ഇന്ത്യയുടെ സ്വർണ കുംഭമാകാന്‍ ജോന്നഗിരി: നിർണ്ണായക അനുമതിയായി: ഖനനം ഉടന്‍ ആരംഭിക്കും
സ്വർണവില റെക്കോർഡുകള്‍ ഭേദിച്ച് കുതിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തിന് അകത്തെ സ്വർണ്ണ ഖനന ഉത്പാദന ശ്രമങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയാണ് ഇന്ത്യ. ആന്ധ്രയിലും കർണാടകയിലും ഒഡീഷയിലുമെല്ലാം സ്വർണ ഖനനത്തിനായുള്ള പര്യവേക്ഷണങ്ങള്‍ നടക്കുന്നുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട പദ്ധഥികളിലൊന്നാണ് ജോന്നഗിരി.
ഡെക്കാൻ ഗോൾഡ് മൈൻസ് ലിമിറ്റഡ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഈ ഖനി സ്ഥിതി ചെയ്യുന്നത് തെലങ്കാനയുടെ അതിർത്തിക്കടുത്തായി ആന്ധ്രാപ്രദേശിലാണ്. മേഖലയില്‍ വലിയ സ്വർണ നിക്ഷേപം ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രവർത്തനം ആരംഭിച്ചാല്‍ വാർഷിക ഉത്പാദനം 1.2 ടൺ സ്വർണ്ണമായിരിക്കുമെന്നാണ് പ്രതീക്ഷ. 2023 ൽ തന്നെ ഖനിയിൽ നിന്ന് ഉത്പാദനം ആരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല.

ഇപ്പോഴിതാ ജോന്നഗിരിയിലെ സ്വർണ ഉത്പാദനം ആരംഭിക്കുന്നത് സംബന്ധിച്ച നിർണ്ണായകമായ ഒരു ഘട്ടം കൂടി പിന്നിട്ടിരിക്കുകയാണ്. പദ്ധതിയുടെ സ്വർണ ഖനന സംസ്കരണ പ്ലാന്റിന് കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ വിദഗ്ധ മൂല്യനിർണയ സമിതി (ഇഎസി - കൽക്കരി ഇതര ഖനന മേഖല) പരിസ്ഥിതി അനുമതിക്കായി ശുപാർശ ചെയ്തിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ വാർത്ത. പദ്ധതിയുടെ നടത്തിപ്പ് പ്രവാർത്തികമാകുന്നിനുള്ള ഏറ്റവും നിർണ്ണായകമായ ഘട്ടമാണ് ഇത്.
മാർച്ച് 25 ന് നടന്ന കമ്മിറ്റിയുടെ യോഗത്തിൽ നൽകിയ ശുപാർശ ശനിയാഴ്ച കമ്പനിയെ ഔദ്യോഗികമായി അറിയിച്ചു. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ മേഖലയിലെ സ്വർണ്ണ ഖനിയായും ജോന്നഗിരി മാറിയേക്കും. ഫെബ്രുവരി 18 ന് ജോന്നാഗിരിയിൽ നടത്തിയ ജനഹിത പരിശോധനയിലെ അനുകൂല റിപ്പോർട്ടും അനുമതി ലഭിക്കുന്നതില്‍ നിർണ്ണായകമായി. പദ്ധതിക്ക് പ്രാദേശിക പിന്തുണ ഉറപ്പ് വരുത്തുന്നതിനായിട്ടായിരുന്നു ജനഹിത പരിശോധന നടത്തിയത്.
ജോന്നാഗിരി സ്വർണ്ണ പദ്ധതി കമ്മീഷൻ ചെയ്യുന്നതിൽ പരിസ്ഥിതി അനുമതി ഒരു നിർണായക നേട്ടമാണെന്നായിരുന്നു ജിയോമൈസോർ സർവീസസ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിന്റെയും ഡെക്കാൻ ഗോൾഡ് മൈൻസ് ലിമിറ്റഡിന്റെയും മാനേജിംഗ് ഡയറക്ടർ ഡോ. ഹനുമ പ്രസാദ് മൊഡാലിയുടെ പ്രതികരണം. "സുതാര്യത ഉറപ്പ് വരുത്തുന്നതില്‍ ഞങ്ങള്‍ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയും വരുത്തിന്നില്ല. സ്വർണ്ണ ഉൽപാദനം ആരംഭിക്കുന്നതിലേക്ക് കടക്കുമ്പോള്‍ ആ വിവരങ്ങള്‍ ഞങ്ങളുടെ ഓഹരി ഉടമകളെയും പൊതുജനങ്ങളെയും ഒരുപോലെ അറിയിക്കും" ഡോ. ഹനുമ പ്രസാദ് പറഞ്ഞു.
ഇന്ത്യയിൽ സ്വർണ ഖനനത്തിന്റെ സാധ്യതകൾ വർധിപ്പിക്കുന്നതിനും, വിദേശത്തു നിന്നുള്ള സ്വർണ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ജോന്നഗിരി അടക്കമുള്ള പ്രാദേശിക ഖനികളിലെ ഉത്പാദനം വർധിപ്പിക്കുന്നതിലൂടെ സാധ്യമാകും. ജോന്നഗിരിയിലെ സ്വർണ ഖനന സംസ്കരണ പ്ലാന്റ്, ഖനനം ചെയ്യപ്പെടുന്ന അസംസ്കൃത സ്വർണം ശുദ്ധീകരിച്ച് വിപണന യോഗ്യമാക്കുന്നതിനുള്ള അത്യാധുനിക സൗകര്യങ്ങളോടു കൂടിയാണ് നിർമ്മിക്കപ്പെടുന്നത്.
പരിസ്ഥിതി അനുമതി ലഭിക്കുന്നതിലൂടെ പദ്ധതിയുടെ നിർമാണവും പ്രവർത്തനവും ആരംഭിക്കുന്നതിനുള്ള നിയമപരമായ തടസ്സങ്ങളും നീക്കം ചെയ്യപ്പെടുന്നു. ഇ എ സിയുടെ ശുപാർശയിലൂടെ പദ്ധതി പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും, പ്രാദേശിക പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഉറപ്പാക്കുന്നു.
സ്വർണ ഖനനം ആരംഭിക്കുന്നത് രാജ്യത്തിന്റെ സ്വർണ വിപണിയിൽ ആത്മനിർഭർ ഭാരത് എന്ന ലക്ഷ്യത്തിലേക്കുള്ള ഒരു ചെറു കാൽവയ്പ്പാകുന്നു എന്നതിനോടൊപ്പം തന്നെ പ്രദേശത്തെ സാമ്പത്തിക വികസനത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പദ്ധതി വഴിയൊരുക്കും. ജോന്നഗിരി പദ്ധതി ഇന്ത്യയുടെ ഖനന മേഖലയിൽ ഒരു മാതൃക, സ്വർണ ഉൽപാദനത്തിന്റെ കേന്ദ്രമായി മാറാനും സാധ്യതയുണ്ട്. പാരിസ്ഥിക അനുമതി കൂടി ലഭിച്ചതോടെ ജിയോമൈസോർ സർവീസസ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ ജോന്നഗിരിയില്‍ നിന്നും സ്വർണ ഉത്പാദനം ആരംഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications