ചൈന്നൈയിലും ബെംഗളൂരിലും സ്വർണ വില ഇന്ന് കൂപ്പുകുത്തി: കേരളത്തിൽ 90,000 ആകുമോ?
തുടർച്ചയായ രണ്ട് ദിവസത്തെ വർധനവിന് ശേഷം രാജ്യത്ത് സ്വർണ വില കുത്തനെ ഇടിഞ്ഞു. 100 ഗ്രാം 24 കാരറ്റ് സ്വർണത്തിന് ഇന്ന് 16,900 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയിലെ വിലയിടിവാണ് ഇന്ന് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ട്രോയ് ഔണ്‍സിന് ഇന്ന് 4100 ഡോളറിലാണ് വ്യാപാരം നടന്നത്.
കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ സമാനതകളില്ലാത്ത ചാഞ്ചാട്ടമാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്. 100 ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഒറ്റയടിക്ക് 22,200 രൂപയുടെ ഇടിവാണ് ഉണ്ടായത്. രാജ്യാന്തര വിപണിയിൽ വില ഇടിഞ്ഞതോടെ ഇന്ന് രാജ്യത്തെ പ്രധാന നഗരങ്ങളിലും സ്വർണ വില കുത്തനെ കുറഞ്ഞു.

ബെംഗളൂരിൽ ഇന്ന് 24 കാരറ്റ് സ്വർണത്തിന് 10 ഗ്രാമിന് 490 രൂപയാണ് കുറഞ്ഞത്.. ഇതോടെ ഇന്ന് 10 ഗ്രാമിന് 1,44,330 രൂപയാണ് വില. അതേസമയം 22 കാരറ്റിന് 450 രൂപ ഇടിഞ്ഞ് 1,32,300 രൂപയായി. 18 കാപറ്റ് സ്വർണത്തിന് 370 രൂപ കുറഞ്ഞ് 108,250 രൂരയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
ചെന്നൈയിലും ഇന്ന് വലിയ ഇടിവ് രേഖപ്പെടുത്തി. 24 കാരറ്റ് 10 ഗ്രാമിന് 550 രൂപയാണ് കുറഞ്ഞത്. നിലവിൽ 1,45,090 രൂപയാണ് വില. 22 കാരറ്റ് 500 രൂപ കുറഞ്ഞ് 1,33,000 രൂപയായി. 18 കാരറ്റിന് 1,11,200 രൂപയാണ് വില. 500 രൂപയുടെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്.
ഹൈദരാബാദിലാകട്ടെ 24 കാരറ്റിന് 1,44,330, 22 കാരറ്റിന് 1,32,300. 18 കാരറ്റിന് 1,08,250 എന്നിങ്ങനെയാണ് വില. അതേസമയം കേരളത്തിലും ഇന്ന് സ്വർണ വില ഇടിഞ്ഞു. ഗ്രാമിന് 35 രൂപ കുറഞ്ഞ് 13,230 രൂപയായി. പവൻ വില 360 രൂപ ഇടിഞ്ഞ് 1,05,840 രൂപയിലെത്തി. കഴിഞ്ഞാഴ്ച ഒരു പവൻ സ്വർണത്തിന് 1.07 ലക്ഷമായിരുന്നു വില. ഇതാണ് ഇപ്പോൾ 1900 രൂപയോളം കുറഞ്ഞത്.
ഈ വർഷത്തിൻ്റെ തുടക്കത്തിൽ 5600 ഡോളർ എന്ന റെക്കോഡ് സ്വർണം തൊട്ടിരുന്നു. എന്നാൽ പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ സ്വർണത്തിന് കനത്ത തിരിച്ചടി നേരിട്ടു. സാധാരണ നിലയിൽ യുദ്ധ സാഹചര്യത്തിൽ സ്വർണം കുതിക്കാറുണ്ടെങ്കിലും ഇത്തവണ സ്വർണം വീഴുകയായിരുന്നു. എണ്ണ വില ഉയർന്നതും ഡോളർ മൂല്യം കൂടിയതുമാണ് സ്വർണത്തിൻ്റെ പെരുമ കെടുത്തിയത്. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ ഏകദേശം 25 ശതമാനത്തോളം ഇടിഞ്ഞ വില ഇപ്പോൾ നേരിയ തോതിൽ ഉയരുന്നുണ്ട്.
യുഎസ് തൊഴിൽ വിപണിയിലെ കണക്കുകളാണ് സ്വർണത്തിന് പിടിവള്ളിയായത്. തൊഴിൽ കണക്കുകളിൽ വലിയ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ യുഎസ് ഫെഡ് പലിശ നിരക്ക് കൂട്ടാനുള്ള സാധ്യത മങ്ങി. ഇതാണ് നിക്ഷേപകർ വീണ്ടും സ്വർണത്തിലേക്ക് തിരിയാൻ കാരണമായത്. ഇനി നിക്ഷേപകർ പ്രധാനമായും ഉറ്റുനോക്കുന്നത് യുഎസ് ഉപഭോക്തൃ സൂചികയാണ്. ഇതിൽ പണപ്പെരപ്പ കണക്കുകൾ കൂടിയെന്ന സൂചന വന്നാൽ യുഎസ് ഫെഡ് പലിശ നിരക്ക് കൂട്ടാൻ നിർബന്ധിതരാകും. ഇതോടെ ഡോളർ മൂല്യം ഉയരും ,നിക്ഷേപകർ സ്വർണത്തെ ഉപേക്ഷിച്ച് ഡോളറിലേക്ക് തിരിയും. ഡിമാൻ്റ് ഇടിയുമ്പോൾ സ്വാഭാവികമായും സ്വർണ വില കുറയാൻ കാരണമാകും.
ഇത്തരമൊരു സാഹചര്യത്തിൽ സ്വർണ വില 4000 ഡോളറിന് താഴേക്ക് ഇടിയാനുള്ള സാധ്യതയുണ്ടെന്നാണ് വിപണി നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. വില 3400 ഡോളർ വരെ കുറഞ്ഞാലും അത്ഭുതപ്പെടാനില്ലെന്നും വിദഗ്ധർ പറയുന്നുണ്ട്. അതേസമയം വില ഈ നിലയിലേക്ക് കൂപ്പുകുത്തിയാൽ കേരളത്തിൽ പവൻ വില 90,000 വരെയായേക്കും.












Click it and Unblock the Notifications