സ്വര്‍ണം വാങ്ങാന്‍ കൂടുതല്‍ പേരെത്തും; ധനമന്ത്രി പറഞ്ഞതിലെ സൂചന എന്ത്? നികുതി മാറുമോ
ദീര്‍ഘകാല മൂലധന ലാഭത്തിന്റെ നികുതി കേന്ദ്രസര്‍ക്കാര്‍ പുനഃപ്പരിശോധിച്ചേക്കും. ഇക്കാര്യത്തിലുള്ള നിര്‍ദേശങ്ങള്‍ തുറന്ന മനസോടെ കേള്‍ക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. മന്ത്രിയുടെ പ്രതികരണം ഓഹരി വിപണിക്ക് ഊര്‍ജം നല്‍കി. ഓഹരി വിപണിയില്‍ ഉള്‍പ്പെടെ ദീര്‍ഘകാല ലാഭത്തിനുള്ള നികുതി എടുത്തു മാറ്റണമെന്നും കുറയ്ക്കണമെന്നുള്ള ആവശ്യം ഉയര്‍ന്നിരുന്നു.
അടുത്ത ബജറ്റില്‍ ഇക്കാര്യത്തില്‍ സുപ്രധാന പ്രഖ്യാപനം പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ നികുതി നീക്കുമെന്നോ കുറയ്ക്കുമെന്നോ ധനമന്ത്രി പറഞ്ഞിട്ടില്ല. എങ്കിലും വിഷയത്തില്‍ സര്‍ക്കാരിന്റെ ശ്രദ്ധയുണ്ട് എന്നത് നിക്ഷേപകര്‍ക്ക് വലിയ ആവേശമാണ്. നികുതി കുറഞ്ഞാല്‍ കൂടുതല്‍ പേര്‍ വിപണിയില്‍ എത്തും. സ്വര്‍ണം, സ്വത്ത്, ഓഹരി വിപണി, മ്യുച്ചല്‍ ഫണ്ട് എന്നിവയ്‌ക്കെല്ലാം ദീര്‍ഘകാല മൂലധന ലാഭ നികുതി (എല്‍ടിസിജിടി) യുണ്ട്. സ്വര്‍ണത്തിന്റെ ഈ നികുതി എങ്ങനെ എന്ന് അറിയാം...

സ്വര്‍ണം നാലുതരത്തില്‍ വാങ്ങുന്നവരുണ്ട്. നേരിട്ട് സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നതാണ് ഒരു രീതി. എക്‌ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇടിഎഫ്) ആണ് മറ്റൊന്ന്. മ്യൂച്ചല്‍ ഫണ്ട് വഴി സ്വര്‍ണം വാങ്ങുന്നതാണ് മൂന്നാമത്തെ രീതി. സോവറിങ് ഗോള്‍ഡ് ബോണ്ട് വാങ്ങുന്ന രീതിയുമുണ്ട്. ഇത്തരത്തില്‍ വാങ്ങുന്ന സ്വര്‍ണം എത്രകാലം കൈവശം വെക്കുന്നു എന്നതിന് അനുസരിച്ചാണ് മേല്‍പ്പറഞ്ഞ നികുതി ബാധകമാകുക.
പ്രത്യക്ഷമായി സ്വര്‍ണം വാങ്ങുന്നവര്‍ക്ക് എല്‍ടിസിജി ടാക്‌സ് ബാധകമാകുക 24 മാസം കഴിഞ്ഞാലാണ്. അതായത്, രണ്ടു വര്‍ഷം കഴിഞ്ഞ് വില്‍ക്കുമ്പോള്‍ ലഭിക്കുന്ന ലാഭത്തിനാണ് നികുതി ഈടാക്കുക. 12.5 ശതമാനമാണ് നികുതി. 2024ന് മുമ്പ് ഇത് 10 ശതമാനം ആയിരുന്നു. ഇന്‍ഡക്‌സേഷന്‍ ഇല്ലാതെയാണ് 12.5 ശതമാനം നികുതി. വസ്തുവിന്റെ മൂല്യം പണപ്പെരുപ്പം നോക്കി പുതുക്കി നിശ്ചയിക്കുന്നതാണ് ഇന്‍ഡക്‌സേഷന്‍.
അതേസമയം ഗോള്‍ഡ് ഇടിഎഫ് ദീര്‍ഘകാല നിക്ഷേപമായി കരുതുന്നത് 12 മാസം കൈവശം വെച്ചാലാണ്. അതു കഴിഞ്ഞ് വില്‍ക്കുമ്പോള്‍ ദീര്‍ഘകാല മൂലധന ലാഭത്തിന്റെ നികുതി കൊടുക്കേണ്ടി വരും. അതേസമയം, ഗോള്‍ഡ് മ്യൂച്ചല്‍ ഫണ്ട് ദീര്‍ഘകാല നിക്ഷേപമായി കണക്കാക്കുന്നത് 24 മാസത്തിന് ശേഷമുള്ള കാലയളവിനെയാണ്. അതായത്, ദീര്‍ഘകാല മൂലധന ലാഭ നികുതി 12.5 ശതമാനമാകുമെങ്കിലും ഓരോന്നിനും കാലയളവില്‍ മാറ്റമുണ്ട്.
ഓഹരി വിപണിയിലെ ദീര്‍ഘകാല മൂലധന ലാഭ നികുതിയില്‍ പ്രതിവര്‍ഷം 1.25 ലക്ഷം രൂപയുടെ ഇളവ് കിട്ടും. എന്നാല്‍ സ്വര്‍ണത്തിന്റെ കാര്യത്തില്‍ ഇളവുണ്ടാകില്ല. മേല്‍പ്പറഞ്ഞ കാലയളവ് എത്തുന്നതിന് മുമ്പ് വില്‍ക്കുകയാണെങ്കില്‍ പൊതുവായ നികുതി സ്ലാബ് അടിസ്ഥാനമാക്കിയുള്ള നിരക്കാണ് ഈടാക്കുക. മാത്രമല്ല, സ്വര്‍ണത്തിന്റെ ദീര്‍ഘകാല ലാഭ നികുതിക്ക് ഇന്‍ഡക്‌സേഷന്‍ ഇപ്പോള്‍ അനുവദിക്കുന്നില്ല എന്നും വിപണി വിദഗ്ധര്‍ പറയുന്നു. ആര്‍ബിഐയുടെ സോവറിങ് ഗോള്‍ഡ് ബോണ്ട് കാലാവധി കഴിഞ്ഞ് വില്‍ക്കുമ്പോള്‍ നികുതി ഈടാക്കില്ല. എന്നാല്‍ സെക്കണ്ടറി വിപണിയില്‍ ബോണ്ട് വില്‍ക്കുമ്പോള്‍ 12.5 ശതമാനം ദീര്‍ഘകാല മൂലധന നികുതി നല്‍കേണ്ടി വരും.


Click it and Unblock the Notifications
