സ്വർണ്ണം വാങ്ങുമ്പോൾ ഈ ഒരു അബദ്ധം പറ്റിയാൽ ലക്ഷങ്ങൾ നഷ്ടം! ലാഭം നേടാൻ ഈ വഴികൾ
ഇന്ത്യൻ കുടുംബങ്ങൾക്ക് സ്വർണ്ണത്തോടുള്ള താല്പര്യം കേവലം ഒരു നിക്ഷേപം എന്നതിനപ്പുറം വൈകാരികമായ ഒന്നുകൂടിയാണ്. എന്നാൽ സ്വർണ്ണവില ഉയർന്നു നിൽക്കുന്ന ഈ കാലഘട്ടത്തിൽ, ആഭരണങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് ഏറ്റവും വലിയ സാമ്പത്തിക ബാധ്യതയാകുന്നത് അതിന്റെ പണിക്കൂലിയാണ്. സാധാരണയായി സ്വർണ്ണത്തിന്റെ ആകെ വിലയുടെ 3 ശതമാനം മുതൽ 30 ശതമാനം വരെയാണ് പണിക്കൂലിയായി ഈടാക്കുന്നത്. എന്നാൽ സ്വർണ്ണം വീണ്ടും വിൽക്കുന്ന സമയത്ത് ഈ പണിക്കൂലി ഇനത്തിൽ നൽകിയ തുക ഉപഭോക്താവിന് ഒരുകാലത്തും തിരികെ ലഭിക്കില്ല എന്നതാണ് യാഥാർത്ഥ്യം.
ഉദാഹരണത്തിന്, 1 ലക്ഷം രൂപയുടെ സ്വർണ്ണം വാങ്ങുമ്പോൾ 20,000 രൂപ പണിക്കൂലി ഇനത്തിൽ നൽകിയാൽ, കടയിൽ നിന്ന് ഇറങ്ങുന്ന നിമിഷം തന്നെ ആ 20,000 രൂപ ഉപഭോക്താവിന് നഷ്ടമാകും. കാരണം ജ്വല്ലറികൾ സ്വർണ്ണം തിരികെ എടുക്കുന്നത് അതിന്റെ തൂക്കവും അന്നത്തെ തങ്കവിലയും മാത്രം നോക്കിയാണ്.
പണിക്കൂലി നിശ്ചയിക്കുന്നത് എങ്ങനെ?
സ്വർണ്ണത്തിന്റെ പണിക്കൂലി പ്രധാനമായും രണ്ട് രീതിയിലാണ് ജ്വല്ലറികൾ കണക്കാക്കുന്നത്. ഒന്നെങ്കിൽ ഒരു ഗ്രാമിന് നിശ്ചിത തുക എന്ന നിലയിൽ, അല്ലെങ്കിൽ സ്വർണ്ണവിലയുടെ നിശ്ചിത ശതമാനം കണക്കാക്കി ഇതിന്റെ പിന്നിലെ പ്രധാന ഘടകങ്ങൾ ഇവയാണ്
നിർമ്മാണ വൈദഗ്ധ്യം: ആഭരണത്തിന്റെ ഡിസൈൻ എത്രത്തോളം സങ്കീർണ്ണമാണോ അത്രത്തോളം പണിക്കൂലി കൂടും. കൈകൊണ്ട് ചെയ്യുന്ന ജോലികൾ, കല്ലുകൾ പതിക്കൽ, എനാമൽ വർക്കുകൾ എന്നിവ ചിലവ് വർദ്ധിപ്പിക്കും. സങ്കീർണ്ണമായ ഡിസൈനുകൾക്ക് സ്വർണ്ണവിലയുടെ 10 മുതൽ 30 ശതമാനം വരെ നിർമ്മാണ ചിലവ് വരാം.

പതക്കം/ചിലവ്: ആഭരണം നിർമ്മിക്കുമ്പോൾ 5 മുതൽ 10 ശതമാനം വരെ സ്വർണ്ണം നഷ്ടപ്പെടാറുണ്ട്. ഇതും ഉപഭോക്താവിന്റെ പണിക്കൂലിയിലാണ് ഉൾപ്പെടുത്തുന്നത്.
ജിഎസ്ടി: സ്വർണ്ണത്തിന്റെ ആകെ വിലയ്ക്ക് ചുമത്തുന്ന 3% ജിഎസ്ടിക്ക് പുറമെ, പണിക്കൂലിക്ക് മേൽ മാത്രമായി 5% ജിഎസ്ടി വേറെയും ഈടാക്കുന്നുണ്ട്.
ഉപഭോക്താക്കൾക്ക് പണിക്കൂലിയുടെ ഭാരം എങ്ങനെ കുറയ്ക്കാം?
സ്വർണ്ണം വാങ്ങുമ്പോൾ ഉണ്ടാകുന്ന ഈ അധിക ചിലവ് കുറയ്ക്കാൻ ചില പ്രായോഗിക മാർഗ്ഗങ്ങൾ വിദഗ്ധർ നിർദ്ദേശിക്കുന്നുണ്ട്.
മെഷീൻ മെയ്ഡ് ഡിസൈനുകൾ തിരഞ്ഞെടുക്കുക: കൈകൊണ്ട് നിർമ്മിക്കുന്ന ആഭരണങ്ങളെ അപേക്ഷിച്ച് മെഷീൻ മെയ്ഡ് ആഭരണങ്ങൾക്ക് പണിക്കൂലി വളരെ കുറവായിരിക്കും. ലളിതമായ പഴയ ഡിസൈനുകൾ തിരഞ്ഞെടുക്കുന്നതും ലാഭകരമാണ്.
വിശദമായ ഇൻവോയ്സ് ആവശ്യപ്പെടുക: സ്വർണ്ണവില, പണിക്കൂലി, ജിഎസ്ടി എന്നിവ പ്രത്യേകം പ്രത്യേകം രേഖപ്പെടുത്തിയ ബിൽ ചോദിച്ചു വാങ്ങുക. ഇത് സുതാര്യത ഉറപ്പാക്കും.
ഉത്സവകാല ഓഫറുകൾ പ്രയോജനപ്പെടുത്തുക: വിവാഹ സീസണുകളിലും ഉത്സവ കാലങ്ങളിലും ജ്വല്ലറികൾ പ്രഖ്യാപിക്കുന്ന പണിക്കൂലി ഡിസ്‌കൗണ്ടുകളും വേവർ (Waiver) ഓഫറുകളും പരമാവധി പ്രയോജനപ്പെടുത്തുക. പഴയ സ്വർണ്ണം എക്സ്ചേഞ്ച് ചെയ്യുമ്പോൾ ലഭിക്കുന്ന ആനുകൂല്യങ്ങളും ചിലവ് കുറയ്ക്കാൻ സഹായിക്കും.
ബദൽ നിക്ഷേപങ്ങൾ കണ്ടെത്തുക: സ്വർണ്ണം ഒരു ആഭരണമായി ധരിക്കാനല്ല, മറിച്ച് കേവലം ഒരു നിക്ഷേപമായി മാത്രം കാണുന്നവരാണെങ്കിൽ സ്വർണ്ണ നാണയങ്ങളോ ബാറുകളോ വാങ്ങുന്നതാണ് നല്ലത്. ഇവയ്ക്ക് ഉയർന്ന പണിക്കൂലി നൽകേിവരില്ല. കൂടാതെ ബജറ്റിന് ഇണങ്ങുന്ന രീതിയിൽ 22 കാരറ്റിന് പകരം 18 കാരറ്റ്, 14 കാരറ്റ് ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ തിരഞ്ഞെടുക്കുന്നതും സാമ്പത്തിക ബാധ്യത കുറയ്ക്കും.
കൂടാതെ ഡിജിറ്റൽ ഗോൾഡ്, ഗോൾഡ് ഇടിഎഫ് (Gold ETF) തുടങ്ങിയ ആധുനിക നിക്ഷേപ രീതികൾ തിരഞ്ഞെടുക്കുന്നതിലൂടെ പണിക്കൂലിയുടെയും വേസ്റ്റേജിന്റെയും ഭാരമില്ലാതെ 100% ലാഭം സ്വന്തമാക്കാനും ഉപഭോക്താക്കൾക്ക് സാധിക്കും. ആഭരണങ്ങൾ വാങ്ങുമ്പോൾ കൃത്യമായ പ്ലാനിങ്ങും സുതാര്യമായ ബില്ലിംഗും ഉറപ്പാക്കിയാൽ പണിക്കൂലി ഇനത്തിൽ പോക്കറ്റ് ചോരുന്നത് ഒരു പരിധി വരെ തടയാൻ കഴിയും.












Click it and Unblock the Notifications