സ്വർണ വിലയില്‍ ആ ഒരാഴ്ച വീണ്ടും ആവർത്തിക്കുമോ? അത് സംഭവിച്ചാല്‍ വില കൂടില്ല; സാധ്യതകള്‍ ഇങ്ങനെ
കൊച്ചി: റെക്കോർഡ് നിരക്കില്‍ നിന്നും കഴിഞ്ഞ ഒരാഴ്ചയായി സ്വർണ വില താഴേക്ക് വരികയായിരുന്നു. എന്നാല്‍ ഇന്നത്തെ വർധനവോടെ സംസ്ഥാനത്തെ സ്വർണ വില വീണ്ടും 72000 ത്തിന് അടുത്ത് എത്തിയിരിക്കുകയാണ്. ചൊവ്വാഴ്ച ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാം വില 8980 രൂപയും പവന് 71840 രൂപയുമായി. ഏപ്രിൽ 22നായിരുന്നു സ്വർണത്തിന് കേരള ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. 74320 രൂപയായിരുന്നു അന്നത്തെ നിരക്ക്.
ഡോളർ ശക്തമായി തുടരുകയും അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര ബന്ധങ്ങൾ മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷയുമാണ് സ്വർണ വിലയിലെ ഇടിവിന് കാരണമായത്. ട്രംപ് ഉയർത്തിവിട്ട താരിഫ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക പ്രതിസന്ധിയെന്ന ആശങ്ക ശക്തമായതോടെ നിക്ഷേപകർ കൂട്ടത്തോടെ സ്വർണത്തിലേക്ക് തിരിഞ്ഞിരുന്നു. ഇത് സ്വർണത്തിന്റെ ഡിമാന്‍ഡും അതുവഴി വിലയും വലിയ തോതില്‍ ഉയർത്തി. സെന്‍ട്രല്‍ ബാങ്കുകള്‍ വലിയ അളവില്‍ സ്വർണം വാങ്ങിയതും ഇതോടൊപ്പം കൂട്ടിച്ചേർക്കേണ്ട പ്രധാന കാരണങ്ങളിലൊന്നാണ്.

ഒരു ഘട്ടത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സിന്റെ വില 35000 ഡോളർ വരെ എത്തിയിരുന്നു. എന്നാല്‍ വ്യപാര പ്രതിസന്ധി ഭീഷണി അയഞ്ഞതും നിക്ഷേപകർ ലാഭമെടുപ്പ് തുടങ്ങിയതോടെയും സ്വർണ വില താഴേക്ക് ഇറങ്ങി വന്നു. തിങ്കാളാഴ്ച അന്താരാഷ്ട്ര വിപണിയിലെ നിരക്ക് 3290 ഡോളറായിരുന്നു. ഇന്ന് അത് 3313 ഡോളറായി. അന്താരാഷ്ട്ര വിപണിയിലെ ഈ ചലനമാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചത്.
യു എസ് ഡോളർ സൂചിക 0.3% ഉയർന്നതും നിലവിലെ വിലയിടിവിന് കാരണമായിട്ടുണ്ട്. ഡോളർ ശക്തമാകുന്നത് മറ്റ് കറൻസികൾ ഉപയോഗിക്കുന്ന ഇടപാടുകാർക്ക് സ്വർണ്ണത്തെ കൂടുതൽ ചെലവേറിയതാക്കുന്നു. ഇത് വാങ്ങാനുള്ള താൽപ്പര്യവും അതുവഴി ഡിമാന്‍ഡും കുറയ്ക്കുന്നു. ചൈനയോടുള്ള ആക്രമണാത്മക സമീപനം യുഎസ് മയപ്പെടുത്തുമെന്ന് പ്രസിഡന്റ് ട്രംപ് സൂചിപ്പിക്കുകയും താരിഫ് ചർച്ചകൾ നടക്കുന്നുണ്ടെന്ന് പറയുകയും ചെയ്തിരുന്നു.
അന്താരാഷ്ട്ര രംഗത്തെ പ്രതിസന്ധിയില്‍ കൂടുതല്‍ അയവ് വരുകയാണെങ്കില്‍ വില വീണ്ടും കുറയുകയോ നിലവിലെ ഇടിവില്‍ പിടിച്ച് നിർത്തുകയോ ചെയ്യും. അതേസമയം, വിപണിയിലെ പിരിമുറുക്കങ്ങൾക്ക് അൽപ്പം അയവ് വന്നിട്ടുണ്ടെങ്കിലും, സ്വർണ്ണ വില വളരെ ഉയർന്ന നിലയിൽ നിലനിർത്താൻ ആവശ്യമായ അനിശ്ചിതത്വം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു.
അതേസമയം, ഇന്ത്യയിലേക്ക് നോക്കുകയാണെങ്കില്‍ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ ബി ഐ) സ്വർണം വാങ്ങുന്നത് തുടരുകയാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ആർ ബി ഐ 57.5 ടൺ സ്വർണമാണ് വാങ്ങിയത്. 2017 ഡിസംബറിൽ സ്വർണം വാങ്ങാൻ തുടങ്ങിയതിനുശേഷം ഒരു വർഷത്തിനിടയിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന വാങ്ങലാണിത്.
2025 മാർച്ച് അവസാനത്തോടെ, ആർ ബി ഐയുടെ മൊത്തം സ്വർണ്ണ നിക്ഷേപം 879.6 ടണ്ണായി. മുൻ വർഷം ഇത് 822.1 ടണ്ണായിരുന്നു. 2023-24 കാലയളവിൽ മാത്രം, ആർ ബി ഐ തങ്ങളുടെ കരുതല്‍ ശേഖരത്തിലേക്ക് 27.47 ടൺ സ്വർണ്ണം കൂട്ടിച്ചേർത്തു. ആഗോള അനിശ്ചിതത്വങ്ങൾക്കിടയിൽ യുഎസ് ഡോളറിന്റെ ദീർഘകാല ദുർബലതയാണ് ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകളുടെ ഈ വാങ്ങലിന് ഒരു കാരണം.
കേരള വിപണി
അതേസമയം കേരള വിപണിയിലേക്ക് നോക്കുകയാണെങ്കില്‍ പവന് 71840 രൂപയാണെങ്കിലും ആഭരണമായി വാങ്ങുമ്പോള്‍ പത്ത് ശതമാനം പണിക്കൂലിയില്‍ 81400 രൂപയിലധികം നല്‍കേണ്ടി വരും. പണിക്കൂലി, ഹാൾമാർക്ക് ചാർജ്, ജി എസ് ടി എന്നിവ ചേർത്താണ് ആഭരണങ്ങളുടെ വില ഈടാക്കുന്നത്. ആഭരണത്തിന്റെ ഡിസൈന്‍ അനുസരിച്ച് 5, 10 ശതമാനം പണിക്കൂലിയിൽ സാധാരണ സ്വർണാഭരണം ലഭിക്കും.












Click it and Unblock the Notifications