സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കൂ; വിദേശയാത്ര വെട്ടിച്ചുരുക്കൂ, മോദിയുടെ അഭ്യര്‍ഥന, പിന്നാലെ വില താഴ്ന്നു
സ്വര്‍ണവിലയിലെ ആശങ്ക വിപണിയില്‍ നിലനില്‍ക്കെ, സ്വര്‍ണം ഒഴിവാക്കാന്‍ അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കൂ എന്നാണ് മോദി അഭ്യര്‍ഥിച്ചിരിക്കുന്നത്. അവശ്യമില്ലെങ്കില്‍ സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കാം. വിദേശയാത്ര വെട്ടിച്ചുരുക്കണം. ആഭ്യന്തര ഉല്‍പ്പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം. രാജ്യത്തിന്റെ അഭിവൃദ്ധിയില്‍ പങ്കാളികളാകാനാണ് മോദിയുടെ അഭ്യര്‍ഥന.
എക്‌സില്‍ പങ്കുവച്ച വീഡിയോയിലാണ് മോദി സ്വര്‍ണത്തെ കൈവിടാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സ്വദേശി ഉല്‍പ്പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കാനാണ് മോദി പറയുന്നത്. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുക, അതുവഴി രാജ്യത്തിന്റെ ആഭ്യന്തര വളര്‍ച്ച ശക്തിപ്പെടുത്തുക, പണം വിദേശത്തേക്ക് ഒഴുക്കുന്നത് തടയുക എന്നിവയാണ് മോദി ഉദ്ദേശിക്കുന്നത്.

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ രാജ്യത്തിന്റെ ജിഡിപിയില്‍ 7.8 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി എന്ന കണക്കുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സുസ്ഥിരമായ വികസനത്തിന് സ്വയം പര്യാപ്തത നേടണം എന്ന് പ്രധാനമന്ത്രി പറഞ്ഞു. ആവശ്യമില്ലെങ്കില്‍ സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കുകയും വിവാഹം ഇന്ത്യയില്‍ വച്ചുതന്നെ നടത്തുകയും ചെയ്യണം എന്ന് മോദി പറഞ്ഞു. മോദിയുടെ അഭ്യര്‍ഥനയ്ക്ക് പിന്നാലെ സ്വര്‍ണവിലയില്‍ ഇടിവ് വന്നു. ഔണ്‍സിന് 4430 ഡോളറായി കുറഞ്ഞു.
വിദേശയാത്രയ്ക്ക് പകരം ആഭ്യന്തര യാത്ര സജീവമാക്കിയാല്‍ രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന് നേട്ടമാകുമെന്നും പ്രധാനമന്ത്രി സൂചിപ്പിക്കുന്നു. സമാനമായ ആവശ്യം മോദി കഴിഞ്ഞ മെയ് മാസത്തിലും മുന്നോട്ടുവച്ചിരുന്നു. ഇന്ധന ഉപയോഗം കുറയ്ക്കാനാണ് അന്ന് മോദി ഊന്നല്‍ നല്‍കിയത്. പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ലോക വിപണി സാമ്പത്തിക ഞെരുക്കത്തിലേക്ക് കടന്ന വേളയിലായിരുന്നു അന്ന് മോദിയുടെ അഭ്യര്‍ഥന.
യുദ്ധം ഇടക്കാലത്ത് അവസാനിച്ചിരുന്നു എങ്കിലും ഇപ്പോള്‍ അമേരിക്കയും ഇറാനും വീണ്ടും കൊമ്പുകോര്‍ക്കുകയാണ്. ഹോര്‍മുസ് വഴി എണ്ണയും വാതകവും വരാത്തത് ഇന്ത്യയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഈ വേളയില്‍ പണം സൂക്ഷിച്ച് ഉപയോഗിക്കണമെന്നാണ് മോദിയുടെ നിര്‍ദേശം. വിദേശത്തേക്ക് കൂടുതല്‍ പണം പോകുന്ന രീതിയില്‍ ചെലവഴിക്കരുത് എന്നും മോദി അഭ്യര്‍ഥിക്കുന്നു.
ക്രൂഡ് ഓയില്‍ ഇറക്കുമതി, സ്വര്‍ണം ഇറക്കുമതി എന്നീ ആവശ്യങ്ങള്‍ക്കാണ് ഇന്ത്യയില്‍ നിന്ന് കൂടുതല്‍ പണം വിദേശത്തേക്ക് പോകുന്നത്. ഇത് കുറച്ചാല്‍ ആഭ്യന്തര സമ്പദ് വ്യവസ്ഥ മെച്ചപ്പെടും. രാജ്യത്തിന്റെ വ്യാപാര കമ്മി കുറയ്ക്കുകയും ചെയ്യാം. രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ സര്‍ക്കാരിന്റെ അഭ്യര്‍ഥന ജനങ്ങള്‍ ഉത്തരവാദിത്തത്തോടെ ഏറ്റെടുക്കണം എന്ന് മോദി ആവശ്യപ്പെട്ടിരുന്നു.




Click it and Unblock the Notifications