യുഎഇയില്‍ സ്വർണ്ണത്തിന് വിലക്കുറവ്: ഇന്ത്യക്കും എന്തുകൊണ്ട് അങ്ങനെ ആയിക്കൂടാ; പരീക്ഷിച്ചു, പക്ഷെ തിരിച്ചടി
മറ്റ് പല രാജ്യങ്ങളേക്കാളും സ്വർണ വില വളരെ അധികം ഉയർന്ന് നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. മലയാളികള്‍ക്കാണ് ഈ വ്യത്യാസം ഏറ്റവും കൃത്യമായി മനസ്സിലാക്കുക. കേരളം കഴിഞ്ഞാല്‍ പിന്നെ മലയാളികള്‍ ഏറ്റവും കൂടുതല്‍ സ്വർണം വാങ്ങുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്, പ്രത്യേകിച്ച് യു എ ഇയില്‍ നിന്നും. രണ്ടിടത്തേയും വിലകള്‍ താരതമ്യം ചെയ്യുമ്പോള്‍ സ്വർണ വിലയില്‍ മോശമല്ലാത്ത വ്യത്യാസം കാണാനാകും. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെയാണ് രാജ്യത്തേക്കുള്ള സ്വർണ്ണക്കള്ളക്കടത്ത് വർധിക്കുന്നതും.
കേരളത്തില്‍ ബുധനാഴ്ച ഒരു പവന്‍ സ്വർണത്തിന്റെ വില 60080 രൂപയാണ്. കഴിഞ്ഞയാഴ്ചയാണ് സംസ്ഥാനത്ത് പവന്‍ വില ആദ്യമായി 60000 കടന്നത്. ജനുവരി 24 ന് രേഖപ്പെടുത്തിയ 60440 രൂപയാണ് കേരളത്തില്‍ ഇന്നുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്ക്. 25 നും ഈ നിരക്ക് തുടർന്നു. പിന്നാലെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായിട്ടുണ്ടായ ഇടിവിനെ തുടർന്നാണ് 60080 രൂപ എന്നതിലേക്ക് വില എത്തിയത്.

യു എ ഇയിലെ വിപണിയിലേക്ക് എത്തുകയാണെങ്കില്‍ ഒരു ഗ്രാം 22 കാരറ്റ് സ്വർണം വാങ്ങണമെങ്കില്‍ 308.25 ദിർഹം നല്‍കണം. ഇന്ത്യന്‍ രൂപയിലേക്ക് വരുമ്പോള്‍ 7262 രൂപ. ഈ നിരക്കില്‍ ഒരു പവനിലേക്ക് വരുമ്പോള്‍ വില 58096 രൂപ. അതായത് കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു പവന് ഏകദേശം 1984 രൂപയുടെ കുറവാണ് യു എ ഇ വിപണിയിലുള്ളത്.
രണ്ട് രാജ്യങ്ങളിലേയും നികുതി ഘടനയാണ് ഈ വില വ്യത്യാസത്തിന്റെ പ്രധാന കാരണം. 'മിഡിൽ ഈസ്റ്റ്, പ്രത്യേകിച്ച് യുഎഇ പോലുള്ള രാജ്യങ്ങൾ സ്വർണ്ണത്തിന് ഇറക്കുമതി തീരുവ വളരെ കുറവാണ് അല്ലെങ്കിൽ ഒട്ടും തന്നെ ചുമത്തുന്നില്ല' എന്നാണ് റിദ്ദിസിദ്ധി ബുള്ളിയൻസ് ലിമിറ്റഡിന്റെ (ആർ എസ് ബി എല്‍) മാനേജിംഗ് ഡയറക്ടർ പൃഥ്വിരാജ് കോത്താരി വ്യക്തമാക്കുന്നത്.
ഉദാഹരണത്തിന്, യു എ ഇയിൽ സ്വർണ്ണത്തിന് 5% മൂല്യവർധിത നികുതി (വാറ്റ്) ഉണ്ടെങ്കില്‍ ഇത് വിനോദസഞ്ചാരികൾക്ക് റീഫണ്ടബിള്‍ ആണ്. അതായത് ഇതിലൂടെ അന്താരാഷ്ട്ര കസ്റ്റമേഴ്സിന് സ്വർണ്ണം നികുതി ഇല്ലാതെ വാങ്ങാന്‍ സാധിക്കുന്നു. ആഗോള സ്വർണ്ണ വ്യാപാര കേന്ദ്രമെന്ന നിലയിൽ ഈ ഇളവുകള്‍ യു എ ഇക്ക് നേട്ടമുണ്ടാക്കുന്നു. കുറഞ്ഞ നിയന്ത്രണങ്ങളും അന്താരാഷ്ട്ര വിപണികളിലേക്കുള്ള മികച്ച പ്രവേശനവും മൊത്തത്തിലുള്ള ചെലവ് കുറയ്ക്കുന്നു.
ഇന്ത്യയിൽ, ഇറക്കുമതി തീരുവയ്ക്ക് പുറമേ സ്വർണ്ണം വാങ്ങുന്നതിന് 3% ജിഎസ്ടിയും ചുമത്തുന്നു. എന്നാല്‍ ഗള്‍ഫില്‍ ഇത്തരം നികുതികള്‍ ഇല്ല. ഇത് വലികുറവിന് പ്രധാന കാരണമാകുന്നു. പണിക്കൂലിയിലെ വ്യത്യാസവും ഇവിടെ പരിഗണിക്കപ്പെടുന്നു വിഷയമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഇറക്കുമതി തീരുവ കുറയ്ക്കുകയാണെങ്കില്‍ രാജ്യത്തെ സ്വർണ്ണ വില കുറയും എന്നതില്‍ സംശയമില്ല. 15 ശതമാനമായിരുന്ന സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ കഴിഞ്ഞ ബജറ്റില്‍ 6 ശതമാനമായി കുറച്ചു. ഇതോടെ സ്വർണ്ണ വിലയില്‍ ഇടിവുമുണ്ടായി. എന്നാല്‍ വലിയ തോതില്‍ സ്വർണ്ണം ഇറക്കുമതി ചെയ്യുന്ന ഒരു രാജ്യം എന്ന നിലയില്‍ ഇന്ത്യക്ക് തീരുവയിലെ ഈ ഇളവ് പോലും തിരിച്ചടിയാകുകയാണ് ചെയ്തത്.
ഇറക്കുമതി തീരുവ കുറച്ചതോടെ സ്വർണ്ണത്തിന്റെ ഇറക്കുമതി വലിയ തോതില്‍ കൂടുകയും രാജ്യത്തിന്റെ വ്യാപാര കമ്മി ഉയരുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഫെബ്രുവരി 1 ന് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ സ്വർണത്തിന്റെ ഇറക്കുമതി തീരുവ നിലവിലെ 6 ശതമാനത്തില്‍ നിന്നും വർധിപ്പിക്കാനുള്ള സാധ്യതയുമുണ്ട്.












Click it and Unblock the Notifications