സ്വര്‍ണവില ഇനി താഴും; സുപ്രധാന മാറ്റങ്ങള്‍ സംഭവിക്കുന്നു, വിപണി നിരീക്ഷകര്‍ പറയുന്നത് ഇങ്ങനെ
സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് നിരക്ക് രേഖപ്പെടുത്തിയത് കഴിഞ്ഞാഴ്ചയായിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 74000 രൂപയ്ക്ക് മുകളിലും 10 ഗ്രാമിന് ഒരു ലക്ഷം രൂപയുമാണ് അന്ന് രേഖപ്പെടുത്തിയത്. എന്നാല്‍ പിന്നീട് വില കുറയുന്നതാണ് കണ്ടത്. ആഗോള വിപണിയില്‍ ഒരു ശതമാനവും 10 ഗ്രാമിന് 0.8 ശതമാനവും വില കുറഞ്ഞുവെന്ന് ഇന്ത്യന്‍ ബുള്ളിയന്‍ അസോസിയേഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 71840 രൂപയാണ്. 10 ഗ്രാമിന് 96000ത്തില്‍ താഴെയുമാണ്. അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണവില ചാഞ്ചാടുന്നുണ്ടൈങ്കിലും വില കുറയുന്ന ട്രെന്‍ഡാണ് കാണിക്കുന്നത്. എന്തുകൊണ്ടാണ് സ്വര്‍ണവില വരുംദിവസങ്ങളില്‍ കുറയുമെന്ന് പറയാന്‍ കാരണം എന്നറിയാമോ. വിപണിയില്‍ സംഭവിക്കുന്ന സുപ്രധാന മാറ്റങ്ങളാണ് കാരണം. സ്വര്‍ണം വാങ്ങാനും വില്‍ക്കാനും കാത്തിരിക്കുന്നവര്‍ ഇത് അറിയണം.

അന്തര്‍ദേശീയ വിപണിയിലെ വ്യാപാര അന്തരീക്ഷം മാറിയതാണ് സ്വര്‍ണവില കുറഞ്ഞേക്കുമെന്ന് പറയാന്‍ പ്രധാന കാരണം. അമേരിക്ക ചുമത്തിയ ചുങ്കത്തിന് എതിരെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ബദല്‍ നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ട്. ചര്‍ച്ചയിലൂടെ തീരുമാനം എടുക്കണം എന്ന ആവശ്യം പ്രധാന വ്യാപാര പങ്കാളികളില്‍ നിന്ന് ഉയര്‍ന്നതായി യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സന്റ് പറയുന്നു.
ചൈനക്കെതിരായ ചുങ്കത്തില്‍ ഇളവ് വരുത്തുമെന്ന് അമേരിക്കയും ബദല്‍ ചുങ്കം കുറയ്ക്കുമെന്ന് ചൈനയും സൂചന നല്‍കിയിട്ടുണ്ട്. അതായത്, വ്യാപാര രംഗത്തെ പോര് കുറയാന്‍ വഴിയൊരുങ്ങി എന്ന് ചുരുക്കം. ട്രംപ് ഉയര്‍ന്ന ചുങ്കം മറ്റു രാജ്യങ്ങള്‍ക്കെതിരെ ചുമത്തുകയും ആശങ്ക വ്യാപിക്കുകയും ചെയ്ത വേളയിലാണ് സ്വര്‍ണവില കുതിച്ചിരുന്നത്. മറ്റു രംഗങ്ങളിലെ നിക്ഷേപം നഷ്ടത്തിന് ഇടയാക്കുമെന്ന് ഭയന്നാണ് നിക്ഷേപകര്‍ കൂട്ടത്തോടെ സ്വര്‍ണം വാങ്ങിയതും സ്വര്‍ണത്തിന് വില കൂടിയതും.
സ്വര്‍ണത്തിന് ആവശ്യക്കാര്‍ കുറയും
ഇനി അത്തരം ആശങ്കയുള്ള സാഹചര്യമില്ല എന്ന് വിപണി നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. റഷ്യ-യുക്രൈന്‍ സമാധാന കരാറിന് സാധ്യത തെളിഞ്ഞതും വിപണി നിരീക്ഷകനായ ജതീന്‍ ത്രിവേദി ചൂണ്ടിക്കാട്ടി. വെടിനിര്‍ത്തലിന് തയ്യാറാണ് എന്ന് റഷ്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷയേറി.
വ്യാപാര സംഘര്‍ഷ സാഹചര്യം കുറഞ്ഞാല്‍ നിക്ഷേപകര്‍ മറ്റു സാധ്യതകള്‍ തേടും. സ്വര്‍ണത്തില്‍ നിന്ന് പണം പിന്‍വലിച്ച് മറ്റു മേഖലകളില്‍ നിക്ഷേപിക്കും. സ്വര്‍ണം വിറ്റഴിക്കുന്ന സാഹചര്യം വരും. ഇതോടെ സ്വര്‍ണവില കുറയാന്‍ വഴിയൊരുങ്ങും. സ്വര്‍ണത്തിന് ആവശ്യക്കാര്‍ കുറയുന്നതും വില താഴാന്‍ കാരണമാകും. നേരത്തെ 3500 ഡോളറിലേക്ക് കുതിച്ച സ്വര്‍ണവില ഇപ്പോള്‍ 3320 ഡോളറിലാണ്.
ചൈനയില്‍ നിന്ന് സ്വര്‍ണത്തിന് ആവശ്യം കുറഞ്ഞിട്ടുണ്ടെന്ന് മെഹ്ത ഇക്വിറ്റീസ് വൈസ് പ്രസിഡന്റ് രാഹുല്‍ കലന്ത്രി പറയുന്നു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പുതിയ തര്‍ക്കം, ഇറാനിലെ ആക്രമണം എന്നിവ സ്വര്‍ണവില താല്‍ക്കാലികമായി കൂട്ടുമെങ്കിലും പിന്നീട് കുറയും എന്ന ശുപാപ്തി വിശ്വാസമാണ് രാഹുല്‍ കലന്ത്രി പങ്കുവയ്ക്കുന്നത്.
വിപണി സാഹചര്യം മെച്ചപ്പെട്ടാല്‍ സ്വര്‍ണം വിട്ട് ആളുകള്‍ മറ്റു വരുമാന മാര്‍ഗങ്ങള്‍ തേടുമെന്ന് ചുരുക്കം. മാത്രമല്ല, സ്വര്‍ണം ഇപ്പോഴുള്ളത് ഏറ്റവും ഉയര്‍ന്ന വിലകളിലൊന്നിലാണ് എന്ന് കരുതുന്നവരും ഏറെയാണ്. ഇപ്പോള്‍ വിറ്റാല്‍ വലിയ ലാഭമുണ്ടാകുമെന്ന് കരുതുന്നവരുമുണ്ട്. എന്നാല്‍ ഭാവിയില്‍ സ്വര്‍ണവില കൂടില്ല എന്ന് കരുതാന്‍ വയ്യ. കാരണം കഴിഞ്ഞ കാലങ്ങളില്‍ സ്വര്‍ണവില ക്രമേണ ഉയര്‍ന്നുവന്നിട്ടുണ്ട് എന്ന് നിലവാര പട്ടിക പരിശോധിച്ചാല്‍ വ്യക്തം. സ്വര്‍ണവിലയിലെ ഏറ്റക്കുറച്ചിലുകള്‍ ഒരു ഭാഗത്ത് നടക്കുമെങ്കിലും ദീര്‍ഘ ഭാവിയില്‍ വില കൂടുമെന്ന് പ്രതീക്ഷിക്കാം.












Click it and Unblock the Notifications