ഒറ്റയടിക്ക് സീല്‍ ചെയ്തത് 56 ജ്വല്ലറികള്‍... കോടികളുടെ ആഭരണങ്ങള്‍ അകത്ത്; കാരണമിത്
ചാന്ദ്നി ചൗക്കിലെ കുച്ച മഹാജനിയിലുള്ള കുറഞ്ഞത് 56 സ്വര്‍ണ-വെള്ളി വ്യാപാര കടകള്‍ സീല്‍ ചെയ്തതായി വ്യാപാരികള്‍. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റേതാണ് നടപടി. കോടിക്കണക്കിന് രൂപയുടെ സ്വര്‍ണവും വെള്ളിയും കടകള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഏഴ് പേരുടെ മരണത്തിനിടയാക്കിയ സത്യ നികേതന്‍ കെട്ടിടം തകര്‍ന്ന സംഭവത്തിന് പിന്നാലെയാണ് കോര്‍പ്പറേഷന്റെ നീക്കം.
നഗരത്തിലുടനീളമുള്ള അപകടകരവും അനധികൃതവുമായ കെട്ടിടങ്ങള്‍ക്കെതിരെ എംസിഡി കര്‍ശന നടപടികള്‍ സ്വീകരിച്ച് വരികയാണ്. ജ്വല്ലറി കടകളില്‍ നോട്ടീസുകള്‍ പതിക്കുകയും വ്യാഴാഴ്ച രാവിലെ 11.30-ഓടെ സീലിംഗ് നടപടികള്‍ നടപ്പിലാക്കുകയും ചെയ്തതായി ഓള്‍ ഇന്ത്യ ബുള്ളിയന്‍ ആന്‍ഡ് ജ്വല്ലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് യോഗേഷ് സിംഗാള്‍ പറഞ്ഞു.

'സത്യ നികേതന്‍ ദുരന്തത്തിന് ശേഷം, ഇതിന്റെ ആഘാതം വ്യാപാരികള്‍ക്ക് മാത്രമാണോ അനുഭവിക്കേണ്ടി വരിക, അതോ ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പിനും രാഷ്ട്രീയക്കാര്‍ക്കുമെതിരെയും നടപടിയെടുക്കുമോ എന്നതാണ് പരിഗണിക്കേണ്ട വിഷയം,' അസോസിയേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. കടകളില്‍ പതിച്ച നോട്ടീസുകളില്‍ തെറ്റായ തീയതികളാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് വ്യാപാരികള്‍ ആരോപിച്ചു.
വ്യാപാരികളുടെ സംഘടന പങ്കുവെച്ച ഒരു നോട്ടീസില്‍ 2026 മെയ് 12 എന്ന തീയതിയാണ് ഉണ്ടായിരുന്നത്. 'അടിസ്ഥാന സൗകര്യങ്ങളുടെ (ബേസ്മെന്റ്) ദുരുപയോഗം അവസാനിപ്പിക്കാനും, 48 മണിക്കൂറിനുള്ളില്‍ 'മാസ്റ്റര്‍ പ്ലാന്‍-2021' പ്രകാരം അനുവദനീയമായ രീതിയില്‍ കെട്ടിടം ക്രമീകരിക്കാനും നിര്‍ദ്ദേശിക്കുന്നു. അല്ലാത്തപക്ഷം വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഈ ഭാഗം എന്തുകൊണ്ട് സീല്‍ ചെയ്തുകൂടാ എന്നതിന് കാരണം ബോധിപ്പിക്കുക,' എന്നായിരുന്നു നോട്ടീസിലെ ഉള്ളടക്കം.
മുന്‍കൂട്ടി അറിയിപ്പൊന്നും നല്‍കാതെ എംസിഡിയും പൊലീസും കുച്ച മഹാജനിയിലെത്തി, വിവിധ കെട്ടിടങ്ങളിലെ പല കടകളിലും നോട്ടീസുകള്‍ പതിക്കുകയും ഒരേസമയം സീലിംഗ് നടപടികള്‍ നടപ്പിലാക്കുകയുമാണ് ചെയ്തതെന്ന് വ്യാപാരികള്‍ പറഞ്ഞു. സീല്‍ ചെയ്ത കടകള്‍ക്കുള്ളില്‍ വ്യാപാരികളുടെ ഉടമസ്ഥതയിലുള്ള കോടിക്കണക്കിന് രൂപയുടെ സ്വര്‍ണ-വെള്ളി ആഭരണങ്ങള്‍ കുടുങ്ങിക്കിടക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കടകളില്‍ എത്തിയ ശേഷമാണ് എന്താണ് സംഭവിക്കുന്നതെന്ന് തങ്ങള്‍ മനസ്സിലാക്കിയതെന്ന് വ്യാപാരികള്‍ പറഞ്ഞു. അതേസമയം ഇതുവരെ എംസിഡിയില്‍ നിന്ന് ഔദ്യോഗിക പ്രതികരണമൊന്നും ലഭിച്ചിട്ടില്ല. സീല്‍ ചെയ്ത കടകള്‍ക്കുള്ളില്‍ വലിയ അളവില്‍ സ്വര്‍ണ്ണ-വെള്ളി ആഭരണങ്ങള്‍ കുടുങ്ങിക്കിടക്കുന്നതില്‍ അസോസിയേഷന്‍ ആശങ്ക പ്രകടിപ്പിച്ചു. ഞായറാഴ്ചയാണ് തെക്കന്‍ ഡല്‍ഹിയിലെ സത്യ നികേതന്‍ മേഖലയില്‍ ബഹുനില കെട്ടിടം തകര്‍ന്നു വീണത്.
സംഭവത്തില്‍ ഡെപ്യൂട്ടി കമ്മീഷണറെയും നാല് ഉദ്യോഗസ്ഥരെയും മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സൗത്ത് സോണിലെ അഞ്ച് ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.





Click it and Unblock the Notifications
