കുഴിച്ചെടുക്കുക വർഷം 750 കിലോ സ്വർണം: അതും ആന്ധ്രയില്‍, ഉടമ സ്വകാര്യ വ്യക്തി; സർക്കാർ കൊടുത്തത്
വിജയവാഡ: രാജ്യത്തെ ആദ്യ സ്വകാര്യ സ്വർണ്ണ ഖനിയുടെ പ്രവർത്തനങ്ങള്‍ക്ക് ആന്ധ്രാപ്രദേശില്‍ തുടക്കമാകുന്നു. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ ജോന്നാഗിരി മേഖലയിലാണ് ആദ്യത്തെ സ്വകാര്യ പ്ലാന്റിന്റെ സ്വർണ്ണ ഖനനത്തിനും സംസ്കരണത്തിനും വേദിയൊരുങ്ങുന്നത്. ഖനനം ആരംഭിക്കുന്നത് സംബന്ധിച്ച് ഫെബ്രുവരി 18 ന് പബ്ലിക് ഹിയറിംഗ് നടത്താനും സംസ്ഥാന സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
ഏകദേശം രണ്ട് വർഷം മുമ്പ് പൈലറ്റ് പ്രോജക്റ്റ് ആരംഭിച്ച ജിയോമൈസോർ ആൻഡ് ഡെക്കാൻ ഗോൾഡ് മൈൻസ് ലിമിറ്റഡ് ഒടുവിൽ പ്ലാന്റിൽ നിന്ന് വാണിജ്യാടിസ്ഥാനത്തിലുള്ള ഖനനം നടത്താനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയായിരുന്നു. പൊതുജനാഭിപ്രായം സ്വരൂപിച്ചതിന് ശേഷം അന്തിമ പാരിസ്ഥിതിക അനുമതി ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ഇതിന് ശേഷം മൂന്ന് മാസത്തിനുള്ളിൽ തന്നെ ഖനിയില്‍ നിന്നും സ്വർണ്ണം ഉത്പാദിപ്പിക്കാൻ തുടങ്ങും. ഖനിയില്‍ നിന്നും പ്രതിവർഷം കുറഞ്ഞത് 750 കിലോഗ്രാം സ്വർണ്ണം ഉത്പാദിപ്പിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.

ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ) 1994 ലാണ് കർണൂൽ ജില്ലയിൽ ആദ്യമായി സ്വർണ്ണ ശേഖരം കണ്ടെത്തുന്നത്. പിന്നാലെ പര്യവേക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ സ്വകാര്യ സ്ഥാപനങ്ങളെ ക്ഷണിക്കുകയും ചെയ്തു. പ്രാഥമിക പഠനങ്ങൾ പൂർത്തിയാക്കാൻ പോലും വലിയ നിക്ഷേപം ആവശ്യമായി വന്നതിനാൽ തുടക്കത്തില്‍ ഒരു കമ്പനിയും മുന്നോട്ട് വന്നിരുന്നില്ല.
2005 ൽ ഓപ്പൺ ലൈസൻസിംഗ് നയത്തോടെ കേന്ദ്രം ഖനന പാട്ട പ്രക്രിയ ഉദാരവൽക്കരിക്കുകയും വിദേശ നിക്ഷേപം ഉൾപ്പെടെയുള്ള സ്വകാര്യ ഡെവലപ്പർമാർക്കായുള്ള അന്വേഷണം വീണ്ടും ആരംഭിക്കുകയും ചെയ്തു. ഒടുവില്‍ 2013 ല്‍ ജോണഗിരി മണ്ഡലത്തിൽ സ്വർണ്ണ പര്യവേക്ഷണത്തിനായുള്ള പരീക്ഷണങ്ങൾ ആരംഭിക്കുന്നതിനുള്ള പ്രാഥമിക ലൈസൻസ് ജിയോഫിസിസിസ്റ്റ് ഡോ. മൊദാലി ഹനുമ പ്രസാദിന്റെ നേതൃത്വത്തില്‍ ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജിയോമൈസോർ സർവീസസ് ലിമിറ്റഡ് നേടി.
പൈലറ്റ് പ്രോജക്റ്റിനുള്ള എല്ലാ അനുമതികളും ലഭിക്കാൻ വീണ്ടും ഒരു പത്ത് വർഷത്തോളം സമയമെടുത്തു. പിന്നാലെ ഡെക്കാൻ ഗോൾഡ് മൈൻസ് ലിമിറ്റഡ് (ഡി ജി എം എൽ) ജിയോമൈസോറിലെ ഏകദേശം 40 ശതമാനം ഓഹരികൾ ഏറ്റെടുത്തത് പര്യവേക്ഷണ പ്രക്രിയ വേഗത്തിലാക്കി. കമ്പനി ഏകദേശം 1500 ഏക്കർ ഭൂമി പാട്ടത്തിനെടുക്കുകയും തുഗ്ഗലി, മദ്ദിക്കേര മണ്ഡലങ്ങളിലായി ഏകദേശം 750 ഏക്കർ വാങ്ങുകയും 2021 ൽ പരീക്ഷണങ്ങൾ ആരംഭിക്കുകയും ചെയ്തു. ചെറിയ പ്രോസസ്സിംഗ് യൂണിറ്റ് സ്ഥാപിച്ചുകൊണ്ടാണ് പ്രാഥമിക പര്യവേക്ഷണ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്.
"ഈ പ്രദേശത്ത് ഏകദേശം 30000 കുഴൽക്കിണറുകളിൽ ഞങ്ങൾ പരീക്ഷണങ്ങൾ നടത്തുകയും പ്രാഥമിക പര്യവേക്ഷണത്തിൽ ചില നിക്ഷേപങ്ങൾ ശേഖരിക്കാനും സാധിച്ചു. രണ്ട് വർഷത്തെ ഫീൽഡ് പര്യവേക്ഷണങ്ങൾക്ക് ശേഷം, വാണിജ്യ പ്രവർത്തനങ്ങളിലേക്ക് പോകാന്‍ ലാബ് പരിശോധനയും നടത്തി. ലാബ് റിപ്പോർട്ട് വളരെ പോസിറ്റീവായിരുന്നു" ജിയോമിസോറിന്റെ മാനേജിംഗ് ഡയറക്ടർ കൂടിയായ പ്രസാദിനെ ഉദ്ധരിച്ചുകൊണ്ട് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
2024 ഡിസംബറോടെ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കമ്പനി ആഗ്രഹിച്ചിരുന്നെങ്കിലും, ലാബ് റിപ്പോർട്ടുകളുടെ പരിശോധന പൂർത്തിയാകാത്തതിനാല്‍ വൈകുകയായിരുന്നു. ജോന്നാഗിരിയിൽ ഏകദേശം 320 കോടി രൂപ നിക്ഷേപിച്ച് കമ്പനി വലിയ തോതിലുള്ള പ്രോസസ്സിംഗ് മെഷീനുകൾ സ്ഥാപിച്ചതായും റിപ്പോർട്ടുകള്‍ പറയുന്നു. "പൊതു ഹിയറിങ് പൂർത്തിയാക്കിയ ശേഷം ഓപ്പൺ കാസ്റ്റ് ഖനനത്തിലൂടെ യഥാർത്ഥ പര്യവേക്ഷണം നടത്താൻ ഞങ്ങൾ പദ്ധതിയിടുന്നു," ഹനുമ പ്രസാദ് പറഞ്ഞു. മേഖലയില്‍ ഏകദേശം 25 വർഷത്തേക്ക് കമ്പനി ഖനന പ്രവർത്തനങ്ങൾ തുടരുമെന്നാണ് പ്രതീക്ഷ.












Click it and Unblock the Notifications