85000 ത്തിലും നില്‍ക്കില്ല... 2025 ല്‍ സ്വര്‍ണത്തിന് ഒരു ലക്ഷം രൂപയെങ്കിലും കൊടുക്കേണ്ടി വരും!
ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും തുടരുകയാണെങ്കില്‍ സ്വര്‍ണവില മുകളിലേക്ക് കുതിക്കുമെന്ന് വിദഗ്ധര്‍. 2024 ലേതിന് സമാനമായോ അതിനേക്കാള്‍ കൂടുതലായോ 2025 ലും സ്വര്‍ണവില കുതിച്ചുയരും എന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ആഭ്യന്തര വിപണിയില്‍ 10 ഗ്രാം സ്വര്‍ണത്തിന്റെ വില 90000 വരെ ആകാനും സാധ്യതയുണ്ട്.
പണനയത്തിലെയും കേന്ദ്ര ബാങ്കുകളുടെ വാങ്ങലിലെയും ചാഞ്ചാട്ടങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. എന്നാല്‍ ഭൗമരാഷ്ട്രീയ പ്രതിസന്ധിക്ക് അയവ് വന്നാല്‍ രൂപയുടെ മൂല്യത്തകര്‍ച്ചയില്‍ മഞ്ഞലോഹം ദുര്‍ബലമാകാനും സാധ്യത കാണുന്നുണ്ട്. സ്പോട്ട് മാര്‍ക്കറ്റില്‍ സ്വര്‍ണവില നിലവില്‍ 10 ഗ്രാമിന് 79350 രൂപയിലും, മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചില്‍ (എംസിഎക്സ്) ഫ്യൂച്ചര്‍ ട്രേഡില്‍ 10 ഗ്രാമിന് 76,600 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

ആഭ്യന്തരവിപണിയില്‍ 23 ശതമാനം വളര്‍ച്ചയാണ് സ്വര്‍ണം ഈ വര്‍ഷം കൈവരിച്ചത്. ഈ വര്‍ഷം ഒക്ടോബര്‍ 30 ന് 10 ഗ്രാമിന് 82,400 രൂപ എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്കിലും സ്വര്‍ണം എത്തിയിരുന്നു. വെള്ളിയും മികച്ച പ്രകടനമാണ് 2024 ല്‍ കാഴ്ച വെച്ചത്. 30 ശതമാനം നേട്ടത്തോടെ, കിലോയ്ക്ക് ഒരു ലക്ഷം രൂപ എന്ന നിലവാരം മറികടക്കാന്‍ വെള്ളിക്ക് സാധിച്ചിരുന്നു.
ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍, കേന്ദ്ര ബാങ്ക് വാങ്ങലുകള്‍, പ്രധാന കേന്ദ്ര ബാങ്കുകളുടെ കുറഞ്ഞ പലിശനിരക്കിലേക്കുള്ള അനിശ്ചിതത്വം എന്നിവ കാരണം 2025 ലും സ്വര്‍ണവും വെള്ളിയും ശക്തമായ പ്രകടനം കാഴ്ചവെക്കുമെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു. 2024 നെ അപേക്ഷിച്ച് വളര്‍ച്ചയുടെ വേഗത മിതമായേക്കാമെങ്കിലും 2025-ല്‍ സ്വര്‍ണം പോസിറ്റീവായി തുടരുമെന്ന് എല്‍കെപി സെക്യൂരിറ്റീസ് വിപി റിസര്‍ച്ച് അനലിസ്റ്റ് - കമ്മോഡിറ്റി ആന്‍ഡ് കറന്‍സി, ജതീന്‍ ത്രിവേദി പറഞ്ഞു.
'ജിയോപൊളിറ്റിക്കല്‍ പിരിമുറുക്കങ്ങള്‍ നിലനില്‍ക്കുകയോ വര്‍ദ്ധിക്കുകയോ ചെയ്താല്‍ ആഭ്യന്തര സ്വര്‍ണ്ണ വില 85,000 രൂപയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു, ഏറ്റവും മികച്ച സാഹചര്യം സ്വര്‍ണം 90,000 രൂപയും വെള്ളി മിതമായ നിരക്കില്‍ 1.1 ലക്ഷം-1.25 ലക്ഷം രൂപയിലും എത്തുമെന്ന് പ്രതീക്ഷിക്കുന്നു,' അദ്ദേഹം പറഞ്ഞു. നിരക്ക് കുറയ്ക്കുന്നതിനുള്ള യുഎസ് ഫെഡറല്‍ റിസര്‍വിന്റെ സമീപനം വില വര്‍ധനവിന്റെ വേഗത കുറയ്ക്കും എന്നും ത്രിവേദി ചൂണ്ടിക്കാട്ടി.
'സ്വര്‍ണ്ണ, വെള്ളി വിപണികളെ പ്രക്ഷുബ്ധമായ ഭൗമരാഷ്ട്രീയ അന്തരീക്ഷം നേരിട്ട് ബാധിച്ചിട്ടുണ്ട്. ഈ ജിയോപൊളിറ്റിക്കല്‍ പ്രതിസന്ധികള്‍ സാധാരണഗതിയില്‍ വിലയില്‍ 2-3 ശതമാനം വര്‍ധനവിന് കാരണമായി. അനിശ്ചിതത്വത്തിനെതിരായ ഒരു കവചമായി നിക്ഷേപകര്‍ വിലയേറിയ ലോഹങ്ങളോട് അമിത താല്‍പര്യം കാണിക്കുന്നു എന്ന് ഇതില്‍ നിന്ന് വ്യക്തമാണ്,' അദ്ദേഹം പറഞ്ഞു.
ആഭ്യന്തര വിപണിയില്‍ ഈ വര്‍ഷം ജൂലൈയില്‍ സ്വര്‍ണ ഇറക്കുമതി തീരുവ 6 ശതമാനം കുറയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വിലയെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. ഉത്സവ സീസണുകളിലും വിവാഹ സീസണുകളിലും വിലയിടിവ് സ്വര്‍ണത്തിന്റെ ഭൗതിക ഡിമാന്‍ഡ് വര്‍ധിപ്പിച്ചു. 2024-ല്‍ സ്വര്‍ണാഭരണ ഉപഭോഗം 17 ശതമാനം വര്‍ധിച്ചു എന്നാണ് മേത്ത ഇക്വിറ്റീസ് ലിമിറ്റഡ് വൈസ് പ്രസിഡന്റ് രാഹുല്‍ കാലാന്ത്രി പറയുന്നത്.
സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ തങ്ങളുടെ കരുതല്‍ ശേഖരം വൈവിധ്യവത്കരിക്കാനുള്ള രാജ്യങ്ങളുടെ നീക്കം സ്വര്‍ണത്തിന്റെ ആഗോള ഡിമാന്‍ഡ് ഗണ്യമായി വര്‍ധിക്കുന്നതിന് കാരണമായി. ഇന്ത്യ ഉള്‍പ്പെടെയുള്ള പ്രധാന സെന്‍ട്രല്‍ ബാങ്കുകള്‍ സ്വര്‍ണം വാങ്ങുന്നത് തുടരുകയാണ്. ഒക്ടോബറില്‍ ഇന്ത്യ 27 ടണ്‍ സ്വര്‍ണം കൂട്ടിച്ചേര്‍ത്തു. 2024 ജനുവരി മുതല്‍ ഒക്ടോബര്‍ വരെ മൊത്തം 77 ടണ്ണാണ് ഇന്ത്യ ശേഖരിച്ചത്.












Click it and Unblock the Notifications