ദുബായില്‍ നിന്നുള്ള സ്വര്‍ണം എത്തിത്തുടങ്ങി.. ഇന്ത്യയില്‍ ഇനിയും വില കുറയും?
മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തിനിടയിലും ചില വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചത് ദുബായിലെ സ്വര്‍ണ വിപണിക്ക് ആശ്വാസമാകുന്നു. ദുബായില്‍ നിന്നുള്ള ചില വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചത് ഈ പ്രധാന ആഗോള വ്യാപാര കേന്ദ്രത്തില്‍ നിന്നുള്ള സ്വര്‍ണ പ്രവാഹം ഈ ആഴ്ച ഭാഗികമായി പുനരാരംഭിക്കാന്‍ കാരണമായതായി വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫെബ്രുവരി 28 ന് ഇറാനെതിരെ യുഎസ്-ഇസ്രായേല്‍ യുദ്ധം ആരംഭിച്ചതിന് ശേഷം, സ്വിറ്റ്‌സര്‍ലന്‍ഡ്, ഹോങ്കോംഗ്, ഇന്ത്യ എന്നിവിടങ്ങളിലേക്ക് പ്രധാന സ്വര്‍ണം വിതരണം ചെയ്യുന്ന കേന്ദ്രമായ ദുബായിലേക്കും തിരിച്ചുമുള്ള ഭൗതിക സ്വര്‍ണ വിതരണത്തെ ബാധിച്ചു. പശ്ചിമേഷ്യയിലുടനീളം വ്യാപകമായ യാത്രാ വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് കാരണമായിരുന്നു ഇത്.

വ്യോമഗതാഗതം ഇപ്പോഴും നിയന്ത്രണാതീതമായി തുടരുന്നു. പക്ഷേ ചില ഡെലിവറികള്‍ പുനരാരംഭിച്ചിട്ടുണ്ടെന്ന് വൃത്തങ്ങള്‍ പറഞ്ഞു. ഉയര്‍ന്ന മൂല്യ-ഭാര അനുപാതം കാരണവും സുരക്ഷ, ഇന്‍ഷുറന്‍സ് പ്രശ്‌നങ്ങള്‍ കാരണവും സ്വര്‍ണം വിമാനത്തിലാണ് കൊണ്ടുവരുന്നത്. ഫ്‌ലൈറ്റ് റാഡാര്‍24 ലെ ട്രാക്കിംഗ് ഡാറ്റ പ്രകാരം വ്യാഴാഴ്ച വരെയുള്ള കണക്ക് അനുസരിച്ച് ദുബായ് വിമാനങ്ങള്‍ സാധാരണ ട്രാഫിക്കിന്റെ 37% ആയിരുന്നു.
കുറഞ്ഞ വിമാന ഗതാഗതം ബുള്ളിയന്‍ ഡെലിവറികള്‍ക്കുള്ള ഇന്‍ഷുറന്‍സ്, ഗ്രൗണ്ട് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചെലവുകള്‍ വര്‍ധിപ്പിക്കുന്നുണ്ടെന്ന് മറ്റൊരു വൃത്തങ്ങള്‍ പറഞ്ഞു. ഒരു പ്രധാന സ്വര്‍ണ ഉപഭോക്താവായ ഇന്ത്യയ്ക്ക് ഉണ്ടാകുന്ന തടസ്സങ്ങള്‍ ലഘൂകരിക്കുന്നതിനായി, ലണ്ടന്‍ വിലയേക്കാള്‍ കുറഞ്ഞ വിലയിലാണ് സ്വര്‍ണ വ്യാപാരം നടക്കുന്നത്, അടുത്ത രണ്ടാഴ്ചത്തേക്ക് ഇന്ത്യയുടെ ആവശ്യം നിയന്ത്രണവിധേയമായിരിക്കുമെന്ന് വ്യാപാരികള്‍ പ്രതീക്ഷിക്കുന്നു.
'ദുബായില്‍ നിന്ന് പരിമിതമായ വിമാനങ്ങള്‍ മാത്രമേ ഇതുവരെ പുനരാരംഭിച്ചിട്ടുള്ളൂ. എങ്കിലും ഇത് കുറച്ച് സ്വര്‍ണം കൊണ്ടുവരാന്‍ സഹായിക്കുന്നു, പക്ഷേ ഇന്ത്യയില്‍ ഡിമാന്‍ഡ് ഇപ്പോഴും ദുര്‍ബലമാണ്,' മുംബൈ ആസ്ഥാനമായുള്ള ഒരു സ്വകാര്യ ബാങ്കിലെ ഡീലര്‍ പറഞ്ഞു. അതേസമയം ഇന്ത്യയില്‍ കഴിഞ്ഞ രണ്ടാഴ്ചയായി സ്വര്‍ണ വില താഴേക്ക് വീണുകൊണ്ടിരിക്കുകയാണ്.
പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം അയവില്ലാതെ തുടരുന്നത് ആഗോള വിപണികളെ ഉലച്ച സാഹചര്യത്തിലാണ് സ്വര്‍ണത്തിന്റെ വിലയിടിവ് തുടരുന്നത്. ഇന്നലെ മാത്രം രണ്ട് തവണയായി സ്വര്‍ണത്തിന് 1120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ത്യയില്‍ കുറഞ്ഞത്. തുടര്‍ച്ചയായ രണ്ടാംദിനമാണ് വിലയിടിയുന്നത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് നിലവില്‍ സ്വര്‍ണം വ്യാപാരം നടത്തുന്നത്.
രണ്ടാഴ്ച കൊണ്ട് 10000 രൂപയോളമാണ് സ്വര്‍ണ വിലയില്‍ കുറവ് സംഭവിച്ചിരിക്കുന്നത്. ആഗോള വിപണിയില്‍ ഔണ്‍സിന് 5100 ഡോളറിന് താഴെയാണ് വ്യാപാരം നടക്കുന്നത്. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ തുടക്കത്തില്‍ കുത്തനെ ഉയര്‍ന്ന വില പിന്നീട് എണ്ണ വില കുതിക്കാന്‍ തുടങ്ങിയതോടെ അടിപതറി താഴേക്ക് വീഴുകയായിരുന്നു.












Click it and Unblock the Notifications