസമയം, ട്രംപിന്റെ വ്യാപാര നയവും സ്വർണത്തിന്റെ വില കൂട്ടുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ചൈനയും മെക്സിക്കോയും അടക്കമുള്ള രാജ്യങ്ങള്‍ക്ക് മേല്‍ തീരൂവ ചുമത്തുന്ന ട്രംപിന്‍റെ നിലപാട് ആഗോള വ്യാപാര രംഗത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ഈ പ്രതിസന്ധി സാമ്പത്തിക രംഗത്തും പ്രതിഫലിച്ചത് സുരക്ഷിത നിക്ഷേപ മാർഗ്ഗമായ സ്വർണത്തിലേക്ക് കൂടുതല്‍ ആളുകള്‍ തിരിയുന്നതിന് കാരണമായി.
മറ്റുള്ള നിക്ഷേപ മാര്‍ഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നത് തുടരുകയാണ്. പ്രധാനമായും ഗോള്‍ഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ക്ക് അഥവാ ഗോള്‍ഡ് ഇ ടി എഫുകള്‍ക്കാണ് പ്രിയമേറി വരുന്നത്. തുടക്കത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ നിക്ഷേപകരായിരുന്നു കൂടുതലായി ഗോള്‍ഡ് ഇ ടി എഫില്‍ നിക്ഷേപം നടത്തിയിരുന്നതെങ്കില്‍ പിന്നീട് അമേരിക്കന്‍ ഓഹരി വിപണികള്‍ താഴേക്ക് പോയതോടെ അമേരിക്കന്‍ നിക്ഷേപകരും കൂടുതലായി ഗോള്‍ഡ് ഇ ടി ഇഫിലേക്ക് എത്തി.












Click it and Unblock the Notifications