സ്വർണ വില 90,00ത്തിനും താഴേക്ക് പോകുമെന്ന് ചിന്തിക്കുന്നത് മണ്ടത്തരം; 5 മാസം കഴിഞ്ഞാൽ വൻ കുതിപ്പെന്ന്
ലണ്ടൻ: വർഷത്തിന്റെ തുടക്കത്തിലെ വൻ കുതിപ്പായിരുന്നു സ്വർണ വിലയിൽ ഉണ്ടായത്. ഒരു ഘട്ടത്തിൽ പവൻ വില 1.33 ലക്ഷത്തിലേക്ക് വരെ കുതിച്ചു. എന്നാൽ പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ സ്വർണ വില കുത്തനെ കുറയുകയാണ്.ഇതോടെ ഇനിയും വില കുറയുമെന്ന പ്രതീക്ഷയിലാണ് ആഭരണപ്രിയർ.
എന്നാൽ അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിലുണ്ടായ തിരുത്തൽ താൽക്കാലികം മാത്രമാണെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. നിലവിലെ വിലയിടിവ് സ്വർണത്തിന്റെ നല്ല കാലം അവസാനിച്ചതിന്റെ സൂചനയായി കാണരുതെന്ന് പ്രമുഖ ഇൻവെസ്റ്റ്‌മെന്റ് കമ്പനിയായ വിസ്ഡംട്രീയുടെ കമ്മോഡിറ്റീസ് ആൻഡ് മാക്രോ ഇക്കണോമികിൻ്റെ റിസർച്ച് മേധാവിയായ നിതേഷ് ഷാ പറഞ്ഞു. കിറ്റ്കോ ന്യൂസിനോടായിരുന്നു പ്രതികരണം.

യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്ക് ഇനിയും കൂട്ടുമെന്ന ഭയമാണ് വിപണിയിൽ സ്വർണവില കുറയാൻ കാരണമായത്. ജൂണിലെ യോഗത്തിൽ ബാങ്ക് നൽകിയ സൂചനകൾ കണ്ട് നിക്ഷേപകർ അമിതമായി ആശങ്കപ്പെടുകയാണെന്ന് നിതേഷ് ഷാ പറയുന്നു. പലിശനിരക്ക് കൂട്ടുന്ന കാര്യത്തിൽ വിപണി പ്രതീക്ഷിക്കുന്ന അത്ര വേഗത്തിലുള്ള നടപടികൾ കേന്ദ്ര ബാങ്കിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ സാധ്യതയില്ല. യുഎസിലെ തൊഴിൽ വിപണി ശക്തമാണെങ്കിലും പണപ്പെരുപ്പം ഉയർന്ന നിലയിൽ തന്നെ തുടരുകയാണ്.
ഫെഡറൽ റിസർവ് അവരുടെ സാമ്പത്തിക ബാധ്യതകൾ കുറയ്ക്കാൻ ശ്രമിച്ചാൽ പലിശനിരക്ക് വീണ്ടും കൂട്ടാനുള്ള സാധ്യത കുറയും. മാത്രമല്ല, അമേരിക്കയുടെ വർധിച്ചുവരുന്ന കടബാധ്യതകൾക്കിടയിൽ പലിശനിരക്ക് ദീർഘകാലത്തേക്ക് ഉയർന്ന നിലയിൽ നിലനിർത്തുക എന്നത് എളുപ്പമല്ല. പലിശനിരക്ക് അമിതമായി കൂട്ടിയാൽ രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകുകയോ ധനകാര്യ വ്യവസ്ഥ തകരുകയോ ചെയ്യും. അങ്ങനെയുണ്ടായാൽ കൂട്ടിയ നിരക്കുകൾ പെട്ടെന്ന് തന്നെ അവർക്ക് കുറയ്ക്കേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
വർഷത്തിന്റെ തുടക്കത്തിൽ അനാവശ്യമായ ഊഹാപോഹങ്ങൾ കാരണം സ്വർണവില അർഹിക്കുന്നതിലും അപ്പുറം ഉയർന്നിരുന്നു. ഇപ്പോഴുണ്ടായ വിലയിടിവ് വിപണിയെ സാധാരണ നിലയിലേക്ക് എത്തിക്കാൻ സഹായിക്കുന്ന ഒന്നാണ്. ബോണ്ട് വരുമാനം, യുഎസ് ഡോളറിന്റെ മൂല്യം, പണപ്പെരുപ്പം എന്നിവ അടിസ്ഥാനമാക്കിയുള്ള കണക്കുകൾ പരിശോധിച്ചാൽ ജനുവരി മാസത്തിൽ സ്വർണവില യഥാർത്ഥ മൂല്യത്തേക്കാൾ വളരെ മുകളിലായിരുന്നു. എന്നാൽ ഇപ്പോഴത്തെ തിരുത്തലോടെ വില കൃത്യമായ നിലവാരത്തിൽ എത്തിയിട്ടുണ്ട്.
പണപ്പെരുപ്പം ഉയർന്ന നിലയിൽ തുടരുകയും ബോണ്ട് വരുമാനം കുറയുകയും അതോടൊപ്പം ഡോളറിന്റെ മൂല്യം ഇടിയുകയും ചെയ്താൽ സ്വർണവില ഇനിയും ഉയരാനുള്ള എല്ലാ സാധ്യതകളും വിപണിയിലുണ്ട്. സ്വർണവിലയെ സ്വാധീനിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം യുഎസ് ഡോളറിന്റെ ദീർഘകാലാടിസ്ഥാനത്തിലുള്ള മാറ്റങ്ങളാണ്. പലിശനിരക്ക് കൂടുമെന്ന പ്രതീക്ഷയിൽ ഡോളർ ഇപ്പോൾ താൽക്കാലികമായി കരുത്ത് കാട്ടുന്നുണ്ടെങ്കിലും അമേരിക്കയുടെ സാമ്പത്തിക കമ്മി വരും ദിവസങ്ങളിൽ ഡോളറിന്മേൽ സമ്മർദ്ദം ചെലുത്തും. രാഷ്ട്രീയ അസ്ഥിരതകൾ കുറയുന്നതും ആഗോളതലത്തിൽ ഊർജ്ജ വിതരണം മെച്ചപ്പെടുന്നതും പണപ്പെരുപ്പം കുറയ്ക്കാൻ സഹായിച്ചേക്കാം. ഇത് കേന്ദ്ര ബാങ്കുകൾക്ക് മേലുള്ള സമ്മർദ്ദം കുറയ്ക്കും, അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ സാഹചര്യങ്ങൾ മുൻനിർത്തി ദീർഘകാലാടിസ്ഥാനത്തിൽ സ്വർണത്തിന് വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് വിസ്ഡംട്രീ പ്രവചിക്കുന്നത്. 2027 ആദ്യ പാദത്തോടെ സ്വർണവിലയിൽ 25 ശതമാനത്തിന്റെ വർധനവുണ്ടാകുമെന്നാണ് ഇവരുടെ വിലയിരുത്തൽ. രാജ്യാന്തര വിപണിയിൽ വില ഔൺസിന് 5,000 ഡോളറിന് മുകളിലേക്ക് എളുപ്പത്തിൽ എത്തിയേക്കാം.
സ്വർണത്തിന് ശക്തമായ ഡിമാൻ്റെ ഇപ്പോഴും ഉണ്ട്. ലോകത്തെ കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങുന്നത് തുടരുകയാണ്. വില കുറഞ്ഞ സാഹചര്യത്തിൽ കേന്ദ്ര ബാങ്കുകൾ കൂടുതൽ സ്വർണം വാങ്ങാൻ സാധ്യതയുണ്ടെന്നാണ് വേൾഡ് ഗോൾഡ് കൗൺസിലിന്റെ സർവേയും വ്യക്തമാക്കുന്നത്. സ്വർണത്തെ ഒരു പ്രധാന നിക്ഷേപമായി കാണുന്നവർ വില കുറഞ്ഞ സമയം നോക്കി വാങ്ങൽ കൂട്ടുന്നുണ്ട്. സ്വർണ നിക്ഷേപ പദ്ധതികളിലേക്ക് കൂടുതൽ പണം ഒഴുകിയെത്തുന്നത് ഇതിന്റെ തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications