സ്വര്‍ണവില വീണ്ടും കൂടി, ചരിത്രത്തിലാദ്യമായി 66000 തൊട്ട് പവന്‍വില; ചെന്നൈയില്‍ പുതിയ റെക്കോഡ്
ചെന്നൈ: ചെന്നൈയില്‍ ഇന്ന് മാത്രം സ്വര്‍ണത്തിന് വില കൂടിയത് രണ്ട് തവണ. ഇതോടെ പവന്‍വില 65000 വും 66000 വും ഒറ്റ ദിവസം പിന്നിട്ടു എന്ന അപൂര്‍വതയ്ക്കും ചെന്നൈ സാക്ഷിയായി. രണ്ട് തവണയായി 1500 രൂപയ്ക്ക് അടുത്താണ് സ്വര്‍ണത്തിന് കൂടിയത്. ഇന്നലെ 64960 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്ന് രാവിലെ 880 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില 65840 ല്‍ എത്തി.
ഗ്രാമിന് 110 രൂപ വര്‍ധിച്ചതോടെ 8230 എന്ന എക്കാലത്തേയും ഉയര്‍ന്ന നിരക്കിലേക്ക് ഗ്രാം വില എത്തി. ഇതാദ്യാമായാണ് സ്വര്‍ണവില പവന് 65000 എന്ന നിരക്കിലേക്ക് എത്തിയത്. കേരളത്തിലും സമാനമായ നിരക്കിലായിരുന്നു സ്വര്‍ണം. എന്നാല്‍ ഉച്ചയ്ക്ക് ശേഷം ചെന്നൈയില്‍ സ്വര്‍ണവില വീണ്ടും വര്‍ധിക്കുകയായിരുന്നു. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ഉച്ചയ്ക്ക് ശേഷം വര്‍ധിച്ചത്.

ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 8300 എന്ന നിരക്കിലേക്കും പവന് 66400 എന്ന നിരക്കിലേക്കും സ്വര്‍ണം കുതിച്ചു. ഒറ്റ ദിവസം കൊണ്ട് പവന് 1440 രൂപയും ഗ്രാമിന് 180 രൂപയും ആണ് സ്വര്‍ണത്തിന് വര്‍ധിച്ചിരിക്കുന്നത്. ഈ വര്‍ഷം തുടങ്ങുമ്പോള്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 7150 രൂപയായിരുന്നു വില. അതിനുശേഷം ഇടയ്ക്കിടെയുള്ള ഏറ്റക്കുറച്ചിലുകള്‍ മാറ്റി നിര്‍ത്തിയാല്‍ ക്രമാനുഗതമായ വര്‍ധനവാണ് സ്വര്‍ണ വിലയില്‍ ഉണ്ടായിരിക്കുന്നത്.
അതേസമയം നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണ വില താഴേക്ക് പോകും എന്ന് പ്രതീക്ഷിക്കേണ്ടതില്ല. മാത്രമല്ല വരും ദിവസങ്ങളില്‍ കുത്തനെയുള്ള വര്‍ധനവായിരിക്കും സ്വര്‍ണ വിലയില്‍ ഉണ്ടാകുക എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. രാജ്യാന്തര സ്വര്‍ണവില ഇതാദ്യമായി ഔണ്‍സിന് 3000 ഡോളര്‍ എന്ന നിരക്കിലേക്ക് എത്തിയിരുന്നു. രാജ്യാന്തര വിപണിയിലെ വിലയിലെ മാറ്റം ആഭ്യന്തര വിപണിയിലും പ്രതിഫലിക്കും.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് നയമാണ് നിലവില്‍ സ്വര്‍ണവിലയെ മുന്നോട്ട് നയിക്കുന്നത്. വൈറ്റ് ഹൗസിലേക്ക് ട്രംപ് തിരിച്ചെത്തിയതിന് പിന്നാലെ വിദേശ നയത്തില്‍ വലിയ മാറ്റം പ്രഖ്യാപിച്ചിരുന്നു. പല രാജ്യങ്ങളില്‍ നിന്നുമുള്ള ഉല്‍പന്നങ്ങള്‍ക്കുമേല്‍ കനത്ത ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തും എന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ യൂറോപ്യന്‍ യൂണിയന്‍ അമേരിക്കയ്ക്ക് മേല്‍ താരിഫ് ചുമത്തും എന്നും വെല്ലുവിളിച്ചു.
ഇതോടെ ഉരുത്തിരിഞ്ഞ വ്യാപാരയുദ്ധം ലോകം സാമ്പത്തിക അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണ് എന്ന പ്രതീതി സൃഷ്ടിച്ചു. നിക്ഷേപകരെല്ലാം സുരക്ഷിതമായ നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് തിരിയാന്‍ ഇത് കാരണമായി. ഇതാണ് സ്വര്‍ണ വില വര്‍ധിക്കാന്‍ കാരണമായത്. യുഎസില്‍ റീട്ടെയ്ല്‍ പണപ്പെരുപ്പം പ്രതീക്ഷിച്ചതിനേക്കാള്‍ കുറയുന്നതും സ്വര്‍ണത്തിന്റെ ആകര്‍ഷണം കൂട്ടുന്നുണ്ട്.












Click it and Unblock the Notifications