സ്വർണം ഏറ്റവും വിലക്കുറവിൽ ഇവിടെ ലഭിക്കും; 19,000 രൂപയ്ക്കടുത്ത് ലാഭം. പിന്നെന്ത് വേണം
ആഗോള വിപണിയിൽ ഏറ്റവുമധികം ആവശ്യക്കാരുള്ള ഉൽപ്പന്നങ്ങളിലൊന്നാണ് സ്വർണം. ഇന്ത്യ, ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങളാണ് ഉപഭോഗത്തിൽ മുന്നിൽ. ഇന്ത്യയെ സംബന്ധിച്ച് നിക്ഷേപം എന്നതിലുപരി അവരുടെ സംസ്കാരത്തിന്റെ കൂടി ഭാഗമാണ് സ്വർണം. ഉത്സവങ്ങൾ, വിവാഹങ്ങൾ പോലുള്ള സുപ്രധാന ചടങ്ങുകളിലെല്ലാം സ്വർണത്തിന് വലിയ പ്രാധാന്യമുണ്ട്.
ഇങ്ങനെയൊക്കെ ആണെങ്കിലും ഇന്ന് ഒരു തരി പൊന്ന് വാങ്ങണമെങ്കിൽ ഇന്ത്യയിൽ തീപിടിച്ച വില നൽകണം. കേരളത്തിൽ തന്നെ ഇന്ന് ഒരു പവൻ സ്വർണത്തിന് വില 81,920 രൂപയാണ്.
രാജ്യന്തരവില, പ്രാദേശിക നികുതികൾ, ഇറക്കുമതി തീരുവകൾ, കറൻസി വിനിമയ നിരക്കുകൾ, പണിക്കൂലി തുടങ്ങി നിരവധി കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് രാജ്യത്തെ സ്വർണ വില നിശ്ചയിക്കപ്പെടുന്നത്. അതേസമയം ചില രാജ്യങ്ങളിൽ വാറ്റ് ഇല്ലാത്തതും കുറഞ്ഞ തീരുവകളും മത്സരാധിഷ്ഠിത വിപണികളും കാരണം സ്വർണം വളരെ കുറഞ്ഞ വിലയിൽ ലഭിക്കും.

പൊതുവെ സ്വർണം കുറഞ്ഞ വിലയിൽ വാങ്ങാൻ ദുബായ് മാത്രമാണ് മികച്ച സ്ഥലമെന്ന തെറ്റിധാരണ പലർക്കും ഉണ്ട്. എന്നാൽ ദുബായെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം വാങ്ങാൻ കഴിയുന്ന മറ്റു ചില രാജ്യങ്ങളുമുണ്ട്. വില കുറഞ്ഞ സ്വർണം ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ മുൻപന്തിയിലുള്ള രാജ്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. നിലവിൽ ഈ രാജ്യങ്ങളിൽ സ്വർണത്തിന്റെ വില എത്രയാണെന്നും പരിശോധിക്കാം.
ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയുള്ള അമേരിക്കയാണ് സ്വർണം താരതമ്യേന കുറഞ്ഞ വിലയിൽ ലഭിക്കുന്ന രാജ്യം. എബിപി ന്യൂസ് ലൈവ് റിപ്പോർട്ട് അനുസരിച്ച്, യുഎസിൽ 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 8,586 രൂപയും 22 കാരറ്റ് സ്വർണത്തിന് 7,874 രൂപയുമാണ് വില. ഇത്രയും കുറഞ്ഞ വിലയിൽ ലഭിക്കുന്നത് കൊണ്ട് തന്നെ പട്ടികയിൽ അമേരിക്ക തന്നെയാണഅ ഒന്നാം സ്ഥാനത്ത്.
രണ്ടാം സ്ഥാനത്ത് ഓസ്ട്രേലിയ ആണ്. 24 കാരറ്റ് ഒരു ഗ്രാമിന് 8,602 രൂപയും 22 കാരറ്റ് സ്വർണത്തിന് 7,889 രൂപയുമാണ് വില. അന്താരാഷ്ട്ര തലത്തിൽ റെക്കോർഡ് വില വർധനവുണ്ടായിട്ടും ആഗോളതലത്തിലെ മാറ്റങ്ങൾക്കിടയിലും ഓസ്‌ട്രേലിയൻ സ്വർണവിപണിയിൽ വലിയ ചാഞ്ചാട്ടങ്ങൾ ഉണ്ടാകാറില്ല. ഓസ്‌ട്രേലിയൻ ഡോളറിൻ്റെ കരുത്തും ലോകത്തിലെ മുൻനിര സ്വർണ്ണ ഉത്പാദകരിൽ ഒന്നെന്ന നിലയിലുള്ള രാജ്യത്തിൻ്റെ സ്ഥാനവുമാണ് ഈ സ്ഥിരതയ്ക്ക് ഒരു പ്രധാന കാരണം.പ്രധാന ഖനികളിൽ നിന്നുള്ള ആഭ്യന്തര ഉത്പാദനം രാജ്യത്ത് സ്വർണലഭ്യത ഉറപ്പാക്കുന്നു.
ഏഷ്യയിലെ ഒരു പ്രധാന സാമ്പത്തിക കേന്ദ്രമായ സിംഗപ്പൂരിലും സ്വർണം ന്യായമായ വിലയിൽ ലഭിക്കും. ഇവിടെ 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 8,667 രൂപയും 22 കാരറ്റ് സ്വർണത്തിന് 7,949 രൂപയുമാണ് വില. സ്വർണത്തിന്റെ ഉയർന്ന ശുദ്ധിക്കും സുരക്ഷിതമായ നിക്ഷേപത്തിനും പേരുകേട്ട സ്വിറ്റ്സർലൻഡും ഈ പട്ടികയിലുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം, സ്വിറ്റ്സർലൻഡിൽ 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 8,682 രൂപയും 22 കാരറ്റ് സ്വർണത്തിന് 7,963 രൂപയുമാണ് വില. സ്വിറ്റ്സർലൻഡിലെ സ്വർണത്തിന്റെ ഗുണമേന്മ കണക്കിലെടുത്ത്, അന്താരാഷ്ട്ര വിപണിയിൽ ഇതിന് വലിയ വിശ്വാസ്യതയുണ്ട്. വില കുറഞ്ഞ് സ്വർണം ലഭിക്കുന്ന മറ്റൊരു തെക്കുകിഴക്കൻ ഏഷ്യൻ രാജ്യം ഇന്തോനേഷ്യയാണ്.
ഇന്തോനേഷ്യയിൽ 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 8,704 രൂപയും 22 കാരറ്റ് സ്വർണത്തിന് 7,983 രൂപയുമാണ് വില. 2025 ജനുവരിയിലെ കണക്കനുസരിച്ച് ദുബായിൽ 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 8,718 രൂപയും 22 കാരറ്റിന് 7,996 രൂപയുമായിരുന്നു വില.












Click it and Unblock the Notifications