ഇത്രയും സ്വർണം കൈയ്യിലുണ്ടോ? എങ്കില്‍ പോയി ഒരു ഡിഫന്‍ഡർ വാങ്ങാം: 1990 ല്‍ ആണെങ്കില്‍ മാരുതി 800
സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയിരിക്കുന്ന സമയത്ത് സാധാരണക്കാർ മുതൽ പ്രമുഖ വ്യവസായികൾ വരെ ഇതിനെക്കുറിച്ചുള്ള ചർച്ചയലാണ്. ഇത്തരത്തില്‍ മുംബൈ ആസ്ഥാനമായ ആർപിജി എന്റർപ്രൈസസിന്റെ ചെയർമാൻ ഹർഷ ഗോയങ്ക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. 1980 മുതലുള്ള 1 കിലോഗ്രാം സ്വർണത്തിന്റെ മൂല്യം ഏതൊക്കെ കാറുകൾക്ക് തുല്യമായിരുന്നുവെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകൾ കണ്ട ഈ പോസ്റ്റിന് പതിനായിരക്കണക്കിന് ലൈക്കുകളും കമന്റുകളും ഇതിനോടകം തന്നെ ലഭിച്ച് കഴിഞ്ഞു.
ഹർഷ് ഗോയങ്കയുടെ പോസ്റ്റ് പ്രകാരം, നിലവിൽ 1 കിലോഗ്രാം സ്വർണത്തിന്റെ വില ഏകദേശം 1.25 കോടി രൂപയാണ്. അതായത് ഒരു കിലോ സ്വർണം ഉണ്ടെങ്കില്‍ ഒരു ലാൻഡ് റോവർ കാർ വാങ്ങാൻ. വരും വർഷങ്ങളില്‍ സ്വർണത്തിന്റെ വില കുത്തനെ ഉയരുമെന്നും ഇതോടെ ഒരു പ്രൈവറ്റ് ജെറ്റ് വാങ്ങാനുള്ള നിലയിലേക്ക് സ്വർണ വില എത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

'1990: 1 കിലോ സ്വർണ്ണം = മാരുതി 800, 2000: 1 കിലോ സ്വർണ്ണം = എസ്റ്റീം, 2005: 1 കിലോ സ്വർണ്ണം = ഇന്നോവ, 2010: 1 കിലോ സ്വർണ്ണം = ഫോർച്യൂണർ, 2019: 1 കിലോ സ്വർണ്ണം = ബിഎംഡബ്ല്യു, 2025: 1 കിലോ സ്വർണ്ണം = ലാൻഡ് റോവർ. പാഠം: 1 കിലോ സ്വർണ്ണം കരുതുക - 2030 ൽ അതിന്റെ മൂല്യം ഒരു റോൾസ് റോയ്‌സ് കാറിനും 2040 ൽ ഒരു സ്വകാര്യ ജെറ്റിനും തുല്യമാകും." ഹർഷ ഗോയങ്ക കുറിച്ചു.
ഇന്ത്യൻ വിപണിയിലെ ഏറ്റവും നിരക്ക് കുറഞ്ഞ ലാൻഡ് റോവർ മോഡലായ ഡിസ്കവറി സ്പോർട്ടിന്റെ എക്സ്-ഷോറൂം വില 63.37 ലക്ഷം രൂപയാണ്. എന്നാൽ, ഗോയങ്ക സൂചിപ്പിക്കുന്നത് ലാൻഡ് റോവർ ഡിഫെൻഡറിനെക്കുറിച്ചാണെന്നും ആളുകള്‍ പ്രതികരിക്കുന്നുണ്ട്. ഡിഫെൻഡറിന്റെ എക്സ്-ഷോറൂം വില 98 ലക്ഷം രൂപ മുതലാണ്, ഒരു നല്ല സ്പെസിഫിക്കേഷൻ ട്രിമിന്റെ ഓൺ-റോഡ് വില 1.25 കോടി രൂപയോളമാകും. ഡിഫെൻഡർ 110 HSE മോഡലിന്റെ എക്സ്-ഷോറൂം വില 1.25 കോടി രൂപയോളവും ട്രോഫി എഡിഷൻ 1.30 കോടി രൂപയുമാണ്.
സ്വർണവിലയുടെ റെക്കോർഡ് നിരക്കിലുള്ള ഉയർച്ചയെ അടിസ്ഥാനമാക്കിയാണ് ഗോയങ്കയുടെ കണക്കുകൂട്ടൽ. ഇന്ത്യയിൽ നിലവില്‍ 24 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 12,541 രൂപയാണ്, അതായത് 1 കിലോഗ്രാമിന് ഏകദേശം 1.25 കോടി രൂപ. സ്വർണവിലയുടെ ഉയർച്ച ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾ, കേന്ദ്ര ബാങ്കുകളുടെ വാങ്ങൽ, ഡോളർ ദുർബലത എന്നിവയാലാണ് സ്വാധീനിക്കപ്പെടുന്നത്.
കേരളത്തിലെ വില
സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയില്‍ ഞെട്ടിച്ച വർധനവാണ് ഉണ്ടായിരിക്കുന്നത്. ചൊവ്വാഴ്ച കേരളത്തിൽ സ്വർണവില ഒറ്റയടിക്ക് 2,400 രൂപ ഉയർന്ന് ഒരു പവൻ (8 ഗ്രാം) 22 കാരറ്റ് സ്വർണത്തിന്റെ വില 94360 രൂപയിലെത്തി. തിങ്കളാഴ്ച വില 91960 രൂപയായിരുന്നു. ഗ്രാമിന് 300 രൂപയുടെ വർധനയോടെ 22 കാരറ്റ് സ്വർണത്തിന്റെ നിരക്ക് 11795 രൂപയായി. കഴിഞ്ഞ ഒന്നര മാസത്തിനിടെ പവന്റെ വിലയിൽ 16,720 രൂപയുടെ റെക്കോർഡ് നിരക്കിലുള്ള വർധനവാണ് രേഖപ്പെടുത്തിയത്. പവന്റെ വില 94360 രൂപയാണെങ്കിലും ഏറ്റവും കുറഞ്ഞ പണിക്കൂലി 10 ശതമാനം കണക്കാക്കുകയാണെങ്കിലും വില ഒരു ലക്ഷത്തിന് മുകളിലേക്ക് എത്തും എന്നതാണ് സ്ഥിതി.












Click it and Unblock the Notifications